ആഹാരത്തിലെ ഹാനികരമായ ഘടകങ്ങൾ ലേബലിലൂടെ അറിയാം

ഉൽപ്പന്നങ്ങള്‍ എവിടെ നിന്നു വാങ്ങുമ്പോഴും ഫുഡ് ലേബല്‍ വായിക്കണം എന്ന് നമുക്കറിയാം. എന്നാൽ ഇത് എത്ര പേർ കൃത്യമായി ചെയ്യുന്നുണ്ട്? ഫുഡ് ലേബലുകളിൽ പലപ്പോഴും ആർക്കും മനസിലാകാത്ത വിധത്തിലാവും കാര്യങ്ങൾ രേഖപ്പെടുത്തിയിരിക്കുക. ഇതാ ഇത്തരം പ്രശ്നങ്ങളൊഴിവാക്കാനായി ആഹാരസാധനങ്ങളിലെ ലേബലുകളിൽ അടുത്ത മൂന്നുവര്‍ഷത്തിനിടെ കാതലായ മാറ്റംകൊണ്ടുവരാനൊരുങ്ങുകയാണ് യുഎസ് അധികൃതർ.

ശരീരത്തിനനനുയോജ്യമായ ഭക്ഷരീതി തേടുന്നവർക്ക് ഉപകാരപ്പെടുന്നതാവും യുഎസിൽ വരാനിരിക്കുന്ന ഉത്പന്നങ്ങളുടെ പുതിയ ലേബലിംഗ് രീതി. യുഎസിലെ ഫുഡ്‌സ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്റെ(എഫ്ഡിഎ) അംഗീകാരത്തോടെയുള്ള ലേബൽ നവീകരണം പ്രഖ്യാപിച്ചത് പ്രഥമ വനിതയായ മിഷേൽ ഒബാമയാണ്.

എത്ര കലോറി ഊർജ്ജമാണ് നാം കഴിക്കുന്ന ആഹാരത്തിലുള്ളതെന്ന് വലിയ അക്ഷരത്തിൽ ഉത്പന്നത്തിന്റെ പുറത്ത് എഴുതിയിരിക്കും. അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെയും സോഡിയത്തിന്റെയും കൊഴുപ്പിന്റെ അളവുമെല്ലാം ലേബലിൽ ഉണ്ടാകും. മാത്രമല്ല എത്രപേർക്ക് നൽകാനുള്ളതാണെന്നും രേഖപ്പെടുത്തും.

അമേരിക്കൻ ജനസംഖ്യയിലെ മൂന്നിൽ രണ്ട് യുവാക്കളും അമിതവണ്ണമുള്ളവരാണെന്ന കണക്കുകൾ നിലവിലിരിക്കെ വലിയൊരു കാൽവെപ്പാണ് ന‌‌ടത്തുന്നതെന്ന് ഫുഡ്‌സ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷൻ പറയുന്നു.