ഇങ്ങനെയൊരു മരണം ഇനിയുണ്ടാകരുത്

വല്ലാത്തൊരു ഊർജത്തിന്റെയും വൈവിധ്യമാർന്ന കലാനിപുണതകളുടെയും ഉടമയായിരുന്നു കലാഭവൻ മണി. ഈ നല്ല മനുഷ്യൻ ആരുമറിയാതെ കരൾരോഗം ബാധിച്ച് അകാലത്തിൽ ഇഹലോക വാസം വെടിയേണ്ടയാളായിരുന്നോ? ദുരൂഹതകൾ നിറഞ്ഞ മൃത്യുവിനു കീഴ്പ്പെട്ടു പോകേണ്ടയാളായിരുന്നോ? ആയുസ്സു തീർന്നുവെന്നും മരണം അനിവാര്യമെന്നുമൊക്കെ തത്വചിന്താപരമായി ആശ്വസിച്ചേ പറ്റൂ.

പോയത് ഏറെ സാമൂഹിക-രാഷ്ട്രീയസാന്നിധ്യമുള്ള ഒരു വ്യക്തി കൂടിയാണ്. അതുകൊണ്ട് ഈ മരണം ഉണർത്തുന്ന ചില വസ്തുതകൾ പറയാതെ വയ്യ. ജീവിതശൈലിയിലെ പാളിച്ചകൾ കൊണ്ട് ഈ വലിയ നടൻ നേരിട്ടതു പോലെയുള്ള മരണാതുരമായ അവസ്ഥകളിലേക്കെത്തുന്ന ഇതേ പ്രായത്തിലുള്ള ഒട്ടേറെ പേരുണ്ട്. ആരും ജീവിതത്തിൽ നിന്ന് ഇങ്ങനെ കൊഴിഞ്ഞു പോകരുതെന്നു മണിയുടെ ആത്മാവ് തീർച്ചയായും ആഗ്രഹിക്കും.

 ജീവിതശൈലിയിൽ ജാഗ്രത പുലർത്തുകയും കരൾ രോഗത്തിനു മദ്യം ഉപേക്ഷിക്കൽ ഉൾപ്പെടെയുള്ള പ്രതിവിധികൾ സ്വീകരിക്കുകയും ചെയ്തിരുന്നുവെങ്കിൽ മണിയുടെ മരണം തടയുവാൻ സാധിക്കുമായിരുന്നില്ലേ? പലരും ഇത് അടക്കം പറയുന്നുണ്ടാകും. ആരെയും കുറ്റപ്പെടുത്തുകയല്ല. ഒപ്പം കുടിച്ച ഞാനും ഉത്തരവാദിയല്ലേയെന്ന കുറ്റബോധത്തിന് ഒരാളും അടിമപ്പെടുകയും വേണ്ട. രോഗാവസ്ഥകളിലേക്കു വലിച്ചിഴയ്ക്കപ്പെടാവുന്ന ശീലങ്ങളിൽ ആഘോഷത്തിന്റെ സാമൂഹികക്രമങ്ങൾ വിന്യസിക്കപ്പെടുമ്പോൾ ഇങ്ങനെയൊക്കെയുള്ള അലംഭാവങ്ങൾ സംഭവിക്കാം. പക്ഷേ, തിരുത്തണമെന്നും, ഒരാൾ കുഴപ്പത്തിലേക്കു പോകും മുമ്പേ ജാഗ്രത പുലർത്തണം എന്നുമുള്ള മുന്നറിയിപ്പുകൾ ഇതുപോലെയൊരു പൊള്ളിക്കുന്ന ദുരന്തം നൽകുമ്പോൾ അവഗണിക്കരുത്. അതുല്യനായ ഈ കലാകാരന്റെ അപ്രതീക്ഷിത മരണത്തിന്റെ പശ്ചാത്തലത്തിൽ ചില സാമൂഹിക യാഥാർഥ്യങ്ങൾ ചൂണ്ടിക്കാണിക്കട്ടെ.

കൂട്ടുകൂടലിലെ സ്നേഹപ്രകടനത്തിന്റെ ഭാഗമായുള്ള ലഹരി പലരുടെയും ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. നാലാൾ അറിയുന്ന പ്രശസ്തൻ ആകുമ്പോൾ സന്തോഷിപ്പിക്കാൻ ആരാധകർ ‘കുപ്പി പൊട്ടിക്കുകയും’ ചെയ്യും. രോഗം വരട്ടെയെന്നു വിചാരിച്ചിട്ടോ നശിച്ചു പോകട്ടെയെന്നു കരുതിയിട്ടോ അല്ല ഇതൊക്കെ. ആത്മാർഥ ചങ്ങാതിമാരുടെ കൂട്ടായ്മയിലും കുടി ഉണ്ടാകാം. ആട്ടവും പാട്ടുമായി ഉല്ലാസം കത്തിക്കയറുമ്പോൾ കൂട്ടത്തിലെ ഒരാളുടെ മദ്യപാനം അമിതമാകുന്നതും അതിരു വിടുന്നതും കണ്ണിൽ പെട്ടുവെന്നു വരില്ല. കണ്ടാലും തിരുത്താനോ വിലക്കാനോ ശ്രമിച്ചുവെന്നും വരില്ല. ചങ്ങാതിക്കൂട്ടത്തിൽ ഇങ്ങനെ മദ്യപിക്കുന്നയാൾ മറ്റു സാഹചര്യത്തിലും ഇങ്ങനെയൊക്കെയാകുമെന്ന് ഉറപ്പാണ്‌. പലപ്പോഴും ജീവിതത്തിലെ ഉത്തരവാദിത്തങ്ങളിൽ നിന്ന് അകലുകയും ചെയ്യും.

മദ്യപിച്ചിട്ടുണ്ടാകുന്ന കരൾരോഗം ഉള്ളതായി ഭൂരിപക്ഷവും തുറന്നുപറയുകയുമില്ല. തുടർന്നുള്ള മദ്യപാനം സ്വയംഹത്യയ്ക്കു തുല്യമായ പെരുമാറ്റമാണ്. രോഗം കലശലായി ആശുപത്രി കയറുമ്പോഴാണ് ഒപ്പം കുടിച്ച കൂട്ടുകാർ പോലും അറിയുന്നത്. മദ്യാസക്തി രോഗത്തിന്റെ ലക്ഷണങ്ങൾ കാണിക്കുമ്പോഴും നിയന്ത്രണം വിട്ടു കുടിക്കുന്ന രീതികളിലേക്കു പോകുമ്പോഴും അയാൾക്കു മദ്യം പിന്നെയും ഒഴിച്ചുകൊടുക്കുന്നതല്ല സ്നേഹപ്രകടനം. മദ്യപാനത്തിൽ നിന്നു പിന്തിരിപ്പിക്കാൻ കൂട്ടായി ശ്രമിക്കുന്നതാണ് അപ്പോൾ ചെയ്യാവുന്ന കരുതലും സ്നേഹവും.

ചിലരൊക്കെ അതു ചെയ്തിട്ടുണ്ടാകണം. പക്ഷേ, വേറെ ചിലർ മദ്യപിക്കാൻ ചെലുത്തുന്ന പ്രേരണ അതിനെക്കാൾ വലിയ പ്രലോഭനമാകും. താൽക്കാലിക രസത്തിനുള്ള കുടിയിൽ നിന്ന് ഒരാൾ മദ്യാസക്തി രോഗത്തിന്റെ പിടിയിലാകുന്നതിന്റെ സൂചനകൾ കാണുമ്പോൾ ചങ്ങാതിക്കൂട്ടത്തിന് എളുപ്പം മനസ്സിലാക്കാം. ഇടപെടലുകൾ അവിടെ നിന്നു തുടങ്ങാം. മദ്യപാനം മൂലമുള്ള ഗുരുതര കരൾരോഗവും വിഷാദവും കടബാധ്യതയുമൊക്കെ പിടിപെടുന്നത് അങ്ങനെയും തടയാം. ചികിത്സകൾക്കു പ്രേരിപ്പിക്കാം. മദ്യപാനം നിർത്തിയ ഒരാളെയും കുടിക്കാൻ പ്രേരിപ്പിക്കുകയുമരുത്.

കലാഭവൻ മണിക്കു ഗുരുതരമായ കരൾരോഗം ഉണ്ടായിരുന്നുവെന്നു പലരും അറിഞ്ഞതു മരണശേഷമാണെന്നു തോന്നുന്നു. സ്നേഹപൂർവം ശാസിച്ചും നിയന്ത്രിച്ചും മദ്യത്തെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ ശക്തമായ പ്രേരണ ആരെങ്കിലും നൽകിയിരുന്നെങ്കിൽ മണി കിലുങ്ങും പോലെയുള്ള ആ ചിരി തുടർന്നും കേൾക്കാമായിരുന്നു. സുമനസ്സോടെ ചെയ്തുപോന്ന സഹായങ്ങൾ ഒട്ടേറെ പേർക്കു തുടർന്നും താങ്ങും തണലും ആയേനെ. ഇങ്ങനെയൊരു മരണം നാട്ടിൽ ഇനിയുണ്ടാകരുതെന്ന് ആരാണു പ്രാർഥിക്കാത്തത് ? കലാഭവൻ മണിക്ക് ഇനിയൊരു ജന്മം കൂടി നൽകൂ എന്ന് ആരാണു മോഹിക്കാത്തത്?

(കൊച്ചിയിൽ സീനിയർ സൈക്യാട്രിസ്റ്റാണ് ലേഖകൻ)