‘പണി തരിക’ മാത്രമല്ല 'പണി മുടക്കുക'യും ചെയ്യും കഞ്ചാവ്

ക‍ഞ്ചാവ് കൈവശം വച്ചാൽ ‘പണി’ കിട്ടുമെന്നത് പരമാർഥം. പക്ഷേ പണിയെടുക്കാനുള്ള ആവേശം പോലും ഇല്ലാതാക്കാനും ക‍ഞ്ചാവിനാകുമെന്നാണ് പുതിയ പഠനം. എലികളിൽ നടത്തിയ പഠനം വഴി കഞ്ചാവ് മൊത്തത്തില്‍ മടി കൂട്ടാനിടയാക്കുമെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. അതിനു തൊട്ടു പിന്നാലെയാണ് കഞ്ചാവ് തൊഴില്‍ ചെയ്യാനുള്ള പ്രചോദനം ഇല്ലാതാക്കുമെന്ന പുതിയ പഠനവും പുറത്തുവന്നത്.

“കാര്യങ്ങള്‍ ഏറ്റെടുത്തു ചെയ്യാനുള്ള ജൈവികമായ പ്രചോദനത്തെ കഞ്ചാവ് പ്രതികൂലമായി ബാധിക്കുമെന്ന് പണ്ടേ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് ജോലി ചെയ്തു കാശുനേടാനുള്ള താല്‍പര്യത്തില്‍ കഞ്ചാവ് സൃഷ്ടിക്കുന്ന മാറ്റങ്ങളെപ്പറ്റി പഠനം നടക്കുന്നത്”-ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജിലെ മുഖ്യഗവേഷകന്‍ ഡോക്ടര്‍ വില്‍ ലാന്‍ പറയുന്നു.

ഒരു പുകയുടെ കഞ്ചാവ് ലഹരി പോലും ആളുകളിലെ പ്രവര്‍ത്തനനിരത കുറയ്ക്കുന്നു. കാശുകിട്ടും എന്നുറപ്പുള്ള ജോലിക്ക് പോലും പോകാനുള്ള പ്രചോദനം കുറയ്ക്കുന്നു. ഇത് മാത്രമല്ല ദീര്‍ഘകാലമായി കഞ്ചാവ് ഉപയോഗിക്കുന്നവര്‍ ലഹരിയുടെ സ്വാധീനത്തില്‍ അല്ലാതിരിക്കുമ്പോള്‍ പോലും പണിയെടുക്കാന്‍ വിമുഖത പ്രകടിപ്പിക്കുന്നതായും പഠനം പറയുന്നു. ഒരൊറ്റ വഴിയേ ഉള്ളൂ – മറ്റൊന്നുമല്ല, ഉപയോഗം നിര്‍ത്തിയാല്‍ മതി എന്ന നിർദ്ദേശവും ഗവേഷകർ നൽകുന്നുണ്ട്.

തിരഞ്ഞെടുക്കപ്പെട്ട 57 പേരിലാണ് പഠനം നടന്നത്. ഇവരില്‍ പഠനം നടക്കുന്ന സമയം തന്നെ കഞ്ചാവ് ലഹരിക്ക്‌ അടിമപ്പെട്ടിരുന്നവരും ദീര്‍ഘകാലം ഉപയോഗിച്ചിരുന്നവരും ഉള്‍പ്പെട്ടിരുന്നു. കോളജിന്റെ ഈ പഠനം ‘സൈക്കോഫാര്‍മക്കോളജി’ മാസിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.