കുഞ്ഞു ജനിച്ചത് അറിയാതെ ഒരമ്മ

തലച്ചോറിലുണ്ടായ അമിതരക്തസ്രാവത്തെത്തുടർന്ന് ആശുപത്രിയിലെത്തിച്ച ഗർഭിണിയെ കോമാ സ്റ്റേജിലാക്കി കുഞ്ഞിനെ പുറത്തെടുത്തു. 42 കാരിയായ കാതറിൻ ബോൾട്ടനെ തലച്ചോറിലുണ്ടായ അമിതരക്തസ്രാവത്തെത്തുടർന്ന് അബോധാവസ്ഥയിലാണ് ഒക്ടോബർ ഏഴിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 11 മണിക്കൂർ നീണ്ട ബ്രെയിൻ സർജറിയെത്തുടർന്ന് മൂന്നാഴ്ച അബോധാവസ്ഥയിലായിരുന്നു കാതറിൻ. ഈ സമയത്ത് അവർ അഞ്ചു മാസം ഗർഭിണിയായിരുന്നു.

മൂന്നാഴ്ചയ്ക്കു ശേഷം കാതറിനു ബോധം വീണ്ടുകിട്ടി. എന്നാൽ സ്വയം ശ്വാസമെടുക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനാൽ ഒരു ട്രോക്കിയോടോമി ഘടിപ്പിച്ചു. ആദ്യ സമയങ്ങളിൽ അങ്ങോട്ടുമിങ്ങോട്ടും ചലിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ എട്ടാഴ്ച കഴിഞ്ഞപ്പോൾ കാതറിൻ അവരുടെ ഇടതുവശം ചലിപ്പിച്ചു. കണ്ണു ചിമ്മി പ്രതികരിക്കാനും തുടങ്ങിയതോടെ ഡോക്ടർമാരുടെ സംഘത്തിനു ആത്മവിശ്വാസം ആയി.

ഈ സന്തോഷം അധികം നീണ്ടുനിന്നില്ല, ഡിസംബർ എട്ടിന് ട്രോക്കിയോടോമി തെന്നി മാറിയതിനെത്തുടർന്ന് കാർഡിയാക് അറസ്റ്റ് ഉണ്ടായി. ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും കാൻഡിഡ ഓറിസ് ഇൻഫെക്‌ഷൻ (Candida Auris infection) കാതറിനെ ബാധിച്ചു. രക്തത്തിലുണ്ടായ ഈ അണുബാധ രക്തസമ്മർദത്തെയും ഹൃദയമിടിപ്പിനെയും ശ്വസനത്തെയും ബാധിച്ചു. അതിനാൽ, 31 ആഴ്ച ഗർഭാവസ്ഥ പിന്നിട്ട കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുക്കാൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു.

ഫീബ് എന്നു പേരിട്ട പെൺകുഞ്ഞ് ഇപ്പോൾ നിയോനേറ്റൽ യൂണിറ്റിലാണ്. അമ്മയ്ക്കുണ്ടായ ഇൻഫെക്‌ഷൻ കുഞ്ഞിന‌െയും ബാധിച്ചിട്ടുണ്ട്. എന്നാൽ കുഞ്ഞിനു ജൻമം നൽ‌കിയെന്ന സത്യം ഇതുവരെ കാതറിൻ തിരിച്ചറിഞ്ഞിട്ടില്ല.

തലച്ചോറിൽനിന്നു ഫ്ലൂയിഡ് നീക്കുന്നതിനായി നിരവധി ശസ്ത്രക്രിയകൾ ചെയ്തു. ഇനിയും ശസ്ത്രക്രിയകൾ വേണ്ടിവരും. ഏറ്റവും കുറഞ്ഞത് ആറു മാസം കൂടിയെങ്കിലും ആശുപത്രിയിൽതന്നെ കഴിയേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

കാതറിന്റെ ചികിത്സാസഹായത്തിനായി സുഹൃത്തുക്കൾ ഒാൺലൈനിൽ https://www.gofundme.com/katherines-story എന്ന പേജും തുടങ്ങിയിട്ടുണ്ട്.