ചോര മരുന്നാക്കി കഷണ്ടി മാറ്റാം

കഷണ്ടിക്കും അസൂയയ്ക്കും മരുന്നില്ലെന്നാണു പഴമൊഴി. പക്ഷേ കഷണ്ടിക്കു ഫലപ്രദമായ മരുന്നുണ്ടെന്നു ഡോക്ടർമാരുടെ പുതുമൊഴി. ചോര നീരാക്കി എന്ന പ്രയോഗത്തിന് ചെറിയ മാറ്റം – ഇവിടെ സ്വന്തം ചോര മരുന്നാക്കണം. സ്വന്തം രക്തത്തിൽ നിന്നു കടഞ്ഞെടുത്ത പ്ലാസ്മയുമായി കഷണ്ടിയെ പ്രതിരോധിക്കാൻ കഴിയും. ഈ സാങ്കേതിക വിദ്യയ്ക്കു പിആർപി – പ്ലേറ്റ്‌ലറ്റ് റിച്ച് പ്ലാസ്മ എന്നാണു പേര്.

എല്ലാവിധ കഷണ്ടിക്കാരെയും പിആർപി രീതിയിൽ ചികിത്സിക്കില്ല. പൂർണ ആരോഗ്യവാനായിരിക്കണം. രക്ത സമ്മർദം, പ്രമേഹം തുടങ്ങിയവ ഉൾപ്പെടെയുള്ള രോഗങ്ങൾ പാടില്ല.
അമിത മദ്യപർ, പുകവലിക്കാർ എന്നിവരുടെ കഷണ്ടിക്കും ചികിത്സയില്ല. കരൾ രോഗം, കാൻസർ, പ്ലേറ്റ്ലറ്റ് ഡിസ്ഫങ്ഷൻ സിൻഡ്രം, അലർജി തുടങ്ങിയ രോഗങ്ങളുള്ളവരെയും പരിഗണിക്കില്ല. തലനിറയെ മുടിയാക്കാൻ ഇവർക്ക് മറ്റു മാർഗങ്ങൾ പ്രയോഗിക്കാം. അൻപതു ശതമാനത്തിലധികം കഷണ്ടിയുള്ളവരെയാണ് പിആർപി ചികിത്സയ്ക്കായി ആശുപത്രികൾ പരിഗണിക്കുന്നത്.

രക്തത്തിന്റെ പ്ലാസ്മ തലയിൽ കുത്തിവച്ച്, തലയോട്ടിയുടെ പുറത്തുള്ള ത്വക്കിനെ ഉത്തേജിപ്പിച്ചാണ് പിആർപി എന്ന ചികിത്സാ രീതിയെന്ന് ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ കോസ്മെറ്റിക് സർജറി വിഭാഗത്തിലെ ഡോ. കുൽദീപ് സിങ് പറഞ്ഞു. ശസ്ത്രക്രിയയിൽ വളരെ ചെറിയ സൂചി ഉപയോഗിച്ചാണ് തലയോട്ടിയിലെ ത്വക്കിൽ രക്തത്തിന്റെ പ്ലാസ്മ കടത്തുന്നത്. 300 മുതൽ 350 മില്ലി ലീറ്റർ രക്തമാണ് ഒരാളിൽനിന്ന് എടുക്കുക. ബ്ലഡ് ബാങ്കിൽ തന്നെ രക്തത്തെ പ്ലേറ്റ്ലറ്റ് പ്ലാസ്മയാക്കാൻ കഴിയും.
350 മില്ലി ലീറ്റർ രക്തത്തിൽനിന്ന് ഏകദേശം 35 മില്ലി ലീറ്റർ പ്ലേറ്റ്ലറ്റ് പ്ലാസ്മ ലഭിക്കും. ഈ പ്ലാസ്മയാണ് തലയോട്ടിയിലേക്കു കടത്തുന്നത്.

ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ പിആർപി ചികിത്സ

മാസത്തിൽ ഒന്നു വീതം നാലു മാസം രക്തത്തിന്റെ പ്ലാസ്മ തലയിലേക്കു കടത്തണം. 20,000 രൂപ മുതൽ 30,000 രൂപ വരെയാണ് ഓരോ സിറ്റിങ്ങിനും ചെലവ്. മറ്റ് ഹെയർ ട്രാൻസ്പ്ലാന്റ് രീതിയെ അപേക്ഷിച്ചു പിആർപിയിൽ വേദന കുറവാണ്. ചെറിയ വേദന ത്വക്കിൽ അനസ്തീസിയ നൽകി ഒഴിവാക്കാം. സ്വന്തം രക്തത്തിൽ നിന്നുള്ള ചികിത്സയായതിനാൽ അണുബാധയെയോ അലർജിയെയോ പേടിക്കാനില്ല.

സൗന്ദര്യ വർധനയ്ക്കായി പിആർപി രീതി വർഷങ്ങളായി ഉപയോഗിച്ചു വരുന്നു. ത്വക്ക് ചുളിയുന്നത് ഉൾപ്പെടെയുള്ള അകാല വാർധക്യ പ്രശ്നങ്ങളെ പ്രതിരോധിക്കാനാണ് പിആർപി ഉപയോഗിക്കുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ യൗവനം വീണ്ടെടുക്കാനുള്ള മാർഗം. പിആർപി രീതിയിൽ തലമുടി വളർത്താമെന്ന ആശയത്തിന് അധികം പഴക്കമില്ലെന്നു ഡോ. കുൽദീപ് പറഞ്ഞു.

വിവിധ രീതികളിലൂടെ കഷണ്ടിയെ ഒരു പരിധി വരെ ചികിത്സിച്ചു ഭേദപ്പെടുത്താം, പക്ഷേ അസൂയയ്ക്കു മാത്രം ഇന്നും മരുന്നായിട്ടില്ല.