Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിലയറിയണം, ഈ സ്നേഹസ്പര്‍ശത്തിന്റെ

nursesday-main

നഴ്സിങ്. സേവനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും കര്‍മമേഖല. പക്ഷേ അടുത്തിടെയായി ഈ രംഗം ഏറെ മാധ്യമശ്രദ്ധ നേടിക്കഴിഞ്ഞു. ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ റിക്രൂട്ട്മെന്റ് പ്രശ്നങ്ങളും നഴ്സിങ് മേഖലയിലെ തട്ടിപ്പുകളും ലിബിയയിൽ നിന്ന് തിരിച്ചെത്തിയ നഴ്സുമാരുടെ ജോലിപ്രശ്നങ്ങളുമൊക്കെയായി ബന്ധപ്പെട്ടാണിത്. ലോകമെങ്ങും നഴ്സിങ് സേവനത്തിന്റെ പര്യായമായി മലയാളി പെണ്‍കുട്ടികള്‍ മാറുമ്പോഴും കേരളത്തിലും ഇന്ത്യയിലും ഈ വിഭാഗത്തിന്റെ പ്രാധാന്യം പൊതുസമൂഹം വേണ്ടവിധം തിരിച്ചറിയുന്നില്ലെന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്.

ഒരോ നിമിഷവും രോഗിക്കു വേണ്ടി

ഇന്നു കേരളത്തിലെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ മുഴുവന്‍ കണക്കെടുത്താല്‍ ഏകദേശം ആയിരത്തില്‍പ്പരം രോഗികള്‍ അതീവ ഗുരുതരാവസ്ഥയിലും പതിനായിരത്തോളം രോഗികള്‍ മാരകരോഗങ്ങള്‍ പിടിപെട്ടും രോഗശയ്യയിലാണ്. ഈ രോഗികളെ 24 മണിക്കൂറും പരിചരിക്കുന്നതു നഴ്സിങ് വിഭാഗമാണ്. രോഗിയുടെ ഹൃദയമിടിപ്പും ശ്വസനവും രോഗലക്ഷണങ്ങളും ആരോഗ്യനിലയും അനുനിമിഷം നീരിക്ഷിച്ചു വേണ്ട ചികിത്സയും പരിചരണവും നല്‍കി എല്ലായ്പോഴും രോഗികളോടൊപ്പം ഉണ്ടായിരിക്കുന്നതു നഴ്സിങ് ജീവനക്കാര്‍ മാത്രമാണ്. നഴ്സിന്റെ അഭാവത്തില്‍ രോഗനില നിരീക്ഷിക്കപ്പെടാതെ രോഗം മൂര്‍ച്ഛിക്കാനും ചികിത്സ യഥാസമയം കിട്ടാതെ രോഗി മരിക്കാനും ഇടയാകും.

ചുമതലകള്‍ നിരവധി

രോഗീപരിചരണത്തിനു പുറമെ ആശുപത്രിയിലെ മറ്റു പല ഉത്തരവാദിത്തങ്ങളും നഴ്സുമാര്‍ നിര്‍വഹിക്കുന്നുണ്ട്. രോഗിയെ വിവിധ പരിശോധനകള്‍ക്കു തയാറാക്കുക, രോഗിയുടെ രോഗവിവരങ്ങള്‍ നിര്‍ദിഷ്ട ഡോക്ടറെ യഥാസമയം അറിയിക്കുക, ആശുപത്രിയുടെ ശുചിത്വം ഉറപ്പുവരുത്തുക, രോഗിക്കുവേണ്ട പ്രാഥമിക സൌകര്യങ്ങള്‍ (ഭക്ഷണം, ശുചിത്വം) ലഭ്യമാക്കുക, ആശുപത്രിയിലെ വിവിധ ഉപകരണങ്ങളുടെ ശരിയായ പ്രവര്‍ത്തനം ഉറപ്പുവരുത്തുക എന്നിവയൊക്കെ ചില ഉദാഹരണങ്ങള്‍ മാത്രം.

ചുരുക്കിപ്പറഞ്ഞാല്‍ ഒരു ആശുപത്രിയുടെ സല്‍പ്പേരു തന്നെ നഴ്സുമാരുടെ കൈകളിലാണ്. ഈ അമിതജോലി ഭാരത്തിന്റെ ഇടയിലും രോഗിയുടെയും രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പരാതികളും വികാരവിക്ഷോഭങ്ങളും നേരിട്ട്, സമചിത്തതയോടും ഉത്തരവാദിത്തബോധത്തോടും കടമകള്‍ നിറവേറ്റാന്‍ നഴ്സുമാര്‍ക്കു കഴിയുന്നു. പൊതുജനാരോഗ്യരംഗത്തു നഴ്സുമാരുടെ സംഭാവനകള്‍ ഗണ്യമാണ്. ഇതെല്ലാം കേരളത്തിലെ ജനങ്ങളുടെ ആരോഗ്യനിലവാരം കൂടാനും രോഗമരണനിരക്ക് കുറയാനും ഒരു പരിധി വരെ സഹായിച്ചിട്ടുണ്ട്.

ശസ്ത്രക്രിയാ വിഭാഗത്തില്‍ രോഗിയുടെ ആരോഗ്യനില നിരീക്ഷിച്ച് ശസ്ത്രക്രിയ അണുവിമുക്തമായി ചെയ്യാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നതു നഴ്സാണ്. ശസ്ത്രക്രിയയ്ക്കു രോഗിയെ തയാറാക്കുകയും അതിനുശേഷം രോഗിയുടെ ആരോഗ്യനില നിരീക്ഷിച്ചു വേണ്ട പരിചരണം നല്‍കുകയും ചെയ്യുന്നതിനു പുറമേ രോഗിയുടെ മുറിവു വൃത്തിയാക്കി മുറിവുണങ്ങുന്നതിനുവേണ്ട ശുശ്രൂഷകളും നഴ്സുമാര്‍ നല്‍കുന്നു.

വൈദഗ്ധ്യമുള്ള കരങ്ങള്‍

അധ്യയനത്തില്‍ മികച്ച നിലവാരം പുലര്‍ത്തി പ്ലസ് ടുവിന് ഉയര്‍ന്ന മാര്‍ക്കു വാങ്ങിയ വിദ്യാര്‍ഥികളാണു കേരളത്തില്‍ നഴ്സിങ് പഠനരംഗത്തു കുടുതലായി കടന്നുവരുന്നത്. ബുദ്ധിപരമായി ഉയര്‍ന്ന നിലവാരമുള്ള ഈ കുട്ടികള്‍ മനുഷ്യശരീരത്തെയും വിവിധ ചികിത്സാരീതികളെയും വിശദമായി പഠിച്ചു പരിശീലിച്ചതിനു ശേഷമാണു തൊഴില്‍ രംഗത്തേക്കു കടന്നുവരുന്നത്. അങ്ങനെയുള്ള നഴ്സിനു രോഗത്തെപ്പറ്റിയും താന്‍ നല്‍കുന്ന മരുന്നിനെപ്പറ്റിയും വ്യക്തമായ ധാരണയുണ്ട്.

പ്രധാന പ്രശ്നങ്ങളും വേണ്ട മാറ്റങ്ങളും

മേല്‍പ്പറഞ്ഞ സാഹചര്യങ്ങളിലൊക്കെ നഴ്സുമാര്‍ നിസ്സീമമായ സേവനം അര്‍പ്പിക്കുന്നെങ്കിലും നഴ്സിങ് വിഭാഗം പലപ്പോഴും ആശുപത്രി അധികൃതരുടെയും ആരോഗ്യമേഖലയിലെ മറ്റു വിഭാഗങ്ങളുടെയും അടിച്ചമര്‍ത്തലിനു വിധേയമാക്കപ്പെട്ടു. മുമ്പൊക്കെ നഴ്സിങ് രംഗത്തു കൂടുതലും സ്ത്രീകളായിരുന്നത് ഈ രംഗത്തിന്റെ ശാക്തീകരണത്തെ കാര്യമായി സഹായിച്ചില്ല. ഒട്ടക്കെട്ടായി നില്‍ക്കുന്നതിലും പ്രതികരിക്കുന്നതിലും എല്ലാം ഈ വിഭാഗം പരാജയപ്പെട്ടു. എന്നാല്‍, ഈ രംഗത്തേക്കുള്ള പുരുഷന്മാരുടെ വരവ് നഴ്സിങിന്റെ ഊര്‍ജവും പ്രതികരണശേഷിയും വര്‍ധിപ്പിച്ചു.

ഇക്കാര്യങ്ങള്‍ ഉറപ്പാക്കുക

. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിക്കുന്ന നഴ്സുമാര്‍ക്ക് ആകര്‍ഷകമായ വേതനം നല്‍കുക. താമസസൌകര്യം ഉള്‍പ്പെടെയുള്ള മെച്ചപ്പെട്ട സൌകര്യങ്ങള്‍ നല്‍കുക. . നഴ്സുമാര്‍ക്ക് നേരേയുണ്ടാകുന്ന ആക്രമണങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുക. അത്യാഹിത വിഭാഗത്തിലും മറ്റും ജോലിചെയ്യുന്ന നഴ്സുമാരുടെ സുരക്ഷ ഉറപ്പു വരുത്തുക . നഴ്സ് -രോഗി അനുപാതം 1:5 ആക്കണം . ജോലിസമയം ആറു മുതല്‍ എട്ടു മണിക്കൂറായി നിജപ്പെടുത്തുക. ലീവ് ഉള്‍പ്പെടെയുള്ള ന്യായമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക. . രോഗീപരിചരണം മൂലം അണുബാധ പോലെയുള്ള രോഗങ്ങള്‍ക്കടിമകളാകേണ്ടിവരുന്ന നഴ്സുമാര്‍ക്കു സൌജന്യചികിത്സ നല്‍കുക. . മൂന്നര വര്‍ഷത്തെ ഡിപ്ലോമയോ, നാലു വര്‍ഷത്തെ ബി എസ്സി നഴ്സിങ്ങോ പഠിച്ചവരെ മാത്രം ആശുപത്രികളില്‍ നഴ്സുമാരായി നിയമിക്കുക. . നഴ്സുമാരെ മോശപ്പെട്ട രീതിയില്‍ ചിത്രകരീക്കുന്നവര്‍ക്കെതിരെ നിയമനടപടിയെടുക്കാന്‍ നഴ്സിങ് വിഭാഗംതന്നെ മുന്നോട്ടുവരുക.

യഥാര്‍ഥ കാവല്‍മാലാഖമാരാകാന്‍

കേരളത്തിലെ മുഴുവന്‍ ആശുപത്രികളിലും ഒരു മണിക്കൂര്‍ നഴ്സിങ് സേവനം ലഭിക്കാതിരുന്നാല്‍ ആ ഒരു മണിക്കൂറിനകം കുറഞ്ഞതു ആയിരം രോഗികളെങ്കിലും മരണപ്പെടും. പതിനായിരക്കണക്കിനു രോഗികളുടെ നില വഷളാകും . ലക്ഷക്കണക്കിനു രോഗികള്‍ വേണ്ട പരിചരണം കിട്ടാതെ ബുദ്ധിമുട്ടും. ആരോഗ്യരംഗത്തു നഴ്സുമാരുടെ പങ്ക് സമൂഹം മനസിലാക്കണം. അവരുടെ സേവനം അംഗീകരിക്കപ്പെടണം. സമൂഹത്തില്‍ സാമാന്യം മെച്ചപ്പെട്ട രീതിയില്‍ ജീവിക്കാന്‍ വേണ്ട ശമ്പളം നഴ്സുമാര്‍ക്കു കിട്ടണം. ഞങ്ങളും ജീവിക്കട്ടെ, ഈ നാട്ടിലെ പതിനായിരക്കണക്കിനു രോഗികള്‍ക്കു താങ്ങായി, തണലായി.

_ബെറ്റി പി. കുഞ്ഞുമോന്‍ അസി. പ്രഫസര്‍. ഗവ. കോളേജ് ഒാഫ് നഴ്സിങ് മെഡിക്കല്‍ കോളേജ്, ആലപ്പുഴ_