Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാറ്റിവച്ചത് ഹൃദയവും ശ്വാസകോശവും; അത്യപൂർവ ശസ്ത്രക്രിയയിലെ വെല്ലുവികളെക്കുറിച്ച് ഡോ.ജോസ് ചാക്കോ പെരിയപ്പുറം

josechakoperiyapuram-and-team ശസ്ത്രക്രിയക്കു നേതൃത്വം നൽകിയ ലിസി ആശുപത്രിയിലെ മെഡിക്കൽ സംഘം ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനൊപ്പം

സംസ്ഥാനത്ത് ആദ്യമായി ഹൃദയവും ശ്വാസകോശവും ഒരുമിച്ച് ഒരു വ്യക്തിക്കു മാറ്റി വച്ചു. കുട്ടമ്പുഴ അമ്പാടൻ വീട്ടിൽ എ.സി.വർഗീസിന്റെ മകൾ ജനീഷ (26)യ്ക്കാണു ഒരേ സമയം നടന്ന ശസ്ത്രക്രിയയിലൂടെ ഹൃദയവും ശ്വാസകോശവും മാറ്റിവച്ചത്. എറണാകുളം ലിസി ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടന്നത്.

കൂട്ടായ പരിശ്രമത്തിന്റെ വിജയമായിരുന്നു ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ സഹായിച്ചതെന്നു നേതൃത്വം നൽകിയ പ്രമുഖ ഹൃദയ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. അപൂർവമായ ശസ്ത്രക്രിയയുടെ വെല്ലുവിളികളെക്കുറിച്ചു ഡോ. ജോസ് ചാക്കോ സംസാരിക്കുന്നു:

ചെറുപ്പത്തിലേയുള്ള രോഗം
ഒന്നര വർഷം മുൻപാണു ജനീഷ വർഗീസിനെ ലിസി ആശുപത്രിയിൽ എത്തിക്കുന്നത്. ഹൃദയവും ശ്വാസകോശവും മരുന്നുകൾ മൂലം സുഖപ്പെടുത്താൻ സാധിക്കാത്ത അത്ര മോശം നിലയിലായിരുന്നു. ഐസൻമെങ്ങർ എന്ന അപൂർവ രോഗമായിരുന്നു അത്. ജന്മനാ ഹൃദയ അറകള്‍ക്കുള്ളിലുണ്ടാകുന്ന ദ്വാരം ശരിയായ ചികിത്സ ലഭിക്കാത്തതു മൂലം മോശമാകുന്ന അവസ്ഥയാണിത്. ഹൃദയ അറകൾക്കുള്ളിലെ ദ്വാരം വഴി ശുദ്ധ രക്തവും അശുദ്ധ രക്തവും കൂടിക്കുഴയുന്നു. ഇതു മുന്നോട്ടു പോകുന്നതോടെ ശ്വാസകോശത്തിൽ നിന്നു രക്തത്തിനു വേണ്ട ഓക്സിജൻ ലഭിക്കാതെ വരുന്നു. ശ്വാസകോശത്തിൽ നിന്നു ഓക്സിജൻ എത്തിക്കുന്ന വിൻഡ് പൈപ്പ് കട്ടി കൂടുകയും ചെയ്യുന്നു. ഇതോടെ രക്തത്തില്‍ വേണ്ടത്ര ഓക്സിജൻ ഇല്ലാത്ത അവവസ്ഥയിലേക്കു നീങ്ങുന്നു. ഈ അവസ്ഥയ്ക്കാണ് ഐസൻമെങ്ങർ രോഗം എന്നു പറയുന്നത്.

ഹൃദയവും ശ്വാസകോശവും മാറ്റി വയ്ക്കുക
രോഗാവസ്ഥ സങ്കീർണമായതിനാൽ ഹൃദയവും ശ്വാസകോശവും ഒരുമിച്ചു മാറ്റിവയ്ക്കുക മാത്രമാണു മുന്നിലുണ്ടായിരുന്ന പോംവഴി. ഇതിനുള്ള ശ്രമം ആരംഭിച്ചെങ്കിലും അപൂർവമായി മാത്രമേ ഇതു രണ്ടും കൂടി ലഭിക്കുകയുള്ളുവെന്ന് അറിയാമായിരുന്നു. വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുന്ന രോഗിയുടെ ശ്വാസകോശത്തിനു പലപ്പോഴും കേടു സംഭവിക്കാറുണ്ട്. ഇതാണ് പ്രധാന വെല്ലുവിളി. ഒരു വർഷത്തോളമായി കേരള നെറ്റ്‌വർക്ക് ഓഫ് ഓർഗൻ ഷെയറിങ്ങിൽ പേരു റജിസ്റ്റർ ചെയ്തിരുന്നു. രോഗിയുടെ അതേ ശരീരഭാരത്തോട് യോജിക്കുന്ന ആളാവണം സ്വീകർത്താവ്. നെഞ്ചളവു പോലും പ്രധാനമാണ്. ഇതെല്ലാം ജനീഷയുടെ കാര്യത്തിൽ ശരിയായി വന്നു.

Janeesha -patrents ജനീഷ അച്ഛൻ വർഗീസിനും അമ്മ നിർമലയ്ക്കുമൊപ്പം.

ശസ്ത്രക്രിയ സങ്കീർണം
ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം പുറത്ത് ഒരു യന്ത്രത്തിന്റെ സഹായത്തോടെ നിയന്ത്രിക്കുകയാണു ചെയ്യുന്നത്. തുടർന്നു വലതു ശ്വാസകോശവും ഇടതു ശ്വാസകോശവും മാറ്റുന്നു. അവയവങ്ങൾ ശരീരത്തിനുള്ളിലേക്ക് എത്തിച്ച ശേഷം മഹാധമനി ഉൾപ്പെടെയുള്ളവ യഥാസ്ഥാനത്തേക്കു തിരിച്ചെത്തിക്കണം. വളരെ സൂക്ഷ്മമായി ചെയ്യേണ്ട പ്രക്രീയയയാണിത്. തുടർന്ന് യന്ത്രത്തിന്റെ സഹായം മെല്ലെ ഒഴിവാക്കും. അവയവങ്ങൾക്കു സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സമയം അനുവദിക്കും.

ഇനി മുന്നോട്ട്
ജനീഷയുടെ കാര്യത്തിൽ ഇതുവരെയുള്ള കാര്യങ്ങൾ എല്ലാം നന്നായി നടന്നു കഴിഞ്ഞു. അവയവങ്ങള്‍ നന്നായി പ്രവർത്തിക്കുന്നുണ്ട്. ചെറുതായി നടക്കാൻ ജനിഷയ്ക്കു സാധിച്ചു. അച്ഛനും അമ്മയുംജനീഷയെ കണ്ടു. അവരുമായി ജനീഷ സംസാരിക്കുകയും ചെയ്തു. ഇനി ഒരാഴ്ചയ്ക്കു ശേഷം അവയവങ്ങളുടെ പുറന്തള്ളല്‍ സാധ്യതകൾ പരിശോധിക്കാൻ ബയോപ്സി നടത്തും. അതിനു ശേഷം ഡിസ്ചാർജ് ചെയ്യാം. ഒരു മാസത്തിനുള്ളിൽ ആശുപത്രി വിടാനാകുമെന്നാണു പ്രതീക്ഷ. തുടർന്നും ആറു മാസത്തേക്കു വളരെ ശ്രദ്ധ വേണം.

ശസ്ത്രക്രിയകൾ മറ്റു സ്ഥലങ്ങളിൽ
രാജ്യത്ത് ആകെ 15 എണ്ണത്തോളം ഇത്തരത്തിലുള്ള ശസ്ത്രക്രിയ നടന്നിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. വിദേശങ്ങളിൽ ഇരത്തിലുള്ള കേസുകൾ അപൂർവമാണ്. ചെറുപ്പത്തിൽത്തന്നെ ഹൃദയത്തിലുള്ള പ്രശ്നം കണ്ടെത്തി ചികിൽസ നടക്കുന്നതിനാൽ ഇത്രയും സങ്കീർണമായ അവസ്ഥ വരാറില്ല.

അവയവ ദാന സന്ദേശം പരക്കണം
ജനീഷയുൾപ്പെടെയുള്ളവർ ജീവിതത്തിലേക്കു മടങ്ങിയെത്തുമ്പോൾ അവയവ ദാന സന്ദേശത്തിനാണ് കൂടുതൽ പ്രചാരം കിട്ടേണ്ടത്. കരുനാഗപ്പള്ളിയിലെ നിഥിന്റെ ബന്ധുക്കളുടെ ത്യാഗമാണ് ജനീഷയുടെ ജീവിതത്തിനു പുതിയ വെളിച്ചമാകുന്നത്. ഇതേപോലെ ഒട്ടേറെപ്പേർ ഇപ്പോൾ മുന്നോട്ടു കടന്നു വരുന്നുണ്ട്. കേരള നെറ്റ്‌വർക്ക് ഓഫ് ഓർഗൻ ഷെയറിങ് എന്ന സർക്കാർ സംവിധാനം വഴി വളരെ സുതാര്യമായാണ് അവയവദാനം കേരളത്തിൽ നടക്കുന്നത്.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.