മരം പോലെ കൈകാലുകളിൽ ശിഖരം വളരുന്ന അപൂർവരോഗവുമായി ഏഴുവയസുകാരൻ

മരത്തിന്റെ വേരു പോലെ കൈകാലുകളിൽ ശിഖരങ്ങൾ വളര്‍ന്നുകൊണ്ടിരിക്കുകയും ത്വക്ക് കട്ടിയാവുകയും ചെയ്യുന്ന അപൂര്‍വ രോഗത്തിന്റെ പിടിയിലാണ് ബംഗ്ലദേശ് സ്വദേശിയായ ഏഴുവയസുകാരൻ റിപോൻ സർക്കാർ. ബംഗ്ലദേശിലെ കാരുർ ഗാവ് സ്വദേശിയായ റിപോന് എപ്പിഡെര്‍മൊദിസ് പ്ലൈസിയ വെറുസിഫോര്‍മിസ് എന്ന അപൂര്‍വ രോഗമാണ്.

ഹ്യൂമന്‍ പാപ്പിലോമ വൈറസ് കാരണമാണ് ഇങ്ങനെ വേരുകള്‍ക്കു സമാനമായ തഴമ്പുകള്‍ ശരീരത്തില്‍ ഉണ്ടാകുന്നതെന്ന് ഡോക്ടർമാർ വിശദീകരിക്കുന്നു. ഓഗസ്റ്റ് 20നാണ് ധാക്ക മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഈ ബാലനെ പ്രവേശിപ്പിച്ചത്. ഉടൻതന്നെ കുട്ടിയെ ശസ്ത്രക്രിയയ്ക്കു വിധേയമാക്കാനൊരുങ്ങുകയാണ് ഡോക്ടർമാർ.

ചെറുപ്പം മുതൽ ഈ അസുഖമുണ്ടെങ്കിലും നടക്കാനോ തനിയെ ഭക്ഷണം കഴിക്കാനോ ആവാത്ത അവസ്ഥയിലായപ്പോഴാണ് കുട്ടിയെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചത്. ചികിൽസയ്ക്ക് ആവശ്യമായ പണമില്ലാത്തതിനാലാണ് ആശുപത്രിയിലെത്തിക്കാൻ വൈകിയതെന്നും മാതാപിതാക്കൾ പറയുന്നു.

ബംഗ്ലദേശുകാരനായ അബുല്‍ ബാജന്ദറെന്ന യുവാവിനും അടുത്തെയിടെ ഈ അസുഖം കണ്ടെത്തിയിരുന്നു. ഏഴു വർഷത്തോളമായി ഈ രോഗത്തിനടിമയായ അബുൽ ബാജന്ദറിന്റെ ശസ്ത്രക്രിയ നടത്തിയെങ്കിലും പൂർണമായും ഈ അസുഖം മാറ്റാനായില്ല. എന്നാൽ റിപോൻ സർക്കാരിന്റെ വൈറസ് ബാധ ചികിത്സിച്ചു മാറ്റാനാവുന്നതാണെന്ന് ധാക്ക മെഡിക്കൽ ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നു.