Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടുവേദന അകറ്റാൻ ചെയ്യാം ഈ നാലു കാര്യങ്ങൾ

Woman rubbing aching back

നടുവേദന ഒരു ശല്യമായി പരാതിപ്പെടാത്തവര്‍ ഇന്ന് കുറവാണ്. ജീവിതശൈലീ രോഗാവസ്ഥകളില്‍ നിർണായക സ്ഥാനമാണ് നടുവേദനയ്ക്കുള്ളത്. നിത്യ ജീവിതത്തിലെ പല ശീലങ്ങളുമാണ് നടുവേദനയിലേക്ക് നയിക്കുന്നത്. ഒന്ന് ശ്രദ്ധിച്ചാൽ ഈ ശീലങ്ങളും രീതികളും മാറ്റി നടുവേദനയെ ഒരു പരിധിവരെ ജീവിതത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ,സാധിക്കും.

1. ഏറെ നേരം തെറ്റായ രീതിയില്‍ ഇരിക്കുന്നത്
ഓഫീസില്‍ ഇരുന്ന് ജോലി ചെയ്യേണ്ടതാണ് ഇന്നത്തെ ജോലികളില്‍ മിക്കതും. ഇത്തരക്കാര്‍ നേരിടുന്ന പ്രധാന പ്രശ്നമാണ് ഇരുപ്പിന്‍റെ രീതി മൂലമുള്ള നടുവേദന. തുടര്‍ച്ചയായി ഏറെ നേരം ഇരിക്കുന്നത് നടുവിന് അമിത സമ്മര്‍ദമുണ്ടാക്കും. ഇരിപ്പ് തെറ്റായ രീതിയിലാണങ്കില്‍ ഡിസ്കിനും പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. ഇതാണ് പിന്നീട് വിട്ടുമാറാത്ത നടുവേദനയിലേക്ക് നയിക്കുന്നത്. ഏറെ നേരം ഇരിക്കുന്നവരാണെങ്കില്‍ ഇരുപ്പ് ശരിയായ രീതിയിലാണെന്ന് ഉറപ്പ് വരുത്തുക. വളഞ്ഞുകൂടി ഇരിക്കാതിരിക്കുക.

ഒപ്പം ഏറെ നേരം ഒരേ രീതിയില്‍ ഇരിക്കരുത്. ഇരുപ്പിന്‍റെ രീതിയും പൊസിഷനും മാറ്റുക. ഇരിക്കുന്നതിന് ഇടവേള നല്‍കി ഓഫീസില്‍ തന്നെയോ അല്ലെങ്കില്‍ പുറത്തോ അല്‍പ്പ നേരം നടക്കുക. പരമാവധി നടു നിവര്‍ത്തി ഇരിക്കാന്‍ ശ്രമിക്കുക. നടുവിന് കുഷ്യനോ മറ്റോ വച്ച് സപ്പോര്‍ട്ട് നല്‍കാം.

2. രാത്രിയുറക്കത്തിലെ കുറവ്
രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഉള്ള ഉയരത്തെക്കാള്‍ അല്‍പ്പം കുറവായിരിക്കും രാത്രി കിടക്കാന്‍ പോകുമ്പോളുള്ള നമ്മുടെ ഉയരം. ഭൂമിയുടെ ഗുരുത്വാകര്‍ഷണ ശക്തിയോട് ചേര്‍ന്ന് പേകാന്‍ നട്ടെല്ല് അതിനനുസരിച്ച് വളയുന്നതാണ് ഇതിനു കാരണം. ഇങ്ങനെ വളഞ്ഞ നട്ടെല്ല് രാത്രയുറക്കത്തിന്‍റെ സമയത്താണ് വീണ്ടും നിവരുന്നത്. രാത്രിയില്‍ ഉറക്കം ശരിയായില്ലെങ്കില്‍ നടുവിന്‍റെ ഈ സ്വാഭാവിക പ്രക്രിയയ്ക്ക് തടസ്സം നേരിടും. ഇത് പകല്‍ സമയങ്ങളില്‍ നട്ടെല്ലിന് കൂടുതല്‍ സമ്മര്‍ദം വരാന്‍ ഇടയാക്കും.

3. ഭക്ഷണത്തിലെ അസന്തുലിതാവസ്ഥ
ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളെക്കാള്‍ കാല്‍സ്യം ഉള്‍പ്പടെയുള്ള പോഷകങ്ങള്‍ എന്നും ആവശ്യമുള്ളവയാണ് എല്ലുകള്‍. പ്രായമാകുമ്പോഴും എല്ലുകളുടെ ശക്തി നിലനില്‍ക്കാന്‍ ഭക്ഷണക്രമത്തില്‍ ഈ പോഷകങ്ങള്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേേകം ശ്രദ്ധിക്കേണ്ടതുണ്ട്. നട്ടെല്ലിന്‍റെ ബലക്കുറവിനു പലപ്പോഴും കാരണമാകുന്നത് ഭക്ഷണക്കാര്യത്തിലെ ഈ അശ്രദ്ധയാണ്. കാല്‍സ്യവും വിറ്റാമിനുകളും അടങ്ങിയ ഭക്ഷണം ഉള്‍പ്പെടുത്തുകയാണ് ഇതിനു പരിഹാരം.

എല്ലിനു പുറമേ പുറം ഭാഗത്തെ മസിലുകളുടെയും ആരോഗ്യം നടുവിന്‍റെ ബലത്തില്‍ നിണായകമാണ്. മസിലുകള്‍ക്കു വീക്കം സംഭവിക്കുന്നതും നടുവേദനയിലേക്ക് നയിക്കാറുണ്ട്. പ്രോട്ടീനടങ്ങിയ ഭക്ഷണം ഡയറ്റില്‍ ഉള്‍പ്പെടുത്തുക വഴി ഇത് പ്രതിരോധിക്കാം.

4. വ്യായാമക്കുറവ്
എല്ലാ ദിവസവുമുള്ള വ്യായാമം ശരീരത്തിന്‍റെ ആകെ ആരോഗ്യസംരക്ഷണത്തിന് ഉത്തമമാണ്. നടുവിനും ദിവസേനയുള്ള വ്യായാമം ഗുണം ചെയ്യും. വ്യായാമമില്ലായ്മ ശരീരത്തിലാകെ പ്രത്യേകിച്ച് അരക്കെട്ടില്‍ അമിത ഭാരം അടിഞ്ഞ് കൂടാന്‍ ഇടയാക്കും ഇത് അനാവശ്യമായ സമ്മര്‍ദം നടുവിനു നല്‍കും. ദിവസേനയുള്ള വ്യായമത്തിലൂടെ അമിത വണ്ണം ഒഴിവാക്കുന്നതിനൊപ്പം നട്ടെല്ലിന്‍റെ ശക്തി കൂട്ടുകയും ചെയ്യാം.