ബെംഗളൂരുവിൽ ചർമ ബാങ്ക്

ബെംഗളൂരു ∙ രക്ത ബാങ്കും ബീജ ബാങ്കും പോലെ ഇനി ചർമ ബാങ്കും. അപകടം മൂലമുണ്ടാകുന്ന പരുക്കുകൾ, പൊള്ളൽ തുടങ്ങിയവയ്ക്കുള്ള ചികിൽസയിൽ ഫലപ്രദമായ മുന്നേറ്റം സാധ്യമാക്കുന്ന ചർമം വച്ചുപിടിപ്പിക്കൽ ചികിൽസയ്ക്കു സഹായകമാകുംവിധം ബെംഗളൂരുവിൽ സ്കിൻ ബാങ്ക് പ്രവർത്തനം തുടങ്ങി. മൃതദേഹങ്ങളിൽ നിന്നു ശേഖരിക്കുന്ന ചർമം വിക്ടോറിയ ആശുപത്രിയിൽ ആരംഭിച്ച സ്കിൻ ബാങ്കിൽ പ്രത്യേക സംവിധാനത്തിൽ സൂക്ഷിക്കും.

ഇതു പ്ലാസ്റ്റിക് സർജറിക്കും സമാന ചികിൽസയ്ക്കും ഉപയോഗപ്പെടുത്താനാകും. പൊള്ളലേൽക്കുന്നവർക്കും അപകടത്തിൽ പരുക്കേൽക്കുന്നവർക്കും മരണത്തിനു വരെ കാരണമാകുന്ന അണുബാധ ഒഴിവാക്കാൻ ചർമം വച്ചുപിടിപ്പിച്ചുള്ള ചികിൽസയിലൂടെ സാധിക്കുമെന്നു വിക്ടോറിയ ആശുപത്രി ഡീൻ ഡോ. പി.കെ. ദേവദാസ് പറഞ്ഞു.