ജീവൻ രക്ഷിക്കാൻ തട്ടുകടകൾ

ജയ്പൂർ ∙ തട്ടുകടകളിൽ ഇനി അത്യാഹിത ചികിൽസയും. രാജസ്ഥാൻ സർക്കാരാണ് പുതുമയുള്ള ഈ ആശയവുമായി എത്തുന്നത്.

റോഡപകടങ്ങളിൽപ്പെടുന്നവർക്കു പ്രഥമശുശ്രൂഷയും മരുന്നും എത്രയുംവേഗം ലഭ്യമാക്കി ജീവൻ രക്ഷിക്കുക എന്നതാണ് ലക്ഷ്യം. വഴിയോര ദാബകളിൽ ജോലിയെടുക്കുന്നവർക്കു പരിശീലനം നൽകുകയാണു പദ്ധതിയുടെ ആദ്യഘട്ടമായി ചെയ്യുക. ദേശീയപാതകളിലും സംസ്ഥാന പാതകളിലുമാണ് പദ്ധതി നടപ്പാക്കുക.

ഇവയിൽ അപകട സാധ്യത ഏറെയുള്ള സ്ഥലങ്ങളിലെ ദാബകളിലെ ജോലിക്കാർക്ക‍ു പ്രഥമശുശ്രൂഷ നൽകുന്നതിൽ പരിശീലനം നൽകും. അത്യാവശ്യ ഘട്ടങ്ങളിൽ വേണ്ടിവരുന്ന മരുന്നുകളും ലഭ്യമാക്കും. പരീക്ഷണാടിസ്ഥാനത്തിൽ ഒരു ദേശീയ പാതയിലും ഒരു സംസ്ഥാന പാതയിലുമാകും പദ്ധതി ആദ്യം നടപ്പാക്കുകയെന്ന് ആരോഗ്യമന്ത്രി രാജേന്ദ്ര റാത്തോഡ് നിയമസഭയിൽ പറഞ്ഞു.