നാവു പറയും നിങ്ങളുടെ ആരോഗ്യസ്ഥിതി

എന്തെങ്കിലും രോഗങ്ങളുമായോ പതിവു ചെക്കപ്പിനായോ ഡോക്ടറെ കാണുമ്പോൾ അദ്ദേഹം ആദ്യം പറയുന്നത് നാവു നീട്ടാനായിരിക്കും. ഈ പതിവു പല്ലവിക്കു കാരണം മറ്റൊന്നുമ്മല്ല നാവു കണ്ടാൽ അറിയാം ഒരാൾ ആരോഗ്യവാനാണോ അല്ലയോ എന്ന്. നാവിനുണ്ടാകുന്ന മാറ്റങ്ങൾകൊണ്ട് രോഗങ്ങൾ വേഗത്തിൽ കണ്ടുപിടിക്കാം.

കടുത്ത ചുവപ്പു നിറമുള്ള നാവ്

ആരോഗ്യവാനായ ഒരാളുടെ നാവിന് ഇളം റോസ് നിറമായിരിക്കും. വിറ്റാമിൻ ബി12 ന്റെ അഭാവം മൂലമാണ് നാവിന് കടുത്ത ചുവപ്പു നിറമാകുന്നത്. അനീമിയ ഉള്ളവരുടെ നാവ് ഇത്തരത്തിലായിരിക്കും.

നാവിൽ വെളുത്ത നിറം

നാവിൽ വെളുത്ത നിറത്തിലുള്ള പൂപ്പൽ കാണുന്നത് അനാരോഗ്യത്തിന്റെ ലക്ഷണമാണ്. രോഗപ്രതിരോധശേഷി കുറഞ്ഞവരിലും ചെറിയ കുട്ടികളിലുമാണ് ഇത് കൂടുതലായും കാണപ്പെടുന്നത്. ആന്റിബയോട്ടിക്കുകൾ കഴിക്കുമ്പോഴും ചിലപ്പോൾ നാവിൽ പൂപ്പൽ പ്രത്യക്ഷപ്പെടാം. അമിതവണ്ണം, ഹൃദ്രോഗം, സോറിയാസിസ്, പ്രമേഹം എന്നീ രോഗങ്ങളുള്ളവരിലും നാവിൽ പൂപ്പൽബാധ കാണപ്പെടാറുണ്ട്.

നാവിൽ മഞ്ഞ നിറം

ബാക്ടീരിയൽ ഇൻഫക്ഷന്റെ അനന്തരഫലമാണ് നാവിൽ പ്രത്യക്ഷപ്പെടുന്ന മഞ്ഞനിറത്തിലുള്ള പൂപ്പൽബാധ. വായുടെ ശുചിത്വമില്ലായ്മയാണ് പൂപ്പൽബാധയ്ക്ക് പ്രധാന കാരണം. പനിയുള്ളപ്പോഴും നാവിൽ മഞ്ഞനിറം കാണപ്പെടാറുണ്ട്. ഹൃദ്രോഗികളിൽ സ്ട്രോക്കിനു മുന്നോടിയായും നാവിൽ മഞ്ഞ നിറത്തിലുള്ള പൂപ്പൽബാധ കാണപ്പെടാറുണ്ടെന്നു വിദഗ്ദ്ധർ പറയുന്നു.

വേദനയില്ലാത്ത മുഴകൾ

നാവിൽ വേദയില്ലാത്ത മുഴകൾ കണ്ടാൽ സൂക്ഷിക്കാം. ഇവ വന്നു കഴിഞ്ഞ് ഒന്നുരണ്ടു ആഴ്ചകൾക്കുള്ളിൽ അപ്രത്യക്ഷമാകും. വായിൽ കാൻസർ വരുന്നതിനു മുമ്പുള്ള മുന്നറിയിപ്പാണിത്. വെളുത്ത നിറത്തിലോ ചുവപ്പു നിറത്തിലോ ഉള്ള ചെറിയ മുഴകളായിട്ടായിരിക്കും ഇവ നാവിൽ പ്രത്യക്ഷപ്പെടുന്നത്. നാവിൽ ഇത്തരത്തിൽ എന്തങ്കിലും അടയാളം കണ്ടാൽ ഉടൻതന്നെ ഡോക്ടറെ കാണാം. പുകവലിക്കുന്നവരിലാണ് കൂടുതലായും വായിൽ കാൻസർ കാണപ്പെടുന്നത്.

നാവിലെ വ്രണങ്ങൾ

സാധാരണയായി നാവിൽ അറിയാതെ കടിക്കുമ്പോഴാണ് ഇത്തരത്തിലുള്ള വ്രണങ്ങൾ ഉണ്ടാകുന്നത്. ഇങ്ങനെയല്ലാതെ നാവിൽ വരുന്ന വ്രണങ്ങൾ രണ്ടാഴ്ചയിലധികം നിൽക്കുകയാണെങ്കിൽ അത് കടുത്ത മാനസിക സമ്മർദത്തിന്റെയോ ഹോർമോണുകളുടെ അസന്തുലിതാവസ്ഥയുടെയോ ലക്ഷണമാകാം.

നാവിവു പുകച്ചിൽ

ആർത്തവ വിരാമത്തോടടുക്കുന്ന സ്ത്രീകൾക്കാണ് സാധാരണയായി നാവിനു പുകച്ചിൽ അനുഭവപ്പെടുന്നത്.

നാവിനു വയലറ്റ് നിറം

നാവില്‍ വയലറ്റ് നിറം വന്നാൽ രക്തയോട്ടം കുറയുന്നതിന്‍റെ സൂചനയാണത്. പ്രമേഹം, രക്തം കട്ടപിടിക്കുക എന്നീ രോഗങ്ങളുള്ളവരിലും നാവിനു വയലറ്റു നിറം കാണപ്പെടാറുണ്ട്.