Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വർഗത്തിൽ പോയി ദൈവത്തെ കാണുന്നതെങ്ങനെ?

extrasensory-perception

കണ്ണ്, ത്വക്ക്, ചെവി, മൂക്ക്, നാക്ക് എന്നീ പഞ്ചേന്ദ്രിയങ്ങൾ വഴിയാണ് ചുറ്റുപാടുകളിൽനിന്ന് സന്ദേശം മസ്തിഷ്ക്കത്തിനു ലഭിക്കുന്നത്. ശരീരത്തിനുള്ളിൽ നിന്നുള്ള വിവരങ്ങൾ ലഭിക്കുന്നത് സ്വതന്ത്രനാഡീവ്യൂഹത്തിലൂടെയും. ഇതര ജീവികളുമായി താരതമ്യപ്പെടുത്തുമ്പോൾ മനുഷ്യന്റെ ഈ സംവേദനേന്ദ്രിയങ്ങൾക്കു ചില പരിമിതികൾ ഉണ്ട്. പക്ഷികൾക്ക് ഏതാണ്ട് മനുഷ്യന്റെ അഞ്ചിരട്ടിയോളം കാഴ്ചശക്തിയുണ്ട്. പൂച്ചയ്ക്കു മനുഷ്യനേക്കാൾ ഏഴിരട്ടിയോളം സൂക്ഷ്മ ദൃഷ്ടിയുണ്ട്. നായ്ക്കളുടെയും പൂച്ചകളുടെയും ശ്രവണശേഷി മനുഷ്യനേക്കാൾ എത്രയോ ഇരട്ടിയാണ്. ദേശാടനപ്പക്ഷികൾക്കും ചില ശലഭങ്ങൾക്കും ദിക്ക്‌ ബോധം എന്നൊരു ഇന്ദ്രിയമുണ്ട്. കാന്തശക്തിയാണ് പക്ഷികളുടെ ദിക്ക്‌ബോധത്തെ നിയന്ത്രിക്കുന്നത്.
പരിസ്ഥിതിയിൽ വരുന്ന മാറ്റങ്ങൾ ഞൊടിയിടയ്ക്കുള്ളിൽ വിവേചിച്ചറിയാൻ ചില ജീവികൾക്കു കഴിയും. ഉറുമ്പുകളുടെ സംഘ നേതാവിന്റെ അടിവയറ്റിൽനിന്നു പുറത്തു വരുന്ന സ്രവത്തിന്റെ ഗന്ധത്തെ (pheromones) പിന്തുടർന്നാണ് ഉറുമ്പുകൾ ദിക്‌ബോധം പ്രകടമാക്കുന്നത്. എലികൾ സ്വന്തം മൂത്രഗന്ധമുപയോഗിച്ചാണ് കുടുംബാംഗങ്ങളെ തിരിച്ചറിയുന്നത്. പരിസ്ഥിതിയിൽ വരുന്ന മാറ്റങ്ങൾ ഞൊടിയിടക്കുള്ളിൽ വിവേചിച്ചറിയാൻ ചില ജീവികൾക്കു കഴിയും.

മനുഷ്യരുടെ ഇന്ദ്രിയങ്ങളുടെ പരിമിതികളെ മറികടക്കാൻ സഹായിക്കുന്ന ചില ഉപകരണങ്ങൾ കണ്ടുപിടിച്ചിട്ടുണ്ട്‌. അതിന്റെ സഹായത്താലാണ് നാം നമ്മെപ്പറ്റിയും ഈ ലോകത്തെപ്പറ്റിയും മനസ്സിലാക്കുന്നതും അതിജീവിക്കുന്നതും.

മനസ്സ് വായിക്കുന്ന ഉപകരണങ്ങൾ

മനുഷ്യമസ്തിഷ്കത്തെ, അതു പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾതന്നെ പഠിക്കാൻ സഹായിക്കുന്ന മസ്തിഷ്ക ബിംബാലേഖന രീതികൾ ഇന്ന് വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതിലൊന്നാണ് ഫങ്ഷണൽ മാഗ്നെറ്റിക് റെസൊണൻസ് ഇമേജിങ് (fMRi-Functional magnetic resonance imaging). മസ്തിഷ്കത്തിലുള്ള ഹൈഡ്രജൻ മാറ്റങ്ങളുടെ സ്വഭാവ സവിശേഷത, റേഡിയോ തരംഗങ്ങൾ, കാന്തിക മണ്ഡലം എന്നിവയുടെ സംയുക്തമായ പ്രവർത്തനമാണ് ഇതിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നത്.

ഗ്ലുക്കോസിന്റെ ഓട്ടോ റേഡിയോഗ്രാഫിയും സിടി സ്കാനിങ്ങിന്റെ കംപ്യൂട്ടർ അപഗ്രഥനവും സംയോജിപ്പിച്ചുകൊണ്ടുള്ള പോസിട്രോൺ എമിഷൻ ടോമോഗ്രഫി (positron emission tomography (PET-scan ), മധ്യ മസ്തിഷ്ക്കത്തിന്റെ നിയോ കോർട്ടെക്സിന്റെ വിവിധ ഭാഗങ്ങളിലൂടെയുള്ള രക്തത്തിന്റെ വിതരണം മസ്‌തിഷ്‌ക്ക കോശങ്ങളിൽ നടക്കുന്ന ഉപാപചയ പ്രവർത്തനത്തിന്റെ തോത് അനുസരിച്ച് മാറുന്നത് കണ്ടെത്തിയിട്ടുണ്ട്. ഏത് ഭാഗത്താണോ പ്രവർത്തനം കൂടുതൽ നടക്കുന്നത് ആ ഭാഗത്തേക്ക് രക്തം കൂടുതൽ പ്രവഹിക്കുന്നു. ഈ വസ്തുതയെ ആധാരമാക്കി രൂപം കൊടുത്ത റീജനൽ സെറിബ്രൽ ബ്ലഡ് ഫ്ലോ (RCBF- Regional Cerebral Blood flow) എന്ന പ്രതിബിംബനരീതി ഇന്ന് വികസിപ്പിച്ചെടുത്തിട്ടുണ്ട്. fMRI,PET, RCBF എന്നീ സാങ്കേതികവിദ്യകളുടെ സഹായത്തോടെ, ഒരാൾ ചിന്തിക്കുന്ന സമയത്തുതന്നെ അവരുടെ മസ്‌തിഷ്‌ക പ്രവർത്തനം നിരീക്ഷിക്കാവുന്ന നില വന്നിരിക്കുന്നു.

ഫങ്ഷണൽ മാഗ്നെറ്റിക് റെസൊണൻസ് ഇമേജിങ് (fMRI)

ഇതിന്റെ പ്രവർത്തന രീതി: നമ്മൾ ഒരു പ്രവൃത്തി ചെയ്യുമ്പോഴും ഓരോന്ന് ചിന്തിക്കുമ്പോഴും നമ്മുടെ മസ്തിഷ്‌കത്തിൽ സംഭവിക്കുന്ന രക്തയോട്ടത്തിന്റെ വേലിയേറ്റങ്ങളെ fMRI കാണിക്കുന്നു. ഈ ഏറ്റക്കുറച്ചിലുകളുടെ അനുപാതത്തിനനുസരിച്ചു ന്യൂറോസയന്റിസ്റ്റിന് നാം ഒരു സന്ദർഭത്തിൽ എന്താണ് ചിന്തിക്കുന്നതെന്ന് ഒരു പരിധി വരെ പറയാൻ കഴിയും.

ഇതിലെ കൗതുകകരമായ ഒരു വശം, നമ്മുടെ ചിന്തകൾ നാം തിരിച്ചറിയുന്നതിനു മുൻപുതന്നെ മനസ്സിലാക്കാൻ മെഷീനും ന്യൂറോസയന്റിസ്റ്റിനും കഴിയുമെന്നതാണ്. നമ്മുടെ മസ്തിഷ്‌കത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് ശേഷം ഏറ്റവും ചുരുങ്ങിയത് 350 മില്ലി സെക്കൻഡ് തൊട്ട് ആറ് സെക്കൻഡ് വരെ കഴിഞ്ഞതിന് ശേഷമാണ് നാം ആ ചിന്തയെപ്പറ്റി അറിയാറുള്ളു.

മസ്തിഷ്‌കത്തിന്റെ രക്തപ്രവാഹത്തിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് fMRI നിർണയിക്കുന്നത്. അതിലൂടെ മസ്തിഷ്‌കത്തിന്റെ വിവിധ ഭാഗങ്ങളുടെ പ്രവർത്തനക്ഷമത മനസിലാക്കാൻ കഴിയുന്നു. നാഡീവ്യൂഹപ്രവർത്തനങ്ങളുടെ ഫലമായുണ്ടാകുന്ന ഓക്സിജൻഉപയോഗത്തിന്റെ നില അളക്കുകയാണ് ഈ സങ്കേതത്തിൽ ചെയ്യുന്നത്. ട്യൂമറുകൾ, അൽഷിമേഴ്‌സ്, തലച്ചോറിലെ പരുക്ക്, രക്തപ്രവാഹ തടസ്സം തുടങ്ങിവ കണ്ടെത്താൻ fMRI ഉപയോഗിക്കുന്നു.

പോസിട്രോൺ എമിഷൻ ടോമോഗ്രഫി (PET)

ഗാമ വികിരണങ്ങൾ ഉപയോഗിച്ച് ശരീരത്തിന്റെ ത്രിമാന ചിത്രങ്ങളെടുക്കുന്ന ഏറ്റവും ആധുനിക രീതികളിലൊന്നാണ് PET. തലച്ചോറിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള രക്തപ്രവാഹവും കലകളുടെ ചയാപചയവും സംബന്ധിച്ചു കൃത്യമായ വിവരങ്ങൾ PET സ്കാൻ വഴി ലഭിക്കും. ഡിമെൻഷ്യ, തലച്ചോറിന്റെ തകരാറു മൂലമുള്ള മാനസിക രോഗങ്ങൾ എന്നിവയുടെ പഠനത്തിന് PET സ്കാൻ ഉപയോഗിക്കാറുണ്ട്.

ഇലക്ട്രോ ഇൻസെഫലോഗ്രഫി (EEG)

മസ്തിഷ്കത്തിലെ നാഡീവ്യൂഹകോശങ്ങൾ സൃഷ്ടിക്കുന്ന വൈദ്യുത സിഗ്നലുകൾ രേഖപ്പെടുത്തുന്ന സംവിധാനമാണ് EEG. തലയോട്ടിക്കു പുറത്ത് അനേകം ഇലക്ട്രോഡുകൾ ഘടിപ്പിച്ചാണ് സിഗ്നലുകൾ രേഖപ്പെടുത്തുന്നത്. അരമണിക്കൂർ നേരം തുടർച്ചയായി സിഗ്നലുകൾ രേഖപ്പെടുത്തി അവ തരംഗ രൂപത്തിൽ ലഭ്യമാക്കുകയാണ് EEG ചെയ്യുന്നത്. ഉറക്കപ്രശ്നങ്ങൾ, മസ്‌തിഷ്‌ക്കരോഗബാധ എന്നിവ മനസ്സിലാക്കാൻ EEG ഉപയോഗിക്കുന്നു.

ആധുനിക മസ്തിഷ്ക ബിംബാലേഖന രീതികളുടെ സഹായത്താൽ നമ്മുടെ ആന്തരിക വ്യാപാരങ്ങളെക്കുറിച്ചു കൃത്യമായ ധാരണയിലെത്താൻ ഗവേഷകർക്ക് കഴിയുന്നു. ഒറ്റനോട്ടത്തിൽ അത്ഭുതകരമാണെന്നു തോന്നുന്ന പല സംഗതികളുടെയും പൊരുളറിയാനും മഷ്തിഷ്ക ഗവേഷണത്തിനും ഈ സാങ്കേതികതകൾ സഹായിക്കുന്നു.

എന്തുകൊണ്ട് അസാധാരണമായ ഇന്ദ്രിയാനുഭവങ്ങൾ?

അപസ്മാരം, തലച്ചോറിനുണ്ടാകുന്ന ട്യൂമറുകൾ, അണുബാധ, സ്ട്രോക്ക്, രക്തസ്രാവം, സൈക്കോസിസ് തുടങ്ങിയവ ബാധിച്ച രോഗികൾക്ക് അസാധാരണമായ അനുഭവങ്ങൾ ഉണ്ടാകാറുണ്ട്. അപസ്മാര രോഗബാധിതർക്ക് ചില സമയങ്ങളിൽ ആനന്ദമൂർച്ഛ അനുഭവപ്പെടുന്നു.

മൈഗ്രൈൻ ഉള്ളവർക്ക് ചിലസമയങ്ങളിൽ കണ്ണിനു മുന്നിൽ തേജോഗോളങ്ങൾ പോലെ ചില കാഴ്ചകൾ അനുഭവപ്പെടാറുണ്ട്. (Metamorphosis)

മസ്തിഷ്ക രോഗബാധിതർ ചിലപ്പോൾ വ്യതിയാനങ്ങൾ അനുഭവിക്കുന്നു. അത് അപവ്യക്തിവൽക്കരണം (Depersonalization), അപസാക്ഷാത്ക്കാരം (Derealisation), ശാരീരിക, മാനസികമാറ്റങ്ങൾ (Somatopsychic), ഹ്രസ്വ കാരഭാവം (Hyposchematia), അമിതാകാരഭാവം (Hyperschematia) എന്നിവയാണ്.

മസ്തിഷ്‌കത്തിന്റെ പ്രവർത്തനങ്ങളിൽ ചില അപാകതയുണ്ടാവുകയും അതേസമയം സാധാരണ ജീവിതം നയിക്കാൻ സാധിക്കുകയും ചെയ്യുന്നവരും ഇടയ്ക്കിടെ വിചിത്രമായ ഇന്ദ്രിയാനുഭൂതികൾ അനുഭവിക്കുന്നു. സ്വർഗത്തിൽ പോയി ദൈവത്തിനെ കണ്ടെന്നും ആകാശത്തിലൂടെ പറന്നു പോയെന്നും അവർ പറയും. കൂടുവിട്ട് കൂട് മാറുന്നതുപോലെയോ -മാലാഖയായി മാറുന്നതുപോലെയോ ,ആത്മസംതൃപ്തി ലഭിക്കുന്ന പോലെയുമെല്ലാം ഇത്തരം ആളുകൾക്ക് തോന്നാറുണ്ട്.

മിഥ്യാവിശ്വാസികൾക്ക് (Delusional disorders) ചില സമയങ്ങളിൽ ദൈവമോ പിശാചോ തങ്ങളോട് സംസാരിക്കുന്നതായും തോന്നും. മതിഭ്രമവും ആഹ്‌ളാദവും വിഷാദവും മാറി മാറി വരുന്ന മാനിക് ഡിപ്രെസ്സിവ് സൈക്കോസിസ് (Manic Depressive Psychosis) ബാധിച്ചവർ ഹർഷോന്മാദം അനുഭവിക്കുന്നു.

മസ്തിഷ്കത്തിലെ ന്യൂറോണുകൾ അമിതമായി ഉത്തേജിപ്പിക്കപ്പെട്ട്‌ മഷ്തിഷ്കത്തിലെ വൈദ്യുത തരംഗങ്ങളിൽ ഉണ്ടാക്കുന്ന വ്യതിയാനം മൂലമോ നാഡീവ്യൂഹ ആവേഗങ്ങളെ നാഡീകോശങ്ങളിലേക്കും പേശികൾ, ഗ്രന്ഥികൾ എന്നിവയിലേക്കും പ്രേക്ഷണം ചെയ്യുന്ന ന്യൂറോ ട്രാൻസ്മിറ്ററുകളിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, മസ്തിഷ്‌കത്തിന്റെ പ്രവർത്തനത്തിലുണ്ടാക്കുന്ന അപാകതകൾ, മസ്തിഷ്‌കത്തിലെ രാസവസ്തുക്കളുടെ അളവിലും പ്രവർത്തനങ്ങളിലുമുള്ള ഏറ്റക്കുറച്ചിലുകൾ തുടങ്ങി നിരവധി ഘടകങ്ങളാണ് അസാധാരണമായ ഇന്ദ്രിയാനുഭവങ്ങൾ സൃഷ്ടിക്കുന്നതെന്ന് വിവിധ മസ്‌തിഷ്‌ക്കബിംബലേഖന സാങ്കേതികവിദ്യകളുടെ സഹായത്താൽ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.

നിരന്തരം തെറ്റായ കാര്യങ്ങൾ ആലോചിച്ചു കഴിയുന്നവരിൽ ചിലർക്ക് അവരുടെ സ്വയംബോധം നഷ്ടപ്പെടാറുണ്ട്. സ്വയംബോധത്തെ നിർമിക്കുന്ന മസ്‌തിഷ്‌ക വ്യവസ്ഥകൾ ചില സമയത്തു പ്രവർത്തനരഹിതമാകുന്നതു കൊണ്ടാണ് ഇതു സംഭവിക്കുന്നതെന്ന് പോസിട്രോൺ എമിഷൻ ടോമോഗ്രഫി സ്കാനിങ് (PET-SCAN)വഴി ഗവേഷകർക്കു മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.

ഒരാൾക്ക് പത്തുതലയുണ്ടെന്ന് തോന്നുക, ആകാശത്തിലൂടെ പറന്നു പോകുന്നതുപോലെ തോന്നുക, സ്വന്തം ശരീരത്തിനു പുറകിൽ നിഴലായി ആരോ നടക്കുന്നെന്ന തോന്നലോ ദൈവത്തെ കാണുന്നെന്ന തോന്നലോ ഉണ്ടാകുക തുടങ്ങിയ വിചിത്രമായ ഇന്ദ്രിയാനുഭൂതികൾ ഒരു ന്യൂറോളജിസ്റ്റിന് അവരുടെ ലാബിൽ ഒന്നുരണ്ട് ഇലക്ട്രോഡുകളുടെ സഹായത്താൽ നമുക്ക് അനുഭവവേദ്യമാക്കിത്തരാൻ കഴിയും.

കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് സോഫ്റ്റ്മെൻഡ്, ലക്ഷ്മി ഹോസ്പിറ്റൽ, അരൂർ

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.