Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേനൽക്കാലത്ത് ഈ 10 പഴങ്ങൾ കഴിച്ചാൽ?

Fruits

വേനല്‍കാലത്ത് ഒട്ടുമിക്കയാൾക്കാരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് നിർജലീകരണം. നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമായ ന്യൂട്രിയൻസിൽ ഒന്നാണ് വെള്ളം. ആരോഗ്യവാനായ ഒരാളുടെ ശരീരത്തിന്റെ 60–70ശതമാനം വരെ വെള്ളമുണ്ടായിരിക്കും. ശരീരത്തിന്റെ ഊഷ്മാവ് നിലനിർത്താൻ, ഓക്സിജൻ വഹിച്ചു കൊണ്ട് പോകാൻ, മാലിന്യം നീക്കം ചെയ്യാൻ, കോശങ്ങളുടെ നിർമാണത്തിന്, ശരിയായ ദഹനത്തിനും ആഗീരണത്തിനും എല്ലാം വെള്ളം കൂടിയേ തീരു.

വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താൻ ഉത്തമ മാർഗമാണ്. എന്നിരുന്നാലും ജലാംശം കൂടിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനോടൊപ്പം ശരീരത്തിന് ആവശ്യമായ പോഷണം നൽകാനും വിശപ്പു ശമിപ്പിക്കാനും സഹായിക്കുന്നു. നമുക്കു ചുറ്റുമുള്ള മിക്ക പഴങ്ങളിലും 80% മുകളിൽ ജലാംശമുണ്ട്. ഇവ കഴിക്കുന്നത് ധാരാളം വെള്ളവും ആവശ്യത്തിനു നാരുകളും വൈറ്റമിനുകളും മിനറലുകളും ആന്റിഓക്സിഡന്റുകളും വളരെ കുറച്ചു മാത്രം കലോറിയിൽ കിട്ടുകയും വിശപ്പു ശമിക്കുകയും ചെയ്യുന്നു.

തണ്ണിമത്തൻ

watermelon

94–95% വരെ ജലാംശമുള്ള തണ്ണിമത്തൻ കഴിക്കുമ്പോൾ ദാഹമകറ്റുന്നതിനോടൊപ്പം വിശപ്പും ശമിക്കുന്നു. കലോറി കുറഞ്ഞ വൈറ്റമിനും മിനറലും തണ്ണിമത്തനിൽ ധാരാളമടങ്ങിയിട്ടുണ്ട്. ഒപ്പം തന്നെ citrulline ഉം lycopene എന്നീ ശക്തമായ plant സംയുക്തങ്ങളാല്‍ സംപുഷ്ടമാണ് തണ്ണിമത്തൻ. മെച്ചപ്പെട്ട മെറ്റബോളിക് ഹെൽത് നല്‍കാനും രക്തസമ്മർദം കുറയ്ക്കാനും വ്യായാമ ശേഷം പേശികളിൽ ഉണ്ടാകുന്ന വിപത്ത് കുറയ്ക്കാനും തണ്ണിമത്തൻ സഹായിക്കുന്നു. തണ്ണിമത്തനിലെ ആന്റിഓക്സിഡന്റുകളും വൈറ്റമിനും അർബുദം പ്രതിരോധിക്കാനും ഹൃദയാരോഗ്യം നിലനിർത്താനും ത്വക്കിന്റെയും മുടിയുടെയും ആരോഗ്യത്തിനും നല്ലതാണ്.

സ്ട്രോബറി 

strawberry

ജ്യൂസി ഗുണത്തോടു കൂടിയ സ്ട്രോബറിയിൽ 91.5-92.5 ശതമാനംവരെ ജലാംശമുണ്ട്. വൈറ്റമിൻ സിയും മാംഗനീസും ഫോളേറ്റും പൊട്ടാസ്യവും ചെറിയ അളവിൽ മറ്റു വൈറ്റമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്ന സ്ട്രോബറിയിൽ ധാരാളം ആന്റിഓക്സിഡന്റും പ്ലാന്റ് സംയുക്തങ്ങളുമുണ്ട്. ഇവയെല്ലാം കൂടി സ്ട്രോബറിയെ ഒരു സൂപ്പർഫുഡ് ആക്കി മാറ്റുന്നു. ഇവയിലെ അന്നജത്തിൽ നാരുകളും അടങ്ങിയിട്ടുണ്ട്. സ്ട്രോബറിയിൽ പൊതുവേ ഗ്ലൈസീമിക്ഇൻഡക്സ് കുറഞ്ഞ ഒരു പഴം കൂടിയാണ്. അതിനാൽ മിതമായ തോതിൽ പ്രമേഹരോഗികൾക്കും കഴിക്കാം. ഇതു കൂടാതെ കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദം നിയന്ത്രിക്കാനും എരിച്ചിൽ കുറയ്ക്കാനും കാൻസറിനെ പ്രതിരോധിക്കാനും സ്ട്രോബറി സഹായിക്കുന്നു.

പപ്പായ

Papaya

വൈറ്റമിനുകളായ സി, എ, ബി എന്നിവയാൽ സമൃദ്ധയായ പപ്പായയിൽ 91–92% വരെ ജലാംശമുണ്ട്. മിനറലുകളും നാരുകളും കൂടാതെ latex pappain എന്ന എൻസൈമും ധാരാളം ആന്റിഓക്സിഡന്റുകളും പപ്പായയിൽ ഉണ്ട്. പ്രോട്ടീനിന്റെ ദഹനത്തെ എളുപ്പമാക്കുവാനും മലബന്ധം തടയാനും അമിതവണ്ണം നിയന്ത്രിക്കാനും പപ്പായ സഹായിക്കുന്നു. ഹൃദയാരോഗ്യത്തിനും രോഗപ്രതിരോധ ശക്തിക്കും ത്വക്കുകളുടെ സംരക്ഷണത്തിനും പപ്പായ ഉത്തമമാണ്.  പ്രമേഹം ഉള്ളവർക്കും മിതമായ തോതിൽ കഴിക്കാവുന്ന പപ്പായ കാൻസറിനെ പ്രതിരോധിക്കാനും സഹായിക്കുന്ന ഒരു ഫലമാണ്.

ഓറഞ്ച്

beauty-orange

ഓറഞ്ച് നാരുകളുടെ സ്രോതസ്സു കൂടിയാണ്. അതിനാൽതന്നെ ഇവ നല്ല ദഹനാരോഗ്യവും തരുന്നു. പലവിധ വൈറ്റമിനുകളും മിനറലുകളും ഓറഞ്ചിൽ കാണപ്പെടുന്നു. ഇവയിൽ പ്രധാനപ്പെട്ടവ വൈറ്റമിൻ സി, തയാമിൻ, ഫോളേറ്റ്, പൊട്ടാസ്യം തുടങ്ങിയവയാണ്. ആന്റിഓക്സിഡന്റുകളുടെയും നാരുകളുടെയും  കൂടി സ്രോതസായ ഓറഞ്ച് ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തിനും ഉത്തമമാണ്. ഓറഞ്ചിലെ സിട്രേറ്റും സിട്രിക് ആസിഡും വൃക്കയിൽ ഉണ്ടാകുന്ന ചില കല്ലുകളുടെ രൂപീകരണത്തെ തടയാൻ സഹായിക്കുന്നവയാണ്.

നെല്ലിക്ക

gooseburry

ധാരാളം ന്യട്രിയൻസ് പോളിഫിനോൾ, വൈറ്റമിൻ, അയൺ എന്നിവയാൽ സമൃദ്ധമായ നെല്ലിക്ക 87% ത്തോളം ജലാംശം ഉള്ള ഫലവർഗ്ഗങ്ങൾ വരുന്ന ഒന്നാണ്. വൈറ്റമിൻ സി ധാരാളം ഉള്ളതിനാൽ രോഗപ്രതിരോധ ശക്തിക്കും ചർമസംരക്ഷണത്തിനും മുടിവളർച്ചയ്ക്കും ഉത്തമമാണ്. ദഹനം എളുപ്പമാക്കാനും കാഴ്ചശക്തി കൂട്ടാനും നെല്ലിക്കാനീര് ഉപയോഗിച്ചു വരുന്നു. പ്രമേഹം, കൊളസ്ട്രോൾ, കാൻസർ എന്നീ രോഗം ഉള്ളവർക്കും ഉപയോഗിക്കാൻ ഉത്തമമായ ഒരു ഫലമാണ് നെല്ലിക്ക.

കൈതച്ചക്ക

pineapple

86%- 87% വരെ ജലാംശമുള്ള കൈതച്ചക്ക വൈറ്റമിനുകളായ എ, ബി, സി, ഇ, ആയൺ, കാൽസ്യം, പൊട്ടാസ്യം എന്നിവയുടെ ഒരു ശേഖരം കൂടിയാണ്. ഇവ കൂടാതെ വിവിധതരം എൻസൈമുകളും നാരുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുള്ള പൈനാപ്പിൾ, പ്രോട്ടീനിന്റെ ദഹനത്തിനുംകാൻസർ പ്രതിരോധിക്കാനും രോഗപ്രതിരോധ ശക്തിക്കും എല്ലുകളുടെയും നേത്രങ്ങളുടെയും ആരോഗ്യത്തിനുംരക്തസമ്മർദം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും ഉത്തമമായ ഒരു ഫലമാണ്.

മുന്തിരി

Grapes

ജലാംശം കൂടുതൽ ഉള്ള ഒരു ഫലം എന്നതിലുപരി മുന്തിരി മനുഷ്യാരോഗ്യത്തിന് വൈവിധ്യമാർന്ന ഗുണങ്ങള്‍ നല്‍കുന്ന ഒരു ഫലം കൂടിയാണ്. കാരണം ഇവ വൈറ്റമിനുകളായ എ, സി,  ബി6, ഫോളേറ്റ് അതുപോലെ ധാതുക്കളായ കാൽസ്യം, അയൺ, പൊട്ടാസ്യം ഇവയാൽ സമ്പന്നമാണ്. ദഹനക്കേട്, മലബന്ധം, ക്ഷീണം, എന്നിവ അകറ്റാനും കാഴ്ചശക്തി നിലനിർത്താനും മുന്തിരി ഉത്തമമാണ്.

മാങ്ങ

mango-fruit

പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന മാങ്ങയിലും നല്ലതോതിൽ തന്നെ ജലാംശമുണ്ട്. മാങ്ങയുടെ വ്യത്യസ്തത അനുസരിച്ച് 84–88% വരെ ജലാംശം മാങ്ങയിൽ ഉണ്ട്. ചെറിയ അളവിൽ പ്രോട്ടീനും വൈറ്റമിനും മിനറലുകളുമുള്ള മാങ്ങ രോഗപ്രതിരോധ ശക്തി നൽകുന്ന പഴം കൂടിയാണ്. ധാരാളം വൈറ്റമിൻ സിയും മറ്റ് ആന്റിോക്സിഡന്റുമുള്ള മാങ്ങയിൽ വൈറ്റമിൻ എയും ഇയും തയാമിനും റൈബോഫ്ലേവിനും ഫോളേറ്രുകളുമുണ്ട്. പൊതുവായി ഒരു എനർജി സോഴ്സ് ആയി ആണു കാണുന്നത്. നാരുകൾ ഉള്ളതുകൊണ്ടുതന്നെ ശരിയായ ദഹനത്തിനും ധാരാളം ആന്റിഓക്സിഡന്റും മിനറലുകളും വൈറ്റമിനുകളും ഉള്ളതിനാൽ കാൻസർ പ്രതിരോധിക്കാനും പൊട്ടാസ്യം  ഉള്ളതിനാൽ പക്ഷാഘാതം പ്രതിരോധിക്കാനും ഹൃദയാരോഗ്യത്തിനും മാങ്ങ ഉപയോഗിച്ചു വരുന്നു. കാഴ്ചശക്തിയും ഓർമശക്തിയും നിലനിർത്താനും ഇതു സഹായിക്കുന്നു. പൊതുവായി പറഞ്ഞാൽ മാങ്ങ ഒരു സൂപ്പർ ഫുഡ് തന്നെയാണ്.

ആപ്പിൾ

eating-apple

82-85% വരെ ജലാംശമാണ് ആപ്പിളിൽ കാണപ്പെടുന്നത്. നിരവധി ആരോഗ്യഗുണങ്ങളുള്ള ആപ്പിളിൽ നാരുകളും വൈറ്റമിൻ സിയും മറ്റ് ആന്റിഓക്സിഡന്റുകളും പ്ലാന്റ് സംയുക്തങ്ങളും ധാരാളമായുണ്ട്. സോല്യുബിൾ ഫൈബർ കൊളസ്ട്രോൾ കുറയ്ക്കാനും പോളിഫിനോൾ രക്തസമ്മർദവും പക്ഷാഘാതവും കുറയ്ക്കാനും സഹായിക്കുന്നു. ആപ്പിളിലെ നാരുകൾ ശരീരത്തിൽ ആരോഗ്യകരമായ ബാക്ടീരിയയുടെ വളർച്ചയ്ക്കും പൊണ്ണത്തടി കുറയ്ക്കാനും സഹായിക്കുന്ന ഒന്നു കൂടിയാണ്. ഇവ കൂടാതെ ഹൃദയത്തിന്റെ ആരോഗ്യത്തിനും ഓർമശക്തി നിലനിർത്താനും ആപ്പിൾ സഹായിക്കുന്നു.

ജാമ്പയ്ക്ക

Rose apple

നമ്മുടെ വീട്ടുവളപ്പിൽ സർവ്വസാധാരണമായി കാണുന്ന ജാമ്പയ്ക്കയിൽ 83–84% യും വെള്ളം തന്നെയാണ്. ഇവ വൈറ്റമിൻ സി, നാരുകൾ, വൈറ്റമിൻ എ,തയാമിൻ എന്നിവയാലും നാരുകളാലും മറ്റു ചില മിനറലുകളാലും സംപുഷ്ടമാണ്. വൈറ്റമിനുകളും മിനറലുകളും കൂടാതെ ധാരാളം ആന്റിഓക്സിഡന്റുകളുമുണ്ട്. ഇവ കഴിക്കുമ്പോൾ ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനോടൊപ്പം ദഹനപ്രക്രിയക്ക് സഹായിക്കുകയും ആർബുദം പ്രതിരോധിക്കാനും കൊളസ്ട്രോൾ നിയന്ത്രിക്കാനും രോഗപ്രതിരോഗ ശക്തി കൂട്ടാനും കരളിലെ വിഷാംശം നീക്കാനും സഹായിക്കുന്നു. ജാമ്പയ്ക്ക പ്രമേഹരോഗികൾക്ക് ഏറെ ഉത്തമമാണ്.

Your Rating: