Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്തസമ്മർദമുള്ളവർക്ക് മധുരക്കിഴങ്ങും ബീൻസും കഴിക്കാമോ?

507258308

ലോകത്ത് കോടികണക്കിനു പേരെ ബാധിക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നമാണ് രക്താതിമർദം. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം പക്ഷാഘാതം മൂലമുള്ള 51 ശതമാനം മരണങ്ങൾക്കും 45% ഹൃദ്രോഗമരണങ്ങൾക്കും ഉയർന്ന രക്തസമ്മർദമാണ് കാരണം.

സോഡിയം അടങ്ങിയ ഭക്ഷണം  കഴിക്കുന്നത് രക്തസമ്മർദം കുറയ്ക്കുമെന്ന് മുൻപ് തെളിഞ്ഞിട്ടുണ്ട്. ഇപ്പോൾ സ്തേൺ കാലിഫോർണിയ സർവകലാശാലയിലെ കെക് സ്കൂൾ ഓഫ് മെഡിസിനിലെ പ്രൊഫസറായ അലീഷ്യ മക്ഡോണോയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ പൊട്ടാസ്യം കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കുന്നതും രക്തസമ്മർദം കുറയ്ക്കാൻ സഹായകമാണ് എന്ന് തെളിഞ്ഞു.

മധുരക്കിഴങ്ങ്, ബീൻസ്, ഏത്തപ്പഴം, വെണ്ണപ്പഴം, പച്ചച്ചീര ഇവയെല്ലം പൊട്ടാസ്യം ധാരാളം അടങ്ങിയ വസ്തുക്കളാണ്. ഇവയുടെ ഉപയോഗം രക്തസമ്മർദം കുറയ്ക്കുമെന്ന് പഠനത്തിൽ തെളിഞ്ഞു.

അമേരിക്കൻ ജേണൽ ഓഫ് ഫിസിയോളജി, എൻഡോക്രൈനോളജി അന്‍ഡ് മെറ്റബോളിസത്തിൽ പ്രസിദ്ധീകരിച്ച ഈ പഠനം ഭക്ഷണത്തിലെ സോഡിയവും പൊട്ടാസ്യവും രക്തസമ്മർദത്തെ എങ്ങനെ ബാധിക്കുന്നുവെന്നു പരിശോധിച്ചു. ഇതിനായി ജനസംഖ്യാ, തന്മാത്ര, ഇന്റർവെൻഷണൽ പഠനങ്ങള്‍ പരിശോധിച്ചു.

ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയ ഭക്ഷണം കുറഞ്ഞ രക്തസമ്മർദവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നിരവധി ജനസംഖ്യാ പഠനങ്ങൾ പരിശോധിച്ചതിൽ നിന്നും തെളിഞ്ഞു. പൊട്ടാസ്യം സപ്ലിമെന്റുകൾ ഉപയോഗിച്ചുള്ള ഇന്റർവെൻഷണല്‍ പഠനങ്ങളും പൊട്ടാസ്യം ഗുണം ചെയ്യുമെന്ന് തെളിയിച്ചു. എലികളെ ഉപയോഗിച്ച് അടുത്തിടെ നടത്തിയ പഠനങ്ങളും ഉയർന്ന രക്തസമ്മർദത്തിന് പൊട്ടാസ്യം നൽകുന്ന ഗുണഫലങ്ങള്‍ മനസ്സിലാക്കാന്‍ പരിശോധിച്ചു.

രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവ് നിയന്ത്രിക്കാൻ സോഡിയത്തെ ഉപയോഗിച്ച് ഒരു നിയന്ത്രിത പ്രവർത്തനം നടത്തുന്നു എന്നും ഇത് ഹൃദയത്തിന്റെയും നാഡികളുടെയും പേശികളുടെയും പ്രവർത്തനത്തിന് വളരെ പ്രധാനമാണെന്നു പഠനം പറയുന്നു.

ഭക്ഷണത്തിലെ പൊട്ടാസ്യം കുറയുമ്പോൾ കുറഞ്ഞ അളവിലുള്ള പൊട്ടാസ്യം പിടിച്ചു നിർത്താൻ സോഡിയം റിറ്റെൻഷനിലൂടെ നിയന്ത്രിത പ്രവർത്തനം നടത്തുന്നു. ഇത്  ഉയർ‌ന്ന അളവിൽ  സോഡിയം അടങ്ങിയ ഭക്ഷണം കഴിക്കുന്നതിനു തുല്യമാണ്.

രക്തസമ്മർദം കുറയ്ക്കാനായി മുതിർന്ന ഒരു വ്യക്തി ദിവസവും കുറഞ്ഞത് 4.7 ഗ്രാം പൊട്ടാസ്യം ഉപയോഗിക്കണമെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻ 2004 ൽ റിപ്പോർട്ട് ചെയ്തത്. ഈ അളവിൽ പൊട്ടാസ്യം കഴിക്കുന്നത് കല്ലും ബോൺലോസും വരാതെ സംരക്ഷിക്കുകയും ചെയ്യും.

പഴങ്ങളും പച്ചക്കറികളും പ്രത്യേകിച്ച് പൊട്ടാസ്യം ധാരാളം അടങ്ങിയ ഭക്ഷ്യവസ്തുക്കൾ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രക്തസമ്മർദം കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഈ പഠനം പറയുന്നു.