ഇവ കഴിക്കൂ... ഉഷാറാകാം

നാം ഇന്ന് ജങ്ക്ഫുഡ്, പ്രോസസ്ഡ് ഫുഡ് തുടങ്ങി അനാരോഗ്യ ഭക്ഷണത്തിന്റെ അടിമകളായി തീർന്നിരിക്കുന്നു. ഈ ഭക്ഷണശീലം നമ്മളെ അസന്തുഷ്ടരും ഉത്കണ്ഠാകുലരും വിഷണ്ണരും ആക്കുന്നു. പലപ്പോഴും ഒന്നിനും ഒരു മൂഡില്ലാത്ത അവസ്ഥ തോന്നാറുണ്ടോ? എങ്കിൽ മൂഡ് മാറ്റുന്ന ചില ഭക്ഷണങ്ങൾ പരീക്ഷിച്ചു നോക്കൂ. വിഷാദമൊക്കെ പമ്പ കടക്കും. ഉന്മേഷവും ഊർജ്ജവും ഉത്സാഹവും നൽകുന്ന ആ ഭക്ഷണങ്ങൾ ഏതൊക്കെ എന്നു നോക്കിയാലോ?

∙ പഴം : ഊർജ്ജം പ്രദാനം ചെയ്യുന്നു. പൊട്ടാസ്യത്തിന്റെ കലവറ. ഇത് ഹൃദയത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തെ സഹായിക്കുന്നു. പഴത്തിൽ ടിപ്റ്റോഫാൻ എന്ന അമിനോ ആസിഡ്, കൂടാതെ ജീവകം എ, ബി 6, സി, നാരുകൾ, ഫോസ്ഫറസ്, ഇരുമ്പ്, അന്നജം ഇവയും അടങ്ങിയിരിക്കുന്നു. തലച്ചോറിൽ ട്രിപ്റ്റോഫാന്റെ ആഗിരണത്തിന് അന്നജം സഹായിക്കുന്നു. ജീവകം B6, ട്രിപ്റ്റോഫാനിനെ സെറോടോണിൻ എന്ന ഹോർമോൺ ആയി മാറ്റാൻ സഹായിക്കുന്നു. ഈ ഹോർമോൺ നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു.

∙ ഡാർക്ക് ചോക്കളേറ്റ് : പതിവായി ചോക്കളേറ്റ് കഴിക്കൂ. സ്ട്രെസ് ഹോർമോണുകളുടെ  അളവ് കുറയുന്നതായി കാണാം. ചോക്കളേറ്റിൽ അടങ്ങിയ നിരോക്സീകാരികൾ തലച്ചോറിലെ രക്തപ്രവാഹം കൂട്ടുന്നു.

∙ മുട്ട : സിങ്ക്, ജീവകം ബി, അയഡിൻ, മൂഡ് മെച്ചപ്പെടുത്തുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ ഇവ അടങ്ങിയിരിക്കുന്നു.

∙ ഓട്സ് : ഗ്ലൈസീമിക് ഇൻഡക്സ് കുറവായതിനാൽ ഊർജ്ജത്തെ സാവധാനം മാത്രം പുറത്തു വിടുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. മാനസികാവസ്ഥ മെച്ചപ്പെടുത്തുന്ന ധാതുവായ സെലെനിയവും ഓട്സിൽ ഉണ്ട്.

∙ മത്സ്യം : (oily fish) മത്സ്യത്തിലടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ് മൂഡ് മെച്ചപ്പെടുത്തുന്നു. ഒമേഗ 3 ഫാറ്റി ആസിഡ് നമ്മുടെ ശരീരം ഉൽപാദിപ്പിക്കുന്നില്ല. ഭക്ഷണത്തിലൂടെയാണ് അവ ശരീരത്തിലെത്തുന്നത്. അയല, മത്തി, മുതലായ മത്സ്യങ്ങൾ പതിവായി കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിനും നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും നല്ലതാണ്.

∙ നട്സ് : ദിവസവും ഒരു പിടി അണ്ടിപ്പരിപ്പ് കഴിക്കുന്നത് ഒരു ദിവസത്തെക്കാവശ്യമുള്ള ഊർജ്ജം നൽകുന്നു. ബദാം, കശുവണ്ടി ഇവയിൽ അടങ്ങിയ മഗ്നീഷ്യം പഞ്ചസാരയെ ഊർജ്ജമാക്കി മാറ്റി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.

∙ ചീര : ജീവകം ബി യുടെ കുറവ് വിഷാദവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചീരയിലും ബ്രൊക്കോളിയിലും ഫോളേറ്റ്, ജീവകം B3, B6, B12 ഇവ അടങ്ങിയിട്ടുണ്ട്. ഇത് മൂഡ് മെച്ചപ്പെടുത്തും.

∙ തൈര് : കാൽസ്യം ധാരാളം അടങ്ങിയിരിക്കുന്നു. കാൽസ്യം കൂടുന്നത് ന്യൂറേട്രാൻസ്മിറ്ററുകളെ ശരീരം പുറത്തുവിടാൻ സഹായകം ആണ്. ഉത്കണ്ഠ അലട്ടുന്നുണ്ടെങ്കിൽ അൽപ്പം തൈര് ഉപയോഗിക്കാവുന്നതാണ്. അത് നമ്മുടെ മാനസികനില മെച്ചപ്പെടുത്തും.

∙ ശതാവരി : ട്രപ്റ്റോഫാൻ ധാരാളം അടങ്ങിയ സസ്യം. ഫോളേറ്റും ശതാവരിയിൽ ധാരാളമുണ്ട്. ഇവ രണ്ടും സെറോടോണിൻ ഹോർമോണിന്റെ ഉൽപ്പാദനത്തിനു സഹായിക്കുന്നു.

∙ വെള്ളം : ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് വെള്ളം വളരെ പ്രധാനമാണ്. ചെറിയ അളവിലെ ജലനഷ്ടം പോലും ശാരീരികവും മാനസികവുമായ സൗഖ്യത്തെ ബാധിക്കും. ദിവസം ഒന്നു മുതൽ രണ്ടു ലിറ്റർ വരെ വെള്ളം കുടിക്കാം.

ഈ ആരോഗ്യ ഭക്ഷണങ്ങൾ ശീലമാക്കുന്നതോടൊപ്പം മികച്ച ആരോഗ്യത്തിനായി നിങ്ങളുടെ ഡോക്ടറിൽ നിന്ന് ആരോഗ്യ നുറുങ്ങുകളും സമ്പാദിക്കൂ. ദിവസം മുഴുവൻ ഊർജ്ജസ്വലമായിരിക്കാൻ എല്ലാവർക്കും കഴിയട്ടെ.

Read More : Healthy Food