Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഷാദ രോഗത്തെ അതിജീവിച്ച വഴികൾ തുറന്നുപറഞ്ഞ് ദീപിക പദുകോൺ

dipike

വിഷാദ രോഗത്തെ നേരിട്ടതും അതിജീവിച്ചതുമായ വഴികൾ തുറന്നുപറഞ്ഞ് ദീപിക പദുകോൺ. ലോക മാനസികാരോഗ്യദിനത്തിലാണ് #NotAshamed എന്ന ഹാഷ്ടാഗിട്ട് താരം വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. 

‘ 2012 മുതൽ ഞാൻ വിഷാദത്തിന്റെ പിടിയിലായിരുന്നു. ഇത് എട്ടുമാസം നീണ്ടുനിന്നു. ഇതിന്റെ വേദനയും സ്ട്രസും വിട്ടുപോകാൻ ബുദ്ധിമുട്ടാണ്. പെട്ടെന്നൊരു ദിവസം ചെവിവേദനയും എന്തൊക്കെയോ അസ്വസ്ഥതകളുമായാണ് വിഷാദം എന്നിലേക്കെത്തിയത്. വിഷാദരോഗത്തെക്കുറിച്ച് വിശദീകരിക്കുവാൻ സാധിക്കില്ല. അത്രയും മാനസിക അസ്വസ്ഥതകളിലൂടെയാകും കടന്നുപോകുക. ജീവിക്കുന്നത് എന്തിനു വേണ്ടിയെന്നും ചിന്തിക്കും, ഒന്നിലും സന്തോഷം കണ്ടെത്താൻ സാധിക്കില്ല’ – ദീപിക പറയുന്നു.

‘പല്ലു തേയ്ക്കുക തുടങ്ങിയ ചെറിയ കാര്യങ്ങൾ ചെയ്യാൻവരെ ബുദ്ധിമുട്ട് അനുഭവപ്പെടും. അതിനെല്ലാം ഒരുപാട് ഊർജം ആവശ്യമാണെന്നു തോന്നും. ഇതിനെയെല്ലാം ക്ഷമയോടെ അഭിമുഖീകരിക്കണമെന്നാണ് എനിക്കു പറയാനുള്ളത്. ഈ സമയവും കടന്നു പോകും.

ഇന്ത്യയിൽ വിഷാദരോഗം കണ്ടെത്തിയവരിൽ 90 ശതമാനം പേരും സഹായം തേടുന്നില്ല. വിഷാദരോഗമുള്ളവർക്ക് വേണ്ടത് പ്രഫഷനൽ സഹായമാണ്. ഓരോ ദിവസവും ഉണരാൻ പോലും ഞാൻ ഭയന്നു, കാരണം ആ ദിവസത്തെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ടു തന്നെ. ഉറക്കം മാത്രമായിരുന്നു ആകെയുണ്ടായിരുന്ന രക്ഷപ്പെടൽ. ആൾക്കൂട്ടത്തിൽ നിൽക്കാൻ ഭയമായിരുന്നു. 

വിഷാദം ഒരു രോഗമാണെന്നു തിരിച്ചറിയുകയും അതു തുറന്നു പറയാൻ ധൈര്യം കാണിക്കുകയും ചെയ്താൽത്തന്നെ രോഗത്തോടുള്ള പോരാട്ടം എളുപ്പമാകും. സ്വന്തം അനുഭവത്തിൽനിന്ന് എനിക്കിതു പറയാനാകും. ഇതൊരു രോഗാവസ്ഥയാണെന്നു തിരിച്ചറിഞ്ഞു ചികിത്സ തേടണം’– ദീപിക പറഞ്ഞു. 

വിഷാദത്തെ അതിജീവിച്ചവൾ എന്നു വിശേഷണത്തോടെ ഒരു ചിത്രവും ദീപിക പോസ്റ്റുചെയ്തു.  Live Love Laugh Foundation (LLLF)നാണ് യുട്യൂബിൽ വിഡിയോ പോസ്റ്റു ചെയ്തത്.  LLLFന്റെ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി, വിഷാദരോഗത്തെ അതിജീവിച്ചവർ അവരവരുടെ കഥകൾ പരിപാടിയിൽ പങ്കുവച്ചിരുന്നു.