Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാറുന്ന ലോകവും യുവാക്കളും

919910928

ജീവിതത്തിലെ സുപ്രധാന കാലഘട്ടം ഏതെന്നു ചോദിച്ചാൽ  കുട്ടിക്കാലമെന്നാകും മിക്കവരുടെയും മറുപടി. എന്നാൽ മനസ്സു നിറഞ്ഞ് ജീവിതം ആസ്വദിച്ച കാലം ഏതെന്നു ചോദിച്ചാൽ മിക്ക ആളുകളും പറയുന്നത് യൗവനത്തെക്കുറിച്ചാകും .ഏതൊരു സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും വളർച്ചയുടെ നിര്‍ണായക ശക്തി യുവാക്കളാണ്. കരുത്തും ആവേശവും  ധീരതയുമുള്ള യുവാക്കളെ സൃഷ്ടിച്ചെടുക്കേണ്ടത് സമൂഹത്തിന്റെ പുരോഗതിക്ക്  അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് യുവാക്കളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കേണ്ടതുണ്ട്.

ലോകാരോഗ്യ സംഘടനയുടെ  ഈ വർഷത്തെ മാനസിക ആരോഗ്യദിനത്തിൽ  യുവാക്കളുടെ മാനസികാരോഗ്യത്തിനാണ് ഊന്നൽ. ‘മാറുന്ന ലോകത്തിലെ യുവജനങ്ങളും മാനസികരോഗ്യവും’ എന്നതാണ് ചിന്താവിഷയം. യുവാക്കളുടെ പ്രശ്നങ്ങൾ കണ്ടെത്താനും അവരുടെ മാനസികാരോഗ്യം നിലനിർത്തുന്നതിനു വേണ്ട കാര്യങ്ങൾ ചെയ്യാനും വേണ്ടിയാണ് ലോകാരോഗ്യ സംഘടന ഈ വർഷം യുവാക്കളുടെ മാനസികാരോഗ്യത്തിനു പ്രാധാന്യം നൽകിയിരിക്കുന്നത്. 

ഇന്നത്തെ യുവാക്കളിൽ കണ്ടുവരുന്ന സൈബർ ബുള്ളിയിങ്, വിഷാദരോഗം, ആത്മഹത്യ, ലൈംഗിക ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ,അവരുടെ  മാനസികാരോഗ്യം തുടങ്ങിയ വിഷയങ്ങൾക്കാണ്  ഇത്തവണ വേൾഡ് ഫെഡറേഷൻ ഓഫ് മെൻറൽ ഹെൽത്ത് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളടക്കം ഇന്റർനെറ്റിലൂടെ ഒരാളെ ഭീഷണിപ്പെടുത്തുന്നതും വ്യക്തിഹത്യ നടത്തുന്ന രീതിയിൽ സന്ദേശങ്ങളോ ചിത്രങ്ങളോ അയക്കുന്നതും അവ പ്രചരിപ്പിക്കുന്നതുമൊക്കെയാണ് പ്രധാനമായും  സൈബർ ബുളളിയിങ്ങിന്റെ പരിധിയിൽ വരുന്നത്. 2011ല്‍ രാജ്യത്ത് 13,301 സൈബര്‍ കേസുകളാണ് റജിസ്റ്റര്‍ ചെയ്തിരുന്നത്. 2012 ല്‍ ഇത് 22,060 ആയും 2013 ല്‍ 71,780 ആയും 2014 ല്‍ 149,254 ആയും ഉയര്‍ന്നതായി നാഷനൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ രേഖകളിലുണ്ട്.

ഒരു വ്യക്തിക്കോ ഗ്രൂപ്പിലോ നിന്ദ്യമായ ഭാഷയിലുള്ള സന്ദേശങ്ങൾ, ലൈംഗികചുവയുള്ള സംഭാഷണം, അശ്ലീല ചിത്രങ്ങൾ, അശ്ലീല വിഡിയോ എന്നിവ അയയ്ക്കുക, അപകീർത്തികരമായ സന്ദേശങ്ങളോ ചിത്രങ്ങളോ പ്രചരിപ്പിക്കുക, മറ്റൊരാളുടെ ഇമെയിലോ സോഷ്യൽ മീഡിയ അക്കൗണ്ടോ ഹാക്ക് ചെയ്ത് അപവാദ പ്രചാരണത്തിന് ഉപയോഗിക്കുക. ഹാക്ക് ചെയ്യപ്പെട്ട വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുക, വ്യാജ ഐഡി ഉണ്ടാക്കി മറ്റുള്ളവർക്കു സന്ദേശങ്ങൾ അയയ്ക്കുക, വ്യക്തിഹത്യ നടത്തുക, ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുക എന്നിവയെല്ലാം സൈബർ ബുള്ളിയിങ് ആണ്. 

സോഷ്യൽ മീഡിയയിലൂടെ ഉള്ള ഇത്തരം ഭീഷണികൾക്കു പിന്നിൽ മിക്കപ്പോഴും യുവാക്കളാണ്. സ്ത്രീകളും കുട്ടികളുമാണ് സൈബര്‍ ബുള്ളിയിങ്ങിന്റെ ഇരകളിലധികവും. യുവാക്കളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന മാനസികപ്രശ്നമാണ് വിഷാദരോഗം. കടുത്ത വിഷാദത്താൽ ആത്മഹത്യ ചെയ്യുന്ന യുവാക്കളുടെ എണ്ണം ഇന്നു വളരെ കൂടുതലാണ്. സ്ഥായിയായ വിഷാദഭാവം, ഉറക്കക്കുറവ്, കരച്ചിൽ, ഭക്ഷണത്തോടുള്ള വിരക്തി, ഉന്മേഷമില്ലായ്മ, സമൂഹത്തിൽനിന്നും മറ്റുള്ളവരിൽനിന്നും ഒഴിഞ്ഞു മാറി നിൽക്കുക,  ജോലിയിൽ താൽപര്യം നഷ്ടപ്പെടുക, എന്നെ സഹായിക്കാൻ ആരും ഇല്ലെന്നും (Helplessness) മുന്നോട്ട് ജീവിച്ചിട്ടു കാര്യമില്ലെന്നും (Hopelessness) എന്റെ ജീവിതം കൊണ്ട് ആർക്കും ഉപകാരമില്ലെന്നും തോന്നുക (Worthlessness)  എന്നിങ്ങനെയുള്ള രോഗലക്ഷണങ്ങളോടൊപ്പം ആത്മഹത്യാപ്രവണതയും പ്രകടിപ്പിച്ചേക്കാം.

15 മുതൽ 29 വയസ്സു വരെയുള്ള ആളുകളുടെ മരണത്തിനു പിന്നിലുള്ള രണ്ടാമത്തെ പ്രധാന കാരണം ആത്മഹത്യയാണെന്നു പഠനങ്ങൾ പറയുന്നു. ശാരീരികവും ബൗദ്ധികവും മാനസികവും സാമൂഹികവുമായ ഒട്ടനവധി മാറ്റങ്ങളിലൂടെയാണ് യുവാക്കൾ കടന്നു പോകുന്നത്. ലൈംഗിക ന്യൂനപക്ഷങ്ങളിൽ പെടുന്ന ഒരുപാടു യുവാക്കൾ നമ്മുടെ സമൂഹത്തിൽ ഇന്നുണ്ട്. പലവിധ മാനസിക പ്രശ്നങ്ങളിലൂടെയാണ് അവർ കടന്നു പോകുന്നത്.  സ്വവർഗ പ്രണയവും ലൈംഗികതയും അടുത്ത കാലം വരെ ഇന്ത്യയിൽ കുറ്റകരമായിരുന്നു. പല രാജ്യങ്ങളിലും ലൈംഗിക ന്യൂനപക്ഷങ്ങളെ ശാരീരികവും മാനസികവുമായി ഉപദ്രവിക്കുകയും കൈയേറ്റം ചെയ്യുകയും അർഹമായ മാനുഷിക പരിഗണന പോലും കൊടുക്കാതെ സാമൂഹികമായി ഒറ്റപ്പെടുത്തുകയും ചെയ്തിരുന്നു. അടിച്ചമർത്തലും ഒറ്റപ്പെടുത്തലുമൊക്കെ അനുഭവിക്കേണ്ടിവരുന്ന ലൈംഗിക ന്യൂനപക്ഷങ്ങൾ പല തരത്തിലുള്ള മാനസിക പ്രശ്നങ്ങളിലേക്ക് എത്തുമെന്നും  അത് അവരെ വിഷാദ രോഗത്തിലേക്കും ആത്മഹത്യയിലേക്കും നയിക്കുമെന്നും പഠനങ്ങൾ പറയുന്നു.

സ്ത്രീയെയും പുരുഷനെയും മാത്രമല്ല  ലൈംഗിക ന്യൂനപക്ഷത്തെയും ഉൾകൊള്ളുന്ന ലിംഗ സമത്വത്തിനായി യുവജങ്ങളെ ബോധവന്മാരാക്കുകയും നിയമങ്ങൾ അനുവാദം തരുമ്പോഴും സ്വവർഗപ്രണയത്തെ മാനസിക രോഗമായി കണക്കാക്കുന്ന സമൂഹത്തിന് ബോധവൽക്കരണം നൽകുകയും വേണം. ലൈംഗിക ന്യൂനപക്ഷങ്ങളെ ഉൾകൊള്ളാൻ പാകത്തിന് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിൽ മാറ്റങ്ങൾ ഉണ്ടാക്കി ലൈംഗിക ന്യൂനപക്ഷങ്ങളെ സ്വാഗതം ചെയ്യുന്ന ഒരു സമൂഹത്തെ നിർമിക്കാനുള്ള ശ്രമം പ്രധാനമാണ്. മാറുന്ന ലോകത്തിൽ യുവാക്കൾ കടന്നുപോകുന്ന പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിച്ച് അവരുടെ മാനസികാരോഗ്യം നിലനിർത്താനായാൽ ഏതൊരു സമൂഹവും പുരോഗതിയിലേക്കെത്തും.