ആശങ്ക വേണ്ട; കുടിച്ചോളൂ കാർബണേറ്റഡ് ഡ്രിങ്ക്സ്

കടുത്ത ചൂടുകാലത്ത് കാർബണേറ്റഡ് ശീതളപാനീയങ്ങൾക്കു പിന്നാലെ പായുന്നവരാണ് അധികവും. എന്നാൽ കാർബണേറ്റഡ് ശീതളപാനീയങ്ങൾ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമോ എന്ന ആശങ്ക പലർക്കുമുണ്ട്. ഇതുസംബന്ധിച്ച് ഗവേഷകർ നടത്തിയ പഠനത്തിൽ നിന്നും അവരെത്തിച്ചേർന്ന നിഗമനം കാർബേണേറ്റഡ് ഡ്രിങ്ക്സ് ഇഷ്ടപ്പെടുന്നവർക്ക് ആശ്വസിക്കാനുള്ള വക നൽകുന്നുണ്ട്.

കാര്‍ബണേറ്റഡ് ശീതള പാനീയം ഒരിക്കലും ആരോഗ്യത്തിന് ദോഷകരമല്ലെന്നും അതിലടങ്ങിയ അമിതകമായ അളവിലുള്ള പഞ്ചസാരയാണ് വില്ലനെന്നുമാണ് പുതിയ പഠനം അവകാശപ്പെടുന്നത്. പാനീയത്തിൽ അടങ്ങിയ പഞ്ചസാരയുടെ അളവാണ് നിങ്ങളെ കുഴപ്പത്തിലാക്കുന്നത്. നിങ്ങളുടെ അമിതവണ്ണത്തിനു കാരണമാകുന്നതും ഇതേ ഘടകം തന്നെ. ഇനി വേനൽച്ചൂട് ശമിപ്പിക്കാൻ കാർബണേറ്റഡ് പാനീയം തിരഞ്ഞുപോകുമ്പോൾ അമിതമായ അളവിൽ പഞ്ചസാര അടങ്ങിയ പാനീയങ്ങൾ വേണ്ടെന്നു വയ്ക്കാൻ ശ്രദ്ധിക്കുമല്ലോ.

പഞ്ചസാര അടങ്ങാത്ത കാർബേണേറ്റഡ് പാനീയങ്ങൾ കഴിക്കുന്നതുകൊണ്ട് ദോഷമില്ല. കൃത്രിമ മധുരപദാർഥങ്ങളും കൃത്രിമനിറങ്ങളും ഇവയിൽ അടങ്ങിയിട്ടില്ലെന്നു കൂടി ഉറപ്പാക്കണം. കാർബണേറ്റഡ് പാനീയങ്ങൾക്ക് മധുരമില്ലായ്മ മൂലം രുചിക്കുറവ് തോന്നുന്നുണ്ടെങ്കിൽ അൽപം പഴച്ചാറ് ചേർത്താൽ മതി. പ്രകൃതിദത്തമായ മധുരം ചേര്‍ത്തുകഴിക്കുമ്പോൾ കാർബണേറ്റഡ് പാനീയം ദാഹവും ശമിപ്പിക്കും. രുചിപ്രദവുമായിരിക്കും.