ഫോർമലിൻ ചേർത്ത മത്സ്യം തിരിച്ചറിയാം

മത്സ്യവും മാംസവുമായാലും മായം ചേർക്കലിന് അത‍‍ീതമല്ല. ഇവയിലെ മായം ചേർക്കൽ കണ്ടെത്താൻ കുറച്ചു പ്രയാസവുമാണ്. വിലകുറഞ്ഞ മാംസം കൂട്ടിച്ചേർത്താൽ തിരിച്ചറിയാൻ ലാബു പരിശേ‍ാധനകളും വേണ്ടിവരാം. എങ്കിലും ചില പൊടിക്കൈകൾ അറിയാം.

∙ ഫോർമലിൻ ചേർത്ത മത്സ്യം: ശരീരഭാഗങ്ങളോ മറ്റു ചെറു ജന്തുക്കളേയോ ഒക്കെ അഴുകാതെ ദീർഘകാലം സൂക്ഷിക്കാനുപയോഗിക്കുന്ന രാസലായനിയാണ് ഫോർമലിൻ. ഈ വിഷപദാർഥം മത്സ്യം കേടാകാതെയിരിക്കാൻ ചേർക്കുന്നതു കാണാറുണ്ട്. അപകടകരമായ ഒരു മായം ചേർക്കലാണിത്. ഇതു തിരിച്ചറിയാനുള്ള പ്രത്യേകതകളിൽ പ്രധാനം ഫോർമലിൻ ചേർത്ത മത്സ്യം കൂടുതൽ മൃദുത്വമുള്ളതായിതീരുന്നുവെന്നതാണ്. മത്സ്യത്തിന്റെ തിളക്കമുള്ള കണ്ണുകൾ ഫോർമലിൻ സാന്നിധ്യത്തിൽ മങ്ങിയനിറമുള്ളതാകും. ചെകിളയുടെ നിറവും മങ്ങും. മാത്രമല്ല മീന‍ിന്റെ സാധാരണ ഗന്ധം കാണുകയുമില്ല. ഈ ലക്ഷണങ്ങൾ കൂട്ടിച്ചേർത്തു മത്സ്യം നിരീക്ഷിച്ചാൽ ഫോർമലിൻ സാന്നിധ്യം എളുപ്പത്തിൽ മനസ്സിലാവും. ഫോർമലിൻ കലർന്ന മത്സ്യം ഭക്ഷ്യയോഗ്യമല്ല.

∙ മ‍ുട്ട കേടായതെങ്കിൽ: നല്ല മുട്ടയും കേടായ മുട്ടയും പൊട്ടിച്ചു നോക്കാതെ തന്നെ തിരിച്ചറിയാൻ വഴിയുണ്ട്. ഒരു ഗ്ലാസിൽ മുക്കാൽ ഭാഗത്തോളം തണുത്ത വെള്ളം ഒഴിക്കുക. ആ വെള്ളത്തിലേക്ക് സാവധാനം മുട്ടവയ്ക്കുക. കൈവിട്ട ഉടനെ തന്നെ മുട്ട വെള്ളത്തിൽ താഴ്ന്ന ഗ്ലാസിന്റെ അടിത്തട്ടിലേക്ക് പതിക്കുകയാണെങ്കിൽ അത് നല്ല മുട്ടയാണ്. എന്നാൽ മുട്ട താഴാതെ ചത്തമീൻപോലെ വെള്ളത്തിൽ ഉയർന്നു കിടക്കുകയാണെങ്കിൽ മുട്ട കേടായി ഭക്ഷ്യയോഗ്യമല്ലെന്ന് മനസ്സിലാക്കാം. എന്നാൽ ചില മുട്ട അട‍‌ിത്തട്ടിൽതട്ടി വീണ്ടും ഉയർന്ന് വീണ്ടും താഴ്ന്ന് സാവധാനം അടിത്തട്ടിൽ തങ്ങും. ഈ മുട്ട ഉപയോഗയോഗ്യമാണെങ്കിലും അത്ര ഫ്രഷ് ആയിരിക്കില്ല.

∙ മാംസത്തിലെ മായം: വിലയേറിയ ആട്ടിറച്ചിയിൽ താരതമ്യേന വിലകുറഞ്ഞ മാട്ടീറച്ചി കലർത്തുന്നാണ് മാംസത്തിലെ സാധാരണമായം ചേർക്കൽ മാംസത്ത‍ിന്റെയും എല്ലുകളുടേയും ഘടന താരതമ്യം ചെയ്താൽ ഈ വ്യത്യാസം തിരിച്ചറിയാം. മാംസത്തിന്റെ ഗുണനിലവാരം നിറം നോക്കിയും മനസ്സിലാക്കാം. മാംസം പഴകുന്തോറും കുടുതൽ വിളറുകയും മൃദുലമാവുകയും ഗന്ധത്തിൽ മാറ്റം വര‍ുകയും ചെയ്യും. ബീഫ് പഴകുമ്പോൾ കൂടുതൽ ഇരുളും.