ദഹനപ്രശ്നമുള്ളവർ പച്ചക്കറി വെറുതേ കഴിക്കല്ലേ

ദഹനം സുഗമമായി നടക്കാൻ പച്ചക്കറികൾ പ്രത്യേകിച്ച് നാരുള്ള പച്ചക്കറികൾ കഴിക്കുന്നതു നല്ലതു തന്നെ. എന്നാൽ അവ വേവിച്ച് കഴിക്കണമെന്നു മാത്രം. അമിതഭാരം കുറയ്ക്കാനും പച്ചക്കറിയുടെ ഗുണങ്ങൾ നഷ്ടപ്പെടാതിരിക്കാനും ഡയറ്റിന്റെ ഭാഗമായി മിക്കവരും വേവിക്കാതെ പച്ചക്കറികൾ വെറുതെ കഴിക്കുന്ന പതിവുണ്ട്. എന്നാൽ ദഹനപ്രശ്നമുള്ളവർക്ക് ആ അവസ്ഥ കൂടാനെ ഇതുപകരിക്കൂ.

പാകം ചെയ്തു കഴിക്കുന്നതിന്റെ ഗുണങ്ങൾ

പാകം ചെയ്ത പച്ചക്കറി ദഹിക്കാനെളുപ്പമാണ്. അതുപോലെ തന്നെ മാംസാഹാരങ്ങൾ പെട്ടെന്ന് ദഹിക്കാനും പാകം ചെയ്യണ്ടത് ആവശ്യമാണ്.

പച്ചക്കറികൾ ആവിയിൽ വേവിക്കുകയോ മൈക്രോവേവിൽ പാകം ചെയ്യുകയോ ചെയ്താൽ വെള്ളത്തിൽ വേവിക്കുമ്പോഴുള്ള അത്രയും ഗുണം നഷ്ടപ്പെടില്ല. ഇത്തരത്തിൽ പാകം ചെയ്യുമ്പോൾ പച്ചക്കറികളിലെ ആന്റി ഓക്സിഡന്റ്സ് നഷ്ടപ്പെടില്ല എന്നതാണു കാരണം.

പച്ചക്കറികളിലെ വിഷാംശങ്ങൾ നശിപ്പിക്കാൻ അവ പാകം ചെയ്തു കഴിക്കുന്നതാണ് നല്ലത്. തക്കാളി ,കൂൺ, റാഗി എന്നിവ വെറുതെ കഴിക്കുന്നതിനേക്കാൾ നല്ലത് അവ പാകം ചെയ്തു കഴിക്കുന്നതാണ്.