കുട്ടികളിലെ ഭക്ഷ്യഅലർജി സൂക്ഷിക്കുക

കുട്ടികളിലെ അലർജി രോഗങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണ് ആഹാര സാധനങ്ങളോടുള്ള അലർജി അഥവാ ഭക്ഷണ അലർജി. ഏതാണ്ട് ഒന്നു മുതൽ ആറു ശതമാനം വരെ കുട്ടികളിൽ ഇത് കണ്ട് വരുന്നു.

ഏത് ആഹാരത്തിനോടും എപ്പോൾ വേണമെങ്കിലും അലർജി ഉണ്ടാവാമെങ്കിലും 90% അലർജികളിലും വില്ലനാവുന്നത് വിരലിൽ എണ്ണാവുന്ന ചില ഭക്ഷണങ്ങളാണ്. പാൽ മുട്ട, മത്സ്യം, കശുവണ്ടി, സോയാബീൻ, ഗോതമ്പ്, ചില പഴവർഗങ്ങൾ എന്നിവയാണ് പ്രധാനപ്പെട്ടവ.

എന്താണ് ഭക്ഷ്യ അലർജിയുടെ ലക്ഷണങ്ങൾ

ശരീരത്തിന്റെ വിവിധ അവയവങ്ങളെ ഒരുമിച്ചോ അല്ലാതെയോ ഭക്ഷ്യ അലർജി ബാധിക്കാം. തൊലിപ്പുറമേ ചൊറിഞ്ഞ് തടിക്കുക, വയറുവേദന, ഛർദി, വയറിളക്കം, ശ്വാസം മുട്ടൽ എന്നിങ്ങനെ വിവിധ രീതിയിൽ ഭക്ഷ്യ അലർജി കണ്ടേക്കാം. പക്ഷേ ഇതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത് അനാഫിലാക്സിഡ് എന്ന പ്രതിഭാസമാണ്. അലർജിയുടെ ഭാഗമായി അതിവേഗം രക്തസമ്മർദ്ദം കുറയുകയും, ബോധക്ഷയത്തിനും മരണത്തിനും വരെ കാരണമായേക്കാവുന്ന അവസ്ഥ‌.

ഓറൽ അലർജി സിൻഡ്രോം

ചില പഴവർഗങ്ങൾ, പച്ചക്കറികൾ എന്നിവ പാകം ചെയ്യാതെ പച്ചയ്ക്ക് കഴിക്കുമ്പോൾ വായ, ചുണ്ട്, തൊണ്ട എന്നിവ ചൊറിഞ്ഞ് തടിക്കുന്നു.

ഭക്ഷ്യ അലർജി എങ്ങനെ കണ്ടെത്താം

മാതാപിതാക്കളുടെയും രോഗികളുടെയും സാന്നിധ്യത്തിൽ രോഗവിവരങ്ങൾ വിശദമായി ചോദിച്ചറിയുകയാണ് ഏറ്റവും പ്രാധാനപ്പെട്ടത്. ഏതു ഭക്ഷണം കഴിച്ചപ്പോഴാണ് അലർജി ഉണ്ടായത്. മുൻപ് എപ്പോഴെങ്കിലും ഈ ഭക്ഷണത്തിനോട് അലർജി ഉണ്ടായിട്ടുണ്ടോ? ഭക്ഷണം കഴിച്ച് എത്ര നേരം കഴിഞ്ഞാണ് ലക്ഷണങ്ങൾ കണ്ടത്? മറ്റ് ഏതെങ്കിലും തരത്തിലുള്ള അലർജി രോഗങ്ങൾ ഉള്ള കുട്ടിയാണോ? ഈ ചോദ്യങ്ങളെല്ലാം പ്രധാനമാണ്.

തൊലിപ്പുറമേയുള്ള അലർജി ടെസ്റ്റിങ് (അലർജി സ്കിൻ ടെസ്റ്റിങ്)

സംശയിക്കുന്ന ഭക്ഷ്യ അലർജനുകൾ വളരെ ചെറിയ അളവിൽ തൊലിപ്പുറമേ കുത്തിവയ്ക്കുകയും അതിനോടുള്ള റിയാക്ഷൻ നോക്കി രോഗനിർണയം നടത്തുന്നു. ഒരു നിശ്ചിത അളവിനേക്കാൾ കൂടുതൽ തൊലിയിൽ ചുവന്ന് തടിച്ച പാട് ഉണ്ടാകുന്നുണ്ടെങ്കിൽ ആ ഭക്ഷണ വസ്തുവിനോട് അലർജി ഉണ്ടെന്ന് സംശയിക്കാം.

സ്പെസിഫിക് IGE ടെസ്റ്റിങ്

ഭക്ഷ്യ അലർജനുകൾക്ക് എതിരെ രക്തത്തിൽ ഉണ്ടാകുന്ന IGE വിഭാഗം ആന്റിസോഡികളുടെ അളവ് നിർണയിക്കുന്ന ടെസ്റ്റ്. ഇത് താരതമ്യന വളരെ ചെലവ് കൂടിയ ടെസ്റ്റാണ്.

ഫുഡ് ചലഞ്ച് ടെസ്റ്റ്

അലർജിയുണ്ടാക്കുന്നതായി സംശയിക്കുന്ന ഭക്ഷ്യവസ്തു ചെറിയ അളവിൽ തുടങ്ങി ഒരു നിശ്ചിത അളവ് വരെ കൊടുക്കുകയും രോഗലക്ഷണങ്ങൾ ഉണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യുന്നു. അവശ്യ ജീവൻ രക്ഷാ സൗകര്യങ്ങളുള്ള ആശുപത്രിയിൽ ഡോക്ടറുടെ സാന്നിധ്യത്തിൽ മാത്രമേ ഈ ടെസ്റ്റ് ചെയ്യാൻ പാടുള്ളൂ.

ഭക്ഷ്യ അലർജി എങ്ങനെ ചികിത്സിക്കാം?

അലർജിയുണ്ടാക്കുന്ന ഭക്ഷണ വസ്തുക്കൾ ഭാഗീകമായോ പൂർണമായോ ഒഴിവാക്കുക എന്നതാണ് ഏറ്റവും പ്രധാനം. കുട്ടികളുടെ മാതാപിതാക്കളോടും ഭക്ഷണം പാകം ചെയ്യുന്നവരോടും ഒഴിവാക്കുന്ന ഭക്ഷണങ്ങളെപ്പറ്റി വിശദമായി നിർദേശങ്ങൾ നൽകണം. പാക്കറ്റ് ഭക്ഷണങ്ങൾ വാങ്ങുന്നതിനു മുൻപ് അതിന്റെ ലേബലുകൾ വായിച്ച് ഉള്ളിലടങ്ങിയിരിക്കുന്ന ഘടകങ്ങൾ മനസിലാക്കി മാത്രം വാങ്ങുക.

കുട്ടിയുടെ രോഗത്തിന്റെ വിവരം സ്കൂൾ അധികൃതരോടും പറഞ്ഞിരിക്കണം. മുൻപ് പറഞ്ഞതുപോലെ അനാഫിലാക്സിസ് മുതലായ രോഗലക്ഷണങ്ങൾക്ക് അടിയന്തിര ചികിത്സ വളരെ പ്രധാനമാണ്.

ഡോ. ആർ. കൃഷ്ണമോഹൻ

കൺസൾട്ടന്റ് പീഡിയാട്രീഷൻ

പീഡിയാട്രിക് അലർജി സ്പെഷ്യലിസ്റ്റ്

താലൂക്ക് ആശുപത്രി, ബാലുശേരി, കോഴിക്കോട്