വേനലിൽ കഴിക്കാം ഈ പഴച്ചാറുകൾ

കടുത്ത ചൂടിൽ നിന്നു രക്ഷനേടാൻ പഴച്ചാറുകളെ കൂട്ടുപിടിക്കാം. ശരീരത്തെ തണുപ്പിക്കാനും ശുചീകരിക്കാനും വിഷാംശങ്ങളെ പുറന്തള്ളാനും പഴച്ചാറുകൾ സഹായിക്കും. വേനൽ കടുക്കുമ്പോൾ കുടിക്കാൻ അനുയോജ്യമായ 5 പഴച്ചാറുകളെ അറിയാം.

നാരങ്ങ- ഇഞ്ചി ജ്യൂസ്

വേനലിൽ കുടിക്കാൻ അനുയോജ്യമായ ജ്യൂസാണിത്. കാൻസറിനെ പ്രതിരോധിക്കാൻ ഇതിനു കഴിയും. വൈറ്റമിൻ സി ധാരാളമടങ്ങിയ ഇഞ്ചി ചേർത്ത നാരങ്ങാ വെള്ളം വയറിനു നല്ലതാണ്. വയറിനുണ്ടാകുന്ന അസുഖങ്ങളെ ചെറുക്കാൻ ഇതു സഹായിക്കും. വേനലിൽ ഉണ്ടാകുന്ന ഉഷ്ണരോഗങ്ങളെ ചെറുക്കാനും തലമുടിയും ചർമ്മവും സംരക്ഷിക്കാനും ഇവയ്ക്കു കഴിയും.

തണ്ണിമത്തൻ ജ്യൂസ്

ചുവന്നു തുടുത്ത തണ്ണിമത്തൻ ജ്യൂസ് വേനൽക്കാലത്ത് കുടിക്കുന്നത് നല്ലതാണ്. വേനലിൽ കടുക്കുന്ന മൂത്രാശയക്കല്ലു പോലുള്ള രോഗങ്ങളെ ചെറുക്കാൻ ഇതുപകരിക്കും. മൂത്രാശയ രോഗങ്ങളെയും മുഖക്കുരു പോലുള്ള ചർമ രോഗങ്ങളെയും തുരത്താൻ തണ്ണിമത്തനു കഴിയും. നിർജലീകരണം തടയാനും മധുരം ചേർക്കാത്ത ഈ ജ്യൂസിനെ കൂടുപിടിക്കാം.

തയ്ക്കുമ്പളം ജ്യൂസ്

ധാരാളം നാരുകളടങ്ങിയ തയ്ക്കുമ്പളങ്ങയുടെ നീര് വേനലിൽ കഴിക്കാൻ അനുയോജ്യമാണ്. ഇതിൽ വൈറ്റമിൻ സിയും ആൻറിഓക്സിഡൻറുകളും ബീറ്റാകരോട്ടിനും ധാരാളമടങ്ങിയി‌ട്ടുണ്ട്. ഹൃദയസംബന്ധമായ രോഗങ്ങൾ, അസിഡിറ്റി, അൾസർ, മൂത്രാശയ രോഗങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ ഈ പഴച്ചാറിനു കഴിയും. അമിതവണ്ണം കുറയ്ക്കാനും ഈ പഴച്ചാറിനെ കൂട്ടുപിടിക്കാം.

മാമ്പഴം ജ്യൂസ്

പഴങ്ങളുടെ രാജാവായ മാമ്പഴത്തിൻറെ സമയമാണ് വേനൽക്കാലം. വൈറ്റമിനുകളും മിനറൽസും അയണും ധാരാളമടങ്ങിയ മാമ്പഴച്ചാറ് വേനലിൽ കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. ദഹനപ്രശ്നങ്ങളെയും കാൻസറിനെയും പ്രതിരോധിക്കാൻ ഇതിനു കഴിയും.

പപ്പായ ജ്യൂസ്

മികച്ചൊരു ഔഷധമായ പപ്പായ ജ്യൂസ് വേനലിൽ ധാരാണമായി കുടിക്കാം. വയറിനുണ്ടാകുന്ന അസുഖങ്ങളെ ചെറുക്കാനും ദഹനപ്രശ്നങ്ങൾ പരിഹരിക്കാനും പപ്പായ സഹായിക്കും. ചർമത്തിലെ മൃതകോശങ്ങളകറ്റാനും ചർമം കൂടുതൽ സുന്ദരമാകാനും ഇതു സഹായിക്കും.

കടുത്ത വേനലിൽ കഴിക്കാവുന്ന പ്രകൃതിദത്തമായ പഴച്ചാറുകളാണിവ. വേനൽക്കാല രോഗങ്ങളിൽ നിന്ന് ഒരു പരിധിവരെ രക്ഷ നേടാനും ശരീരത്തിൻറെ ക്ഷീണമകറ്റി ഉൻമേഷം വീണ്ടെടുക്കാനും ഈ പഴച്ചാറുകൾ സഹായിക്കും.