ഡിപ്രഷൻ അകറ്റാൻ പഴങ്ങളും പച്ചക്കറിയും...

പഴങ്ങളും പച്ചക്കറിയും പയറുവർഗങ്ങളും ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തിയാൽ ഡിപ്രഷൻ അകറ്റാൻ സാധിക്കുമെന്ന് പുതിയ പഠന റിപ്പോർട്ട്. മാനസികാരോഗ്യത്തെ സ്വാധീനിക്കാൻ ഭക്ഷണപദാർത്ഥങ്ങൾക്കു കഴിയുമെന്നു പ്രധാന ഗവേഷക ഷാൻസെസ് വിലെഗാസ് പറഞ്ഞു.

വെജിറ്റേറിയൻ, നോൺവെജിറ്റേറിയൻ, രണ്ടും കഴിക്കുന്നവർ എന്നിങ്ങനെ മൂന്നു വിധത്തിലുള്ള ആഹാരരീതികൾ പിന്തുടരുന്നവരെയാണ് പഠനത്തിൽ ഉൾപ്പെടുത്തിയത്. മാംസാഹാരം കൂടുതൽ കഴിക്കുന്നവരുടെ മാനസികാരോഗ്യം കുറയുന്നതായും പഴങ്ങളും പച്ചക്കറികളും പയറുവർഗങ്ങളും കൂടുതൽ കഴിക്കുന്നവരുടെ മാനസികാരോഗ്യം മെച്ചപ്പെട്ടതായും കണ്ടെത്തി. പഴങ്ങളിലും പച്ചക്കറികളിലും ധാരാളമായി അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡാണ് മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തുന്നത്.

ശരീരത്തിന്റെ ആരോഗ്യം മാത്രമല്ല മാനസിന്റെ ആരോഗ്യവും നിയന്ത്രിക്കുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണം തന്നെ. പയറുവർഗങ്ങളിലും പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന ഒമേഗ 3 യാണ് ഡിപ്രഷനകറ്റാൻ സഹായിക്കുന്നത്.

ബിഎംസി മെഡിസിൻ എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനവിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.