ഔഷധഗുണങ്ങളിൽ മുന്നിൽ വെളുത്തുള്ളി

മൊരിച്ചെടുത്ത ഇറച്ചിക്കും മീനിനും രുചിയേറും. പക്ഷേ സംയമനം പാലിക്കണം. കൊളസ്‌ട്രോൾ, കാൻസർ, ഡയബറ്റിസ് തുടങ്ങിയ രോഗങ്ങളുടെ സാധ്യതാ പട്ടിക മുമ്പിലുണ്ട്. കരിഞ്ഞ മാംസപദാർഥങ്ങളിലെ പോളിസൈക്ലിക് ഹൈഡ്രോകാർബണുകളാണ് കാൻസറിനു കാരണമാകുന്നത്. ഇവയുടെ പ്രവർത്തനം തടഞ്ഞ് രോഗകാരികളെ ഒരുപാട് അകലേയ്‌ക്കു മാറ്റിനിർത്താൻ ഉളളിയും വെളുത്തുള്ളിയും ചേർത്ത സലാഡിനു കഴിയും. ലോക വെളുത്തുള്ളി ദിനമായ ഇന്ന് വെളുത്തുള്ളിയുടെ ഔഷധഗുണങ്ങൾ എന്തൊക്കെയാണെന്നു നോക്കാം.

വെളുത്തുള്ളിയെ സർവരോഗ സംഹാരിയായാണ് ചൈനീസ് ഔഷധഗ്രന്ഥങ്ങളിൽ പറയുന്നത്. ഒന്നോ രണ്ടോ ചുള വെളുത്തുള്ളി ദിവസവും രാവിലെ ചവച്ചരച്ചു കഴിക്കുക. കുടവയറും അമിത വണ്ണവും കുറയും. രക്‌തത്തിലെ കൊളസ്‌ട്രോളിന്റെ അളവു സാധാരണനിലയിലെത്തും. പ്രമേഹരോഗത്തെ നിയന്ത്രിക്കുന്നതിനും വെളുത്തുള്ളി സത്തിനു കഴിയും.

വെളുത്തുള്ളി ചവച്ചരച്ചു തന്നെ കഴിക്കണം. ചുട്ടും പുഴുങ്ങിയും ഉപ്പിലിട്ടും ഉപയോഗിക്കുമ്പോൾ വെളുത്തുള്ളിയിലെ എണ്ണ നഷ്‌ടപ്പെടുകയാണ്. അരയ്‌ക്കുമ്പോൾ എൻസൈമുകളുടെ പ്രവർത്തനത്താൽ എണ്ണയുണ്ടാകും. ഈ എണ്ണയാണ് യഥാർഥത്തിൽ രോഗസംഹാരി.

ശരീരത്തിലെ വിഷപദാർഥങ്ങൾ, അണുക്കൾ, വൈറസുകൾ തുടങ്ങിയവയെ നിയന്ത്രിക്കാൻ വെളുത്തുള്ളിക്കു കഴിവുണ്ട്. രക്‌തം അനാവശ്യമായി കട്ടിയാകുന്നതു തടയാനും കട്ടിയായ രക്‌തത്തെ അലിയിക്കാനും ഉള്ളിക്കു കഴിയും. വെളുത്തുള്ളിയും ഉള്ളിയും സ്‌ഥിരമായി കഴിക്കുന്നവരിൽ കൊളസ്‌ട്രോൾ നിയന്ത്രിച്ചുനിർത്തും. ഹൃദ്രോഗത്തിനു പ്രധാന കാരണമാകുന്ന രക്‌തസമ്മർദം കുറച്ചു നിർത്താം.

ആന്റി ഓക്‌സിഡന്റുകൾ ധാരാളമടങ്ങിയ കാരറ്റ്, കാബേജ്, ഉള്ളി, വെളുത്തുള്ളി, തക്കാളി, സോയാബീൻ തുടങ്ങിയവ ധാരാളമായി കഴിക്കുന്ന സ്‌ത്രീകളിൽ സ്‌തനാർബുദത്തിനുള്ള സാധ്യത കുറയും. വെണ്ണ, വെട്ടുനെയ്യ്, വെളിച്ചെണ്ണ തുടങ്ങിയവയുടെ അമിത ഉപയോഗംമൂലം ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതു തടയാൻ ഉള്ളി വെളുത്തുള്ളി തൈലങ്ങൾക്കു കഴിയും. കൊഴുപ്പ്, മദ്യം തുടങ്ങിയവയോടൊപ്പം അഞ്ചു ശതമാനം ഉള്ളിയോ വെളുത്തുള്ളിയോ ചേർത്ത ഭക്ഷണം ഒപ്പം ഉപയോഗിച്ചാൽ ഇവയുടെ ദൂഷ്യങ്ങൾ തടയാനാകും. സ്‌ഥിരം സിഗരറ്റു വലിക്കാർക്കും ഉള്ളിയും വെളുത്തുള്ളിയും അടങ്ങിയ ഭക്ഷണക്രമം ശീലമാക്കാവുന്നതാണ്. വെളുത്തുള്ളി സത്തിനു വൈറസ് രോഗങ്ങളെ ചെറുക്കാനാകുമെന്നു ചൈനയിലെ ഡോക്‌ടർമാർ പറയുന്നു. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അലീസിന് പെൻസിലിനു നശിപ്പിക്കാൻ കഴിയാത്ത പല രോഗാണുക്കളെയും നശിപ്പിക്കാനുള്ള കഴിവുണ്ടെന്നു കണ്ടെത്തി. പെൻസിലിൻ ക്ഷാമമുണ്ടായപ്പോൾ റഷ്യക്കാർ അലിസിനാണ് ധാരാളമായി ഉപയോഗിച്ചത്. തലച്ചോറിലെ രക്‌തതടസത്തെ വെളുത്തുള്ളി നീരു കുത്തിവച്ചു നീക്കിയിരുന്നതായും ചൈനക്കാർ പറയുന്നു.

വെളുത്തുള്ളിക്ക് ഔഷധപ്രാധാന്യമുള്ളതുകൊണ്ടു ചിലർ രാവിലെ അതു ചവച്ചിറക്കി ഒരു ഗ്ലാസ് വെള്ളവും കുടിച്ചു പ്രഭാതസവാരിക്ക് ഇറങ്ങാറുണ്ട്. ഉദരരോഗങ്ങൾ, ശ്വാസതടസ്സം, ആസ്‌മ എന്നിവയ്‌ക്ക് ഇതു കൈക്കണ്ട ഔഷധമായി കരുതിവരുന്നു. വെളുത്തുള്ളിനീര് ചെവിവേദന അകറ്റാനും സഹായിക്കും.

എന്നാൽ, കൃഷിക്കാരെ സംബന്ധിച്ചിടത്തോളം വെളുത്തുള്ളി നല്ല ജൈവകീടനാശിനിയാണ്. ഇതിലടങ്ങിയ തയോആക്രലിൻ, അലിസിൻ എന്നീ സംയുക്‌തങ്ങൾക്ക് ഒറ്റയ്‌ക്കും തെറ്റയ്‌ക്കും കീടനാശിനിയായി പ്രവർത്തിക്കാനാകുമെന്നു ശാസ്‌ത്രജ്‌ഞന്മാർ കണ്ടെത്തിയിട്ടുണ്ട്.ചെന്നൈയിലെ പ്രസിദ്ധമായ ലയോള കോളജിലെ കീടശാസ്‌ത്ര ഗവേഷണ ഇൻസ്‌റ്റിറ്റ്യൂട്ടാണ് ഇതെപ്പറ്റി ശ്രദ്ധേയങ്ങളായ പഠനങ്ങൾ നടത്തിയിട്ടുള്ളത്.

വെളുത്തുള്ളി ചതയ്‌ക്കുമ്പോൾ ഉണ്ടാകുന്ന വാതകം കീടങ്ങൾ പുഴുക്കളായിരിക്കുന്ന സമയത്ത് അവയുടെ പ്രത്യുത്‌പാദനശേഷി നശിപ്പിക്കുമത്രേ. പിന്നീടവ ശലഭമായി ഇണചേർന്നാൽ മുട്ടയിടാൻ കഴിയാതെവരുന്നു. അങ്ങനെ കീടങ്ങൾ പെറ്റുപെരുകന്നത് ഒഴിവാക്കുകയും ചെയ്യും.

കലവറക്കീടങ്ങൾക്കെതിരെയാണ് വെളുത്തുള്ളി ഏറെ ഫലപ്രദമായി കണ്ടിട്ടുള്ളത്. വെളുത്തുള്ളിയും ഗ്രാമ്പുവും ചേർത്തു ചതയ്‌ക്കുമ്പോൾ ഉണ്ടാകുന്ന വാതകം മിക്ക കലവറക്കീടങ്ങളെയും നിയന്ത്രിക്കാൻ പറ്റിയതത്രേ. അതുപോലെ കാബേജ്, ഉഴുന്ന്, പരുത്തി മുതലായവയെ ആക്രമിക്കുന്ന പുഴുക്കളെ നിയന്ത്രിക്കുവാനും വെളുത്തുള്ളിനീരു വെള്ളത്തിൽ നേർപ്പിച്ച് ഉപയോഗിക്കുന്നതു നന്നെന്നു കണ്ടെത്തിയിട്ടുണ്ട്. ഇന്ന് ഏറ്റവും പ്രചാരമുള്ളത് വേപ്പിനെ അടിസ്‌ഥാനമാക്കിയുള്ള ജൈവകീടനാശിനികൾക്കാണെങ്കിലും മറ്റു ചില ചെടികൾക്കും കീടങ്ങളെ അകറ്റാൻ കഴിവുണ്ടെന്നും തെളിഞ്ഞിട്ടുണ്ട്. എരിക്ക്, സീതപ്പഴം, ചട്ടുകക്കള്ളി എന്നിവയുടെ ഇല ഇടിച്ചുപിഴിഞ്ഞ നീരും കീടനിയന്ത്രണത്തിനു പറ്റിയതായി പറയപ്പെടുന്നു. കോയമ്പത്തൂർ കാർഷിക സർവകലാശാലയിലെ ശാസ്‌ത്രജ്‌ഞന്മാർ ഇതു പച്ചക്കറിയെ ആക്രമിക്കുന്ന കീടങ്ങൾക്കെതിരെ ഉപയോഗിക്കാൻ ശുപാർശചെയ്യുന്നുണ്ട്. ഇത്തരം നീര് മണ്ണിരക്കമ്പോസ്‌റ്റ് ഉണ്ടാക്കുമ്പോൾ ലഭിക്കുന്ന മണ്ണിരസ്സത്തെന്ന വെർമിവാഷും ഗോമൂത്രവുമായി കലർത്തി തളിക്കുവാനും ശുപാർശയുണ്ട്. വെള്ളനൊച്ചി, ശീമക്കൊന്ന, പൊങ്ങ് എന്നിവയിൽനിന്നു ജൈവകീടനാശിനികൾ നിർമിക്കാൻ സാധ്യതയേറെയാണ്. വെളുത്തുള്ളി, ചുവന്നുള്ളി, കർപ്പൂരത്തുളസി, ജീരകം മുതലായവ ഇടവിളയായി കൃഷിചെയ്യുന്നത് കീടനിരോധന ഉപാധിയായി കരുതിവരുന്നു.

എന്നാൽ, ഇന്നു നാം മിക്കവാറും വിസ്‌മരിച്ചതും രാസകീടനാശിനികളുടെ വരവിനു മുമ്പ് ധാരാളമായി ഉപയോഗിച്ചിരുന്നതുമായ രണ്ടു ജൈവകീടനാശിനികളെപ്പറ്റി രണ്ടു വാക്ക്. അതിലൊന്നാണ് പുകയിലക്കഷായം. നൂറു ഗ്രാം പുകയിലയോ പുകലഞെട്ടിയോ ഒരു ലിറ്റർ വെള്ളത്തിലിട്ടു തിളപ്പിച്ച് 24 മണിക്കൂർ കഴിഞ്ഞ് അരിച്ചെടുത്തു സൂക്ഷിക്കുക. കഷായമുണ്ടാക്കുമ്പോൾ അതിൽ പശിമ കിട്ടാൻ 10 ഗ്രാം ബാർസോപ്പ് അരിഞ്ഞിട്ടു നല്ലപോലെ ഇളക്കുക. ഈ ലായനിയിൽ ആറു ലിറ്റർ വെള്ളംചേർത്ത് ചെടികളിൽ തളിച്ചാൽ പയറുപോലുള്ള ചെടികളിലെ മണ്ഡരി, ചിതമ്പൽ പ്രാണികൾ, പുഴുക്കൾ എന്നിവ നശിച്ചുപോകും.അടുത്തത് മണ്ണെണ്ണക്കുഴമ്പ്. കൃത്യമായി പറഞ്ഞാൽ ഇതൊരു ജൈവകീടനാശിനിയല്ല. എങ്കിലും, രാസകീടനാശിനിപോലെ ഒട്ടും അപകടകാരിയല്ല. ഇതുണ്ടാക്കാൻ കാൽ ലിറ്റർ വെള്ളത്തിൽ 25 ഗ്രാം ബാർസോപ്പ് അരിഞ്ഞിട്ടു തിളപ്പിച്ചശേഷം തണുപ്പിക്കുക. ഇതിൽ അരലിറ്റർ മണ്ണെണ്ണയൊഴിച്ചു നല്ലപോലെ ഇളക്കി പതിപ്പിക്കണം. ഈ ദ്രാവകം പതിനഞ്ചിരട്ടി വെള്ളം ചേർത്തു നേർപ്പിച്ചു ചെടികളിൽ തളിച്ചാൽ ഇല തിന്നു നശിപ്പിക്കുന്ന പല കീടങ്ങളെയും അകറ്റാൻ കഴിയും.