ഞാൻ സാലഡ് എന്നെ തോൽപ്പിക്കാനാവില്ല

എന്റെ പേര് സാലഡ്. ഇനി പറയാൻ പേകുന്നത് എന്റെ കഥയാണ്. എപ്പോൾ, എവിടെ നിന്ന്, എങ്ങനെയാണ് എന്റെ തുടക്കമെന്ന് ഒരു ധാരണയുമില്ല. പക്ഷേ, ചരിത്രത്തിന്റെ ഏടുകളിൽ 18-ാം നൂറ്റാണ്ടിലോ മറ്റോ റോമാക്കാരും ഗ്രീക്കുകാരുമൊക്കെ വേവിക്കാത്ത പച്ചക്കറികൾ തങ്ങളുടെ ഭക്ഷണത്തിലുൾപ്പെടുത്തിയിരുന്നതായി രേഖകളുണ്ട്. അന്നെനിക്ക് ഈ പേരുണ്ടായിരുന്നോ? ആവോ?

1900 കാലങ്ങളിലാണ് സാലഡ് എന്ന പേരിൽ ഞാനറിയപ്പെട്ടുതുടങ്ങിയത്. വലിയെരു പൈതൃകമൊന്നും നിരത്താനില്ലെങ്കിലും ഭക്ഷണവ്യവസ്ഥയിൽ ഞാനാണ് ഇപ്പോൾ നമ്പർ വൺ.

ജനനം

പണ്ടുപണ്ട് 1924ലെ ജൂലൈ മാസം 24-ാം തീയതി മെക്സിക്കോയിലെ ടിജ്വാനാ എന്ന സ്ഥലത്താണ് സംഭവം. സീസർ കാർഡിനി എന്നൊരാൾ നടത്തി വന്നിരുന്ന ഭക്ഷണസ്ഥാപനത്തിൽ അപ്രതീക്ഷിതമായി വൻ തിരക്കുണ്ടായപ്പോൾ, അതു നേരിടാനായി കുശിനിയിൽ ബാക്കിവന്ന പകുതി വേവിച്ച ചെറുമീനുകൾ, ബ്രഡ് കഷണങ്ങൾ, ചീസ്, പുഴുങ്ങിയ മുട്ട, വെളുത്തുള്ളി എന്നിവ ഉപ്പു ചേർത്തു പാചകം ചെയ്യാതെ വന്നവർക്കു നൽകിയത്ര! നാളിതുവരെ കണ്ടിട്ടില്ലാത്ത പുത്തൻ വിഭവം വന്നവരെല്ലാം മാറി മാറി രുചിച്ചു. എക്സലന്റ് സർട്ടിഫിക്കറ്റ് നൽകി പിരിഞ്ഞു.വിഭവം ഉഷാറായെന്നു മനസ്സിലാക്കിയ സീസർ അതിനു ‘സീസർ സാലഡ്’ എന്നു പേരും ചാർത്തി! ഞാൻ ഗിന്നസിലും കയറിപ്പറ്റിയിട്ടുണ്ട്. വളരെയടുത്ത്, അതായത് 2007 ൽ ഇസ്രയേലിൽ ഒരു വിരുതൻ 10,260 കിലോ ലെറ്റ്യൂസ് ഇലകൾകെണ്ടു ഭീമാകാരൻ ലെറ്റ്യൂസ് സാലഡ് ഉണ്ടാക്കിയാണ് റെക്കോർഡിട്ടത്.

ഞാൻ പലതരം

സാലഡ് എന്ന വാക്ക് ഉപ്പുകലർന്നത് എന്നർഥം വരുന്ന സലാട്ടെ എന്ന ലാറ്റിൻ പദത്തിൽ നിന്നാണത്രേ! പ്രധാന ഭക്ഷണത്തിനു പകരമായി പോലും ഞാൻ റെഡി. എല്ലാവിഭവങ്ങളുമടങ്ങിയ ഒരു ഫുൾ മീൽസ് തരുന്നത്രയും പേഷകങ്ങൾ നൽകാൻ മെയ്ൻ കോഴ്സ് സാലഡ് അഥവാ എൻട്രീ സാലഡുകൾക്ക് സാധിക്കുന്നു. വേവിച്ച ന്യൂഡിൽസിനോ പാസ്തയ്ക്കോ ഒക്കെ ഒപ്പം നുറുക്കിയ ചിക്കൻ, ബീഫ്, ചെറുമീനുകൾ, മുട്ട, പച്ചക്കറികൾ എന്നിവയാണ് എൻട്രീസാലഡിലെ മുൻനിര ഐറ്റങ്ങൾ. കുറച്ചു മയോണീസ്, സോസ് തുടങ്ങിയ ഡ്രെസ്സിങ് കൂടി ആയാൽ രംഗം കൊഴുത്തു. എല്ലാ പോഷകങ്ങളും ഒരു പ്ലേറ്റിൽ ! ഇനി വെറും സൈഡ് ഡിഷായിട്ടു മതിയെങ്കിൽ കുറച്ചു ഫ്രൈഡ് പച്ചക്കറികളും ഉപ്പും കുരുമുളകും കുറച്ചു നാരങ്ങാനീരും (കേരളീയരുടെ സ്വന്തം സാലഡ് ഡ്രസ്സിങ്) കൂട്ടിയൊരടി അങ്ങടിക്കണം.

എല്ലാ സൂക്ഷ്മപോഷകങ്ങളുമുള്ള ‘റെയിൻബോ ന്യൂട്രീഷൻ’ ഉറപ്പാക്കാൻ ഇനി എന്തുവേണം?

ഡെസർട്ട് സാലഡിനെപ്പറ്റി കേട്ടിട്ടുണ്ടോ? സീസണൽ പഴങ്ങളും ജെലാറ്റിനും കുറച്ചു ക്രീമും ഒക്കെ പ്രത്യേക അളവിൽ ചേർത്താൽ ധാരാളം കാലറിയും പ്രോട്ടീനും വിറ്റാമിനുകളുമൊക്കെ അടങ്ങിയ ഒരു ഹെൽത്തി ഡെസർട്ട് റെഡി. അപ്പോൾ എന്താണ് ഈ ഫ്രൂട്ട് സാലഡ്?

ഹെൽത്ത് കോൺഷ്യസ് ആയ കോളജ് കുഞ്ഞുങ്ങൾക്ക് കാലറിയും ഫാറ്റുമൊന്നും താങ്ങാനാവില്ലേ! അവർക്ക് സൂക്ഷ്മ പോഷകങ്ങൾ മാത്രം മതി. ഫ്രഷ് ഫ്രൂട്ട്സ് അരിഞ്ഞു കുറച്ചു പഞ്ചസാര ലായനയിൽ മിക്സു ചെയ്യാം.

മറ്റൊരു കിടുക്കൻ സാലഡിനെ പരിചയപ്പെടുത്താം-ആപ്പിറ്റൈസർ സാലഡ്. വിശാലമായ ഭക്ഷണത്തിനു മുമ്പ് സ്റ്റാർട്ടർ ആയിട്ടാണ് ഈ വിരുതൻ എത്തുന്നത്. ഇത്തരം സാലഡുകൾ ദഹനരസം ഉൽപാദിപ്പിക്കുകയും നാവിലെ രസമുകുളങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നതു വഴി ഭക്ഷണം ആസ്വദിച്ചു കഴിക്കാൻ സാധിക്കുന്നു. ഇതിലെ നാരുകൾ ആകട്ടെ വാരി വലിച്ചു കഴിക്കുന്നതിനെ തടയുകയും ചെയ്യുന്നു.

നമ്മുടെ റെയ്ത്തയിൽ തൈരിന്റെ പ്രൊബയോട്ടിക് ഗുണങ്ങളും ധാരാളം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.

പൊതുവെ സാലഡുകളിൽ പച്ചക്കറികളും പഴങ്ങളും പാകം ചെയ്യാത്തതിനാൽ പോഷകങ്ങളൊന്നും തന്നെ ചൂടോ ആവിയോ കൊണ്ട് നഷ്ടപ്പെടുന്നില്ല. പ്രമേഹം, പൊണ്ണത്തടി, ഹൃദ്രോഗങ്ങൾ, ബിപി, മലബന്ധം, കുടലുകളെ ബാധിക്കുന്ന ചില രോഗങ്ങൾ എന്നിവയ്ക്കുള്ള ചികിത്സയുടെ ഭാഗമായും സാലഡുകൾ ഉപയോഗിക്കുന്നു. ദിവസവും 200 -250 ഗ്രാം സാലഡുകൾ കഴിക്കുന്നത് നല്ലതാണ്. അധികമായാൽ അമൃതും വിഷമല്ലേ. ആവശ്യത്തിലധികം കഴിച്ചാൽ ചിലർക്കെങ്കിലും വയറു വേദന നെഞ്ചെരിച്ചിൽ, നാവിനു രുചിക്കുറവ് എന്നിവ ഉണ്ടാകാം. പക്ഷെ, പോഷകങ്ങളുടെ കാര്യത്തിൽ ഒരു ന്യൂജെൻ ഭക്ഷണത്തിനും എന്നെ തോൽപ്പിക്കാനാവില്ല

മിക്സഡ് ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ സാലഡ്

ചേരുവകള്‍- പച്ചനിറമുള്ള മുന്തിരി 60 ഗ്രാം, സവാള 50 ഗ്രാം, മുളപ്പിച്ച ചെറുപയർ 10ഗ്രാം, മാതളം 50ഗ്രാം, കാരറ്റ് 50ഗ്രാം, വെള്ളരിക്ക 50ഗ്രാം, കുരുമുളക് പൊടി രണ്ട് ഞുള്ള്. ഉപ്പ് ആവശ്യത്തിന്, വിന്നാഗിരി അര ടീ സ്പൂൺ.

തയ്യാറാക്കുന്ന വിധം

പഴങ്ങളും പച്ചക്കറികളും വെവ്വേറെ കഴുകുക. അരിയുക അരിഞ്ഞ പഴങ്ങളും പച്ചക്കറികളും വലിയ അടപ്പുള്ള പാത്രത്തിലേക്ക് മാറ്റുക. തുടർന്ന് വിന്നാഗിരി, ഉപ്പ്, കുരുമുളക് പൊടി, എന്നിവ വിതറിയ ശേഷം ഉപയോഗിക്കാം.

ഗായത്രി അഭിലാഷ് ക്ലിനിക്കൽ ഡയറ്റീഷ്യൻ ഇഎസ്ഐ