കുട്ടികളുടെ ബുദ്ധിവികാസത്തിന് മെഡിറ്ററേനിയൻ ഡയറ്റ്

മക്കൾ കണക്കിലും സയൻസിലും മോശമാണെന്നു പരാതി പറയുന്ന അമ്മമാരുടെ ശ്രദ്ധയ്ക്ക്. കുഞ്ഞുങ്ങളുടെ ബുദ്ധിവികാസത്തിന് ബ്രിട്ടനിലെ ഡോക്ടർമാർ പറയുന്നത് മെഡിറ്ററേനിയൻ ഡയറ്റ് ശീലമാക്കണം എന്നാണ്. മെഡിറ്ററേനിയൻ ഡയറ്റ് എന്നു കേട്ട് പേടിക്കേണ്ട. നമ്മുടെ അടുക്കളയിലും പാകപ്പെടുത്തി എടുക്കാവുന്നതേയുള്ളു, വളരെ എളുപ്പത്തിൽ.

∙ധാരാളം പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും പ്രത്യേക രീതിയിൽ അവയുടെ ഗുണമേന്മയും പോഷകഘടകങ്ങളും നഷ്ടപ്പെടാത്തവിധം പാകം ചെയ്താണ് മെഡിറ്ററേനിയൻ ഡയറ്റ് തയാറാക്കേണ്ടത്.
∙ പച്ചക്കറികൾ പാതിവേവിച്ചോ പച്ചയ്ക്കോ കുഞ്ഞുങ്ങൾക്കു നൽകി ശീലിപ്പിക്കുക. പച്ചയ്ക്കു കഴിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ സോസ് കൂട്ടി കഴിക്കുകയോ സാലഡ് ആക്കുകയോ ചെയ്യുക.
∙ പഴവർഗങ്ങൾ നന്നായി പഴുത്ത ശേഷം മധുരം ചേർക്കാതെ ജ്യൂസ് രൂപത്തിൽ ദിവസവും കഴിക്കുക.
∙വെളിച്ചെണ്ണയേക്കാൾ ഒലീവ് എണ്ണയ്ക്ക് പാചകത്തിൽ പ്രാധാന്യം നൽകുക
∙അരി ഭക്ഷണത്തേക്കാൾ ഗോതമ്പ്, ചോളം തുടങ്ങിയവ ആഹാരക്രമത്തിൽ ഉൾപ്പെടുത്തുക.
∙അന്നജം ലഭിക്കുന്നതിനു വേണ്ടി പഴവും ഉരുളക്കിഴങ്ങും ദിവസേന കഴിക്കുക
∙ വെള്ളം ധാരാളമായി കുടിക്കുക. കൃത്യമായ ഇടവേളകളിൽ പലപ്പോഴായി ഭക്ഷണം കഴിക്കുക
∙ഇടഭക്ഷണങ്ങളിൽ കൃത്രിമധുരപദാർഥങ്ങളും ബേക്കറി പലഹാരങ്ങളും പൂർണമായി ഒഴിവാക്കുക
∙രാത്രി വൈകിയുള്ള ഭക്ഷണം ഒഴിവാക്കുക. പ്രഭാതഭക്ഷണം സൂര്യോദയത്തിനു ശേഷം അധികം വൈകാതെ കഴിക്കുക
∙ഓരോ ദിവസവും വ്യായാമം ചെയ്യാനും മറക്കേണ്ട. വ്യായാമം പോലെ തന്നെ മനസ്സിനു പോസിറ്റീവ് ഊർജം നൽകുന്ന വിനോദങ്ങളിലും ഏർപ്പെടുക