പഞ്ചസാരയിലെയും തേനിലെയും മായം കണ്ടെത്താം

പഞ്ചസാരയും തേനും ഒക്കെ ശുദ്ധമായിരിക്കണമെന്ന് നമുക്ക് നിർബന്ധമുണ്ട്. പക്ഷേ അവയ‍ിലൊക്കെ മായം ചേരുന്നത് നമ്മൾ അറിയുകയോ ഇല്ല. മായങ്ങൾ കണ്ടെത്താൻ ചില എളുപ്പവഴികൾ.

∙ തേനിൽ പഞ്ചസാര ലായനി ചേർത്താൽ: പഞ്ചസാര വെള്ളത്തിൽ ലയിപ്പിച്ച് തേനിൽ മായമായി ചേർക്കാറുണ്ട്. കുറച്ച് പഞ്ഞി അൽപം നീളത്തിൽ ചുരുട്ടിയെടുത്ത് തേന‍ിൽ മുക്കുക. തുടർന്ന് അത് കത്തിച്ചാൽ‌ നന്നായി കത്തുന്നുണ്ടെങ്കിൽ പഞ്ചസാര ലായനി ചേരാത്ത തേനാണ്. എന്നാൽ കത്തുമ്പോൾ പൊട്ടലും ചീറ്റലും ഉണ്ടാകുകയാണെങ്കിൽ തേൻ ശുദ്ധമല്ല. പഞ്ചസാര ലായനിയിലെ ജലാംശമാണ് ഇങ്ങനെ വെളിപ്പെടുന്നത്.

∙ ഒരു ഗ്ലാസ് വെള്ളം മേശപ്പുറത്ത് നിശ്ചലമാക്കി വയ്ക്കുക. ജലത്തിന്റെ ഉപരിതലത്തിലേക്ക് ഒരു തുള്ളി തേൻ ഇറ്റിക്കുക. അത് അലിയാതെ തേൻതുള്ളിയായി നിൽക്കുകയാണെങ്കിൽ ശുദ്ധമായ തേനാണെന്നും അലിയുകയാണെങ്കിൽ പഞ്ചസാര ലായന‍ി ചേർത്തുവെന്നും മനസ്സിലാക്കാം.

∙ തേനിൽ ശർക്കര ലായനി ചേർത്താൽ: ഒരു തുള്ളി തേൻ ഒരു ഗ്ലാസ്സ് വെള്ളത്തിലേക്ക് ഒഴിക്കുക. തുള്ളിക്ക് യാതൊരു ആകൃതിവ്യത്യാസവും ഇല്ലാതെ വെള്ളത്തിന്റെ അടിഭാഗത്ത് എത്തുകയാണെങ്കിൽ ശുദ്ധമായ തേൻ ആയിരിക്കും. എന്നാൽ ശർക്കര ലായനി ചേർത്ത തേൻ തുള്ളി പെട്ടെന്നുവെള്ളത്തിൽ പടരും.

∙ ശർക്കരയിൽ ചോക്കു പൊടി ചേർത്താൽ: കുറച്ചു ശർക്കര വെള്ളത്തിൽ നന്നായി ലയിപ്പിക്കുക. ചോക്ക് പൗഡർ ഉണ്ടെങ്കിൽ അത് അടിഭാഗത്ത് അടിയുന്നതു കാണാം.

∙ പഞ്ചസാരയിൽ യൂറിയ ചേർത്താൽ: പഞ്ചസാരയോട് കാഴ്ചയിൽ സമാനമാണ് യൂറിയ തരികളും. പഞ്ചസാര വെള്ളത്തിൽ ലയിപ്പിക്കുമ്പോൾ അമോണിയയുടെ ഗന്ധം ഉണ്ടാകുകയാണെങ്കിൽ അതിൽ യൂറിയ ചേർത്തിട്ടുണ്ടെന്നു മനസ്സിലാക്കാം.

∙ സാക്കറിൻ ചേർത്താൽ: െഎസ്ക്രീം മുതൽ ശർക്കര വരെയുള്ളവയിൽ മായം ചേർക്കാൻ ഉപയോഗിക്കുന്ന അതിമ ധുരവസ്തുവാണ് സാക്കറിൻ. ഇതിന്റെ മധുരം ദീർഘനേരം നാവിൽ തങ്ങിനിൽക്കും. ഒടുവിൽ അരുചിയും തോന്നും. പഞ്ചസാരയുടേയോ ശർക്കരയുടേയോ മധ‍ുരത്തിന് ആ സവിശേ‍ഷതയില്ല. ഈ വ്യത്യാസം കൊണ്ട് സാക്കറിൻ തിരിച്ചറിയാം.