മണ്ണിനടിയിലെ പൊന്ന്

അന്നജത്തിന്റെ സമൃദ്ധ സ്രോതസ്സുകളായ കിഴങ്ങുവർഗ വിളകൾ പലതും ഔഷധപ്രാധാന്യമുള്ളവയും പോഷക സമൃദ്ധവുമാണ്.

കുട നിവർത്തി ചേന

ഒറ്റ ഇലയുള്ള സസ്യം എന്നു ഖ്യാതി നേടിയ ചേന, അവിയലും സാമ്പാറും പോലുള്ള കേരളീയവിഭവങ്ങളുടെ അവിഭാജ്യ ഘടകമാണ്. ചേനയുടെ സസ്യശരീരത്തിലെല്ലായിടത്തും കാൽസ്യം ഓക്‌സലേറ്റ് പരലുകൾ അടങ്ങിയിരിക്കുന്നു. അതിനാലാണു ചേന തൊട്ടാൽ ചൊറിയുന്നത്. ചേന കഷണങ്ങളാക്കി പുഴുങ്ങിയും ചിപ്‌സുണ്ടാക്കിയും കറികളിൽ ചേർത്തും കഴിക്കാം. ചേനയിൽ അന്നജം, പ്രോട്ടീൻ, കാൽസ്യം, ഫോസ്‌ഫറസ്, ജീവകം–എ, നിക്കോട്ടിനിക് ആസിഡ്, റൈബൗഫ്ളെയ്‌വിൻ തുടങ്ങിയവ അടങ്ങിയിരിക്കുന്നു.

മരച്ചീനി ശരിക്കും സ്‌പെഷൽ

മരച്ചീനിയിൽ കാർബോ ഹൈഡ്രേറ്റ് ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ ഫോസ്‌ഫറസ്, കാൽസ്യം, ഇരുമ്പ് എന്നിവയും തയാമിൻ, റൈബൗഫ്ളെയ്‌വിൻ തുടങ്ങിയവയും വൈറ്റമിൻ–സിയും അടങ്ങിയിട്ടുണ്ട്. മരച്ചീനിയിലടങ്ങിയിരിക്കുന്ന സൈനോജനിക് ഗ്ലൂക്കോസൈഡ് വിഷബാധയ്‌ക്കു കാരണമാകാറുണ്ട്. കിഴങ്ങ് ഒന്നോ രണ്ടോ തവണ വെള്ളത്തിൽ തിളപ്പിച്ച് ഊറ്റുന്നതോടെ ഈ വിഷാംശം ഹാനികരമല്ലാതാകും.

ഇഞ്ചിയും മഞ്ഞളും

ഇഞ്ചിക്കറി നൂറുകറിക്കു സമാനമെന്നു പറയാറുണ്ടല്ലോ. ഇഞ്ചി ദഹനത്തെ സഹായിക്കുന്നതും കണ്‌ഠശുദ്ധിയുണ്ടാക്കുന്നതുമായ ഔഷധമാണ്. കഫം, വാതം, മലബന്ധം എന്നിവ ഇല്ലാതാക്കാനും ഇതു നല്ലതാണ്. ഇഞ്ചി ചേർത്ത നാരങ്ങാനീര് വിശപ്പുണ്ടാക്കും. ഇഞ്ചി ഉണക്കിയെടുക്കുന്ന ചുക്ക് പല കഷായങ്ങളുടെയും പ്രധാന ഘടകമാണല്ലോ.

കറികൾക്കു മനോഹരമായ മഞ്ഞനിറം നൽകാനുപയോഗിക്കുന്ന മഞ്ഞൾ രക്‌തശുദ്ധിക്കും, ത്വക്ക് രോഗങ്ങളിൽനിന്നുള്ള മോചനത്തിനും ശരീരകാന്തിക്കും പ്രയോജനപ്രദമാണ്. രക്‌തസമ്മർദം, കൊളസ്‌ട്രോൾ എന്നിവയ്‌ക്കും മഞ്ഞൾ ആശ്വാസമേകും.

ഉരുളക്കിഴങ്ങ് എന്ന അമേരിക്കക്കാരൻ

ഉരുളക്കിഴങ്ങിൽ പ്രോട്ടീൻ കൂടിയതോതിൽ അടങ്ങിയിരിക്കുന്നു. (ഉദ്ദേശം 22.7 ഗ്രാം/100 ഗ്രാം എന്ന കണക്കിൽ). കൂടാതെ കാൽസ്യം, പൊട്ടാസ്യം, സോഡിയം, ഇരുമ്പ്, ഫോസ്‌ഫറസ്, മഗ്നീഷ്യം, വൈറ്റമിൻ–എ, വൈറ്റമിൻ–സി എന്നിവയും വ്യത്യസ്‌ത തോതിൽ അടങ്ങിയിരിക്കുന്നു.

സാമ്പാർ, അവിയൽ തുടങ്ങി മലയാളിയുടെ ഇഷ്‌ട വിഭവങ്ങളുടെ പ്രധാന ഘടകമാണ് ഉരുളക്കിഴങ്ങ്. കൂടാതെ സ്‌റ്റ്യൂ, ഫ്രഞ്ച് ഫ്രൈസ്, ചിപ്‌സ് തുടങ്ങിയവയും ഉരുളക്കിഴങ്ങുപയോഗിച്ച് ഉണ്ടാക്കാം. സൗന്ദര്യസംരക്ഷണത്തിലും ഉരുളക്കിഴങ്ങിനു സ്‌ഥാനമുണ്ട്. കൺതടങ്ങൾക്കു കീഴെ കറുപ്പുണ്ടാകുന്നതു തടയാൻ നേർമയായി ചീകിയെടുത്ത ഉരുളക്കിഴങ്ങ് കൺതടങ്ങളിൽവച്ചാൽ മതി.

കൂവക്കിഴങ്ങ്

മഞ്ഞളും ഉപ്പും കുരുമുളകും ചേർത്തു പുഴുങ്ങിയെടുത്താൽ ഏറെ രുചികരമാണു കൂവക്കിഴങ്ങ്. ഇതിൽ നാരിന്റെ അംശം കൂടുതലാണ്. ഇതിൽനിന്നു വേർതിരിച്ചെടുക്കുന്ന മാവ് (കൂവപ്പൊടി) വെള്ളം ചേർത്തു കാച്ചിക്കുടിക്കുന്നതു വയറിളക്കത്തിന് മരുന്നാണ്.

രുചിയേറും ചേമ്പ്

ചേമ്പിന്റെ ഏറ്റവും ഉപയോഗപ്രദമായ ഭാഗം കിഴങ്ങാണ്. ചേമ്പിന്റെ തളിരില ചുരുണ്ടിരിക്കുന്ന അവസ്‌ഥയിൽ കഷണങ്ങളാക്കി രസത്തിൽ ചേർക്കുകയോ തോരനുണ്ടാക്കുകയോ ചെയ്യാറുണ്ട്. ചേമ്പിൻ തണ്ടും കറികളിൽ ചേർക്കാറുണ്ട്.

കലക്കൻ കാച്ചിൽ

മരങ്ങളിലും വേലികളിലും പടർന്നുവളരുന്ന സസ്യമാണു കാച്ചിൽ. മലബന്ധം ഒഴിവാക്കുന്നതിനു നല്ലതാണു കാച്ചിൽ. ഇതിന്റെ കിഴങ്ങ് പുഴുങ്ങിയും കറികളിൽ ചേർത്തും കഴിക്കാറുണ്ട്.