ഗർഭിണികളെ സഹായിക്കാൻ സ്മാർട് വളകൾ

ഗര്‍ഭകാലം ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാന ഘട്ടമാണ്. ഭക്ഷണത്തിലും ജീവിതരീതിയിലും ശ്രദ്ധിക്കേണ്ട  നിരവധി കാര്യങ്ങളുണ്ട്. ഗർഭിണികളുടെ ആരോഗ്യത്തെ അവരുടെ ചുറ്റുപാടുകളും സ്വാധീനിക്കാറുണ്ട്. ഗർഭിണികൾക്ക് ആവശ്യമായ വിവരങ്ങളും ചുറ്റുമുള്ള അന്തരീക്ഷ മലിനീകരണത്തെ കുറിച്ചുള്ള വിവരങ്ങളും ഇനി  സ്വന്തം കൈത്തണ്ടിലേക്കെത്തും, സ്മാർട് വളകൾ വഴി. 

ഇന്റൽ സോഷ്യൽ ബിസിനസെന്ന കമ്പനിയാണ് വർണാഭമായ, വളകൾ‌ പോലുള്ള സ്മാർട് വെയറബിൾ ഡിവൈസ് നിർമിച്ചിരിക്കുന്നത്. വാട്ടർ റെസിസ്റ്റന്റും ഗർഭാവസ്ഥയുടെ കാലയളവ് മുഴുവൻ ചാർജ് ചെയ്യേണ്ടാത്തതുമായ ദീർഘകാല ബാറ്ററിയാണ് ഈ ഉപകരണത്തിനുള്ളത്, പ്രവർത്തിക്കാൻ ഇന്റർനെറ്റ് കണക്‌ഷനും ആവശ്യമില്ല.

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകമെമ്പാടുമുള്ള 830 സ്ത്രീകൾ ഗർഭകാലഘട്ടത്തിലോ ശിശുമരണവുമായി ബന്ധപ്പെട്ട സങ്കീർണതകളാലോ മരിക്കുന്നു. ഈ മരണങ്ങളിൽ മൂന്നിലൊന്നും ദക്ഷിണേഷ്യയിലാണ്. ഗ്രാമീണ മേഖലകളിലും ദരിദ്രസമൂഹങ്ങളിലുമുള്ള സ്ത്രീകൾക്കിടയിൽ അമ്മമാരുടെ മരണനിരക്ക് കൂടുതലാണ്. അവിടെ വൈദ്യസഹായത്തിന്റെ അഭാവം നിമിത്തം പലപ്പോഴും ആരോഗ്യ പരിരക്ഷ ലഭ്യമാകുന്നില്ല. 

പതിവ് ഉപയോഗത്തിനനുയോജ്യമായി രൂപകൽപന ചെയ്ത വളയിൽ ആഴ്ച തോറും പ്രാദേശിക ഭാഷയിൽ സന്ദേശങ്ങൾ എത്തിക്കാനാവും. എന്തു ഭക്ഷണം കഴിക്കണം, എപ്പോൾ ഡോക്ടറെ കാണണം എന്നൊക്കെ കൃത്യസമയത്ത് അറിയിക്കും. മാത്രമല്ല, പാചകം ചെയ്യുമ്പോൾ ഉയർന്ന അളവിലുള്ള കാർബൺ മോണോക്സൈഡ് പുക ഉണ്ടാവുകയാണെങ്കിൽ അലാം പ്രവർത്തിക്കും. ഉപകരണം റീചാർജ് ചെയ്യാനും പുനരുപയോഗിക്കാനുമാകും.

750 രൂപ മുതൽ 1000 രൂപ വരെ വിലയുള്ള ഈ ഉപകരണം. ഇന്ത്യയിലും ബംഗ്ലദേശിലും വിറ്റഴിക്കും. ഇന്റൽ കോർപറേഷന്റെ സംയുക്ത സംരംഭമായ ഇന്റൽ സോഷ്യൽ ബിസിനസ്സ് ബംഗ്ലദേശ്, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഗ്രിമീൻ ട്രസ്റ്റ് എന്നിവ ചേർന്നാണ് നിർമാണം.

"ഗ്രാമീണ മേഖലകളിൽ മൊബൈൽ കണക്ടിവിറ്റിയും സ്ത്രീകൾക്ക് ഫോണുപയോഗിക്കാനുള്ള സാഹചര്യങ്ങളും കുറവാണ്. വസ്ത്രം പോലെ സ്ത്രീകൾക്ക് എപ്പോഴും ധരിക്കാവുന്ന ഉപകരണമായിരുന്നു ലക്ഷ്യം"-  ബംഗ്ലാദേശിലെ ഇന്റൽ സോഷ്യൽ ബിസിനസിൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ പവെൽ ഹോഖ് പറഞ്ഞു.