ഹെയർഡൈ സ്തനാർബുദ സാധ്യത കൂട്ടും

മുടി വെളുക്കുന്നതു പ്രായമാകലിന്റെ ഒരു ലക്ഷണമാണ്. അകാലനരയായും ഇതു കാണപ്പെടുന്നുണ്ട്. എന്തുതന്നെയായാലും തലയിൽ വെളുത്ത മുടി കാണാൻ ഇഷ്ടമില്ലാത്തവരാണ് നമ്മളിൽ ഭൂരിഭാഗവും. അതുകൊണ്ടുതന്നെ മുടിയിഴകളിൽ വെളുപ്പു കണ്ടുതുടങ്ങുമ്പോഴേ കണ്ണിൽ കാണുന്ന ഡൈകൾ വാരിത്തേച്ച് കറുപ്പിക്കാനുള്ള ശ്രമങ്ങളും തുടങ്ങും. ഇത്തരക്കാരെ നിരാശയിലാക്കുന്ന ഒരു പഠനഫലമാണ് ഇപ്പോൾ ഗവേഷകർ പുറത്തുവിട്ടിരിക്കുന്നത്. 

സ്ഥിരമായി ഹെയർ ഡൈ ഉപയോഗിക്കുന്നവരിൽ സ്തനാർബുദം വരാനുള്ള സാധ്യത കൂടുതലാണത്രേ. സാധാരണയായി വർഷത്തിൽ രണ്ടു മുതൽ ആറുവരെ പ്രാവശ്യം ഡൈ ചെയ്യാറുണ്ട്. ഇങ്ങനെ ചെയ്യേണ്ടി വരുമ്പോൾ ബീറ്റ്റൂട്ട് പോലുള്ള പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ച് ഡൈ ചെയ്യാൻ ശ്രദ്ധിക്കണമെന്ന് സെൻട്രൽ ലണ്ടനിലെ പ്രിൻസസ് ഗ്രെയ്സ് ഹോസ്പിറ്റലിലെ ബ്രെസ്റ്റ് കാൻസർ സർജൻ പ്രൊഫ. കെഫാ മോക്ബെൽ മുന്നറിയിപ്പു നൽകുന്നു. സ്തനാർബുദം ബാധിച്ച 14 ശതമാനം സ്ത്രീകളെയും മരണത്തിലേക്കു തള്ളിവിട്ടത് ഹെയർഡൈ ആണെന്നും അദ്ദേഹം പറയുന്നു.

അത്യാവശ്യമാണെങ്കിൽ പ്രകൃതിദത്തമായ വസ്തുക്കൾ ചേർത്ത ഡൈ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ഫിൻലാൻഡിൽ നടത്തിയ ഒരു പഠനവും ഇതേ ഫലം തന്നെ പറയുന്നുണ്ട്.  

Read More : Health News realted with Ladies