Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർത്തവ വിരാമവും സ്ത്രീകളും

menopause

സ്ത്രീകളില്‍ പൂർണമായും ആർത്തവം അവസാനിക്കുന്ന അവസ്ഥയാണ് ആർത്തവ വിരാമം (Menopause). ഒരു സ്ത്രീ ശാരീരികമായും മാനസികമായും വളരെയധികം പ്രയാസങ്ങള്‍ അനുഭവിക്കുന്ന കാലം കൂടിയാണ് ഈ സമയം. ശരാശരി 45 മുതൽ 55 വയസ്സുവരെയാണ് ആർത്തവവിരാമം സംഭവിക്കുന്നത്.  ഒരുവർഷം പൂർണമായും ആർത്തവം വരാതിരിക്കുന്ന അവസ്ഥയില്‍ ആർത്തവ വിരാമം വന്നതായി കണക്കാക്കാം. 

സ്ത്രീയുടെ അണ്ഡാശയത്തില്‍ ഉത്പാദിപ്പിക്കുന്ന ഈസ്ട്രജൻ, പ്രൊജസ്ട്രോണ്‍ ഹോർമോണുകളുടെ അളവ് ആര്‍ത്തവവിരാമത്തോടെ ക്രമാതീതമായി കുറയുന്നു. ഈ ഹോർമോണ്‍ വ്യതിയാനങ്ങളാണ് ആർത്തവ വിരാമത്തോടടുത്ത് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾക്കു കാരണമാകുന്നത്.അമിതമായ ഉഷ്ണം, ക്ഷീണം, ഉറക്കക്കുറവ് എന്നിങ്ങനെ പല പ്രശ്നങ്ങള്‍ ഇതു മൂലം ഉണ്ടാകാം.  ശാരീരിക ബുദ്ധിമുട്ടുകളോടൊപ്പമുള്ള ഒന്നാണ് ലൈംഗികജീവിതത്തിലെ താളപ്പിഴകള്‍, മൂഡ്‌ മാറ്റങ്ങള്‍, തലകറക്കം എന്നിവ. 

ആര്‍ത്തവവിരാമമാകുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ചു അവര്‍ക്കു തുറന്നു സംസാരിക്കാനും പരിഹാരം തേടാനും മെനപോസ് ക്ലിനിക്കുകളുടെ ആവശ്യകത ഇവിടെയാണ്‌ പ്രസക്തമാകുന്നതെന്നു മിനിസോട്ട സര്‍വകലാശാലയിലെ ഡോക്ടര്‍ കരോളിന്‍ ട്രോകേല്‍സണ്‍ അഭിപ്രായപ്പെടുന്നു. ആര്‍ത്തവവിരാമം ആകുന്നതോടെ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് സ്ത്രീകളില്‍ പലതരത്തിലെ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്‌.  

അമിത ഉഷ്ണം, വൈകാരികമായ ഏറ്റക്കുറച്ചിലുകൾ (മൂഡ് വ്യതിയാനങ്ങൾ), അമിത ക്ഷീണം, തളർച്ച, വിഷാദരോഗങ്ങൾ, ലൈംഗിക പ്രശ്നങ്ങൾ എന്നിവയെല്ലാം ഇതിന്റെ അനന്തരഫലങ്ങളാണ്.  എന്നാല്‍ ആര്‍ത്തവവിരാമത്തോട് അനുബന്ധിച്ചുണ്ടാകുന്ന ഈ ബുദ്ധിമുട്ടുകൾ സ്ത്രീകളുടെ ദൈനംദിനജീവിതത്തിനു തടസ്സമാകുന്ന പക്ഷം ചികിത്സ തേടേണ്ടതാണ്. 

നിരവധി സ്ത്രീകളില്‍ ഇതു സംബന്ധിച്ചു നടത്തിയ പഠനങ്ങള്‍ പ്രകാരം കണ്ടെത്തിയ മറ്റൊരു വസ്തുത മെനോപോസ് നിമിത്തം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ മിക്ക സ്ത്രീകളും അവഗണിക്കുകയാണെന്നാണ്. ലൈംഗികമായി ഉണ്ടാകുന്ന പ്രശ്നങ്ങള്‍, യോനിയിലെ ഈര്‍പ്പക്കുറവ് എന്നിവയെല്ലാം ഡോക്ടറോടു തുറന്നു പറയാന്‍ സ്ത്രീകള്‍ മടിക്കുന്നതായി പഠനങ്ങള്‍ പറയുന്നു.

 ആര്‍ത്തവവിരാമത്തോടൊപ്പം ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾക്ക് ഒരു ഗൈനക്കോളജിസ്റ്റിനെ സമീപിക്കുന്നതു പോലെതന്നെ പ്രധാനമാണ് മാനസിക സംഘർഷത്തിനും ഉറക്കക്കുറവിനും മൂഡ് വ്യതിയാനത്തിനും ലൈംഗിക പ്രശ്നങ്ങൾക്കും ഒരു വിദഗ്ധമനോരോഗ ചികിത്സകന്റെ സഹായം തേടുന്നതും. 

Read More : Health News