തുടർച്ചയായി ഗർഭമലസുന്നത് എങ്ങനെ ഒഴിവാക്കാം?

കാത്തിരുന്ന കൺമണി പിറക്കാതെ പോകുമ്പോൾ ഒരു സ്ത്രീയുടെ മാനസികാവസ്ഥ ആർക്കാണ് വിവരിക്കാനാകുക. ഗർഭമലസലിന്റെ കാരണം പലതാണെങ്കിലും മുഖ്യ കാരണം മാതാവിന്റെയും പിതാവിന്റെയും ജനിതകഘടനയിലെ വ്യത്യാസങ്ങളാണ്. ചിലരിൽ ഇത് ശാരീരിക – മാനസിക വൈകല്യങ്ങളുള്ള കുട്ടികളുടെ പിറവിക്കും കാരണമാകുന്നു. വിദഗ്ധ പരിശോധനകളിലൂടെ നേരത്തെതന്നെ കാരണം കണ്ടെത്തിയാൽ ആവർത്തിച്ചുള്ള ഗർഭമലസൽ അനായാസം തടയാം. അലസിയ ഭ്രൂണത്തിന്റെ സാംപിൾ പരിശോധിക്കുകയാണ് സാധാരണയായി ചെയ്തു വരുന്നത്. 

മൂന്നിലധികം തവണ ഗർഭം അലസിയാൽ പീന്നിടുളള ഗർഭം അലസാനുള്ള സാധ്യത മുപ്പത് ശതമാനത്തോളമാണ്. ഗർഭപാത്രത്തിലായിരിക്കെതന്നെ കുഞ്ഞിന്റെ വളർച്ചയോ ഹൃദയമിടിപ്പോ നിലച്ചു പോകുന്നതാണ് സാധാരണയായി കാണുന്നത്. അങ്ങനെ സംഭവിക്കുമ്പോൾ മരുന്നു നൽകി ഗർഭമലസിപ്പിച്ചു ഭ്രൂണത്തിന്റെ സാംപിൾ എടുത്ത് വിദഗ്ധ പഠനത്തിനു വിധേയമാക്കിയാൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ ജനതിക വ്യത്യാസങ്ങൾ കണ്ടെത്താം.

പ്രത്യക്ഷത്തിൽ മാതാപിതാക്കൾക്ക് പ്രശ്നങ്ങളൊന്നുമില്ലെങ്കിലും ഇരുവരുടെയും ജനിതകഘടനകൾ പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്. മാതാപിതാക്കളുടെ രക്തം (പത്ത് മില്ലി ലീറ്റർ) ശേഖരിച്ചു പരിശോധനയ്ക്കു വിധേയമാക്കിയാൽ ജനിതക വൈകല്യങ്ങൾ കണ്ടെത്താൻ കഴിയും. ജനിതക വൈകല്യങ്ങൾ ചികിൽസിക്കാനുള്ള മാർഗമില്ലെങ്കിലും പിഴവുകൾ മുൻകൂട്ടി കണ്ടെത്താനുള്ള മാർഗം ലഭ്യമാണ്. പരിശോധനയിൽ ജനിതക വൈകല്യങ്ങൾ കണ്ടെത്തുന്നവരിൽ കൃത്രിമ ബീജ സങ്കലനത്തിലൂടെ (െഎവിഎഫ്) മികച്ച ഭ്രൂണത്തെ കണ്ടെത്തി ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയാണ് സാധാരണ അവലംബിക്കുന്ന മാർഗം.

Read More : Health Magazines