Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീകൾ സൂക്ഷിക്കുക…. ഇവ ഹൃദ്രോഗ ലക്ഷണമാകാം

heart-disaese

ദഹനക്കേട് വന്നാൽ വൈദ്യസഹായം തേടിയാൽ അത് ഹൃദ്രോഗ ലക്ഷണമാണ് എന്ന് ഡോക്ടർമാർ പോലും ചിന്തിക്കാറില്ല എന്നാൽ ചെറുപ്പക്കാരായ സ്ത്രീകളിൽ ഉണ്ടാകുന്ന ദഹനക്കേട്, കിതപ്പ്, കഴുത്ത്, താടിയെല്ല്, കൈകൾ ഇവയ്ക്ക് വേദന, ഹ്രസ്വമായ ശ്വസനം ഇവ ഹൃദ്രോഗ ലക്ഷണമാകാമെന്ന് വിദഗ്ധർ. ഡോക്ടർമാർ‍ പലപ്പോഴും ഇത് തിരിച്ചറിയാതെ പോകുന്നു. ഇതേ പ്രായത്തിലുള്ള പുരുഷന്മാരെക്കാൾ സ്ത്രീകളിൽ ഇത് മരണകാരണവും ആകുന്നുവെന്നു പഠനം.

സ്ത്രീകൾക്ക് ഹൃദയാഘാതം ഉണ്ടാകുമ്പോൾ നെഞ്ചുവേദന അനുഭവപ്പെടാൻ സാധ്യത കുറവാണ്. അക്യൂട്ട് മയോകാർഡിയൽ ഇൻഫ്രാക്ഷൻ എന്ന് വൈദ്യശാസ്ത്രത്തിൽ അറിയപ്പെടുന്ന ഹൃദയാഘാതം മൂലം സ്ത്രീകൾ മരിക്കാനും ഇത് കാരണമാകുന്നു.

ചെറുപ്പക്കാരായ സ്ത്രീകൾ നെഞ്ചിന് അസ്വസ്ഥതയോ മറ്റ് ലക്ഷണങ്ങളോ മൂലം ഡോക്ടറെ കാണുകയാണെങ്കിൽ അത് ഹൃദ്രോഗവുമായി ബന്ധപ്പെട്ടതാകാമെന്ന് യേൽ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗെയ്ൽ ഡി ഓണോഫ്രിയേ പറയുന്നു.

55 വയസ്സോ അതിൽ താഴെയോ പ്രായമുള്ള 2009 സ്ത്രീകളെയും 976 പുരുഷന്മാരെയും താരതമ്യപ്പെടുത്തി നടത്തിയ പഠനം സർക്കുലേഷൻ ജേണലിൽ പ്രസിദ്ധീകരിച്ചു. ഇവരുടെ രോഗലക്ഷണങ്ങളും രോഗിക്കു ലഭിക്കുന്ന ശ്രദ്ധയും താരതമ്യപ്പെടുത്തി.

ഭൂരിഭാഗം സ്ത്രീ പുരുഷന്മാർക്കും നെഞ്ചുവേദന, മുറുക്കം, അസ്വസ്ഥത,സമ്മർദം തുടങ്ങിയ ഹൃദയാഘാത ലക്ഷണങ്ങൾ അനുഭവപ്പെട്ടതായി കണ്ടു. എന്നാൽ പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളിൽ ഹൃദ്രോഗാനുബന്ധ ലക്ഷണങ്ങളായ ദഹനക്കേട്, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്., കിതപ്പ്, തൊണ്ട വരളുക, കഴുത്ത്, താടിയെല്ല്, കൈകൾ എന്നിവിടങ്ങളിൽ വേദന മുതലായവയും ഉണ്ടായി.

സ്ത്രീകളിൽ ഈ ലക്ഷണങ്ങൾ എല്ലാം സമ്മർദം (Stress) മൂലമോ ഉത്കണ്ഠ മൂലമോ ആണെന്ന് കരുതും. ആരോഗ്യപ്രവർത്തകരും ഈ ലക്ഷണങ്ങളെ ഹൃദ്രോഗവുമായി ബന്ധപ്പെടുത്താറില്ല ഗവേഷകർ പറയുന്നു.

ചെറുപ്പക്കാരായ സ്ത്രീ പുരുഷന്മാരിൽ നെഞ്ചുവേദനയാണ് സാധാരണയായുള്ള ലക്ഷണം. എങ്കിലും ഇവരിൽ കാണുന്ന മറ്റു ലക്ഷണങ്ങളെയും അവഗണിക്കരുതെന്നും അത് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ ആകാമെന്നും യേൽ ഗവേഷകർ പറയുന്നു.

Read More : Health News