മെൻസ്ട്രല്‍ കപ്പുകളും ടാമ്പണുകളും സുരക്ഷിതമോ?

ആര്‍ത്തവകാലത്ത് ഉപയോഗിക്കുന്ന മെൻസ്ട്രല്‍ കപ്പുകള്‍ക്കും ടാമ്പണുകള്‍ക്കും അടുത്തകാലത്തായി വന്‍സ്വീകാര്യത ലഭിച്ചിരുന്നു. നാപ്കിനുകള്‍ ചിലരിൽ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു  എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവയ്ക്കു പ്രചാരം ലഭിച്ചത്. ഓര്‍ഗാനിക്ക് കോട്ടന്‍ കൊണ്ട് നിര്‍മിച്ചതെന്ന് അവകാശപ്പെടുന്ന ടാമ്പണുകളും ഏറെ സൗകര്യം നല്‍കുന്ന മെൻസ്ട്രല്‍ കപ്പുകളും സ്ത്രീകള്‍ ഉപയോഗിച്ചു തുടങ്ങിയിരുന്നു. എന്നാല്‍ ഇതെല്ലാം നൂറുശതമാനം സുരക്ഷിതമാണോ? 

എങ്കില്‍ കേട്ടോളൂ അല്ല എന്നാണ് ഉത്തരം. താരതമ്യേന സുരക്ഷിതമെന്ന് പറയുന്ന ഇവ ടോക്സിക് ഷോക്ക്‌ സിൻഡ്രോം ( toxic shock syndrome (TSS)) ഉണ്ടാക്കാന്‍ സാധ്യതയുണ്ട് എന്നാണു പുതിയ കണ്ടെത്തല്‍. ഒരുതരം ബാക്ടീരിയ അണുബാധ മൂലം ഉണ്ടാകുന്ന മാരകഅവസ്ഥയാണ് ഇത്. കടുത്ത ഛര്‍ദ്ദി, തലചുറ്റല്‍, അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുക, ചൊറിച്ചില്‍ എന്നിവയാണ് ഇതിന്റെ ലക്ഷണം. ജീവന്‍ തന്നെ നഷ്ടമാകുന്ന അവസ്ഥയാണ് ഇത്. 

ഏറ്റവും സുരക്ഷിതം എന്ന് അടുത്തകാലത്ത് കരുതപ്പെട്ട മെൻസ്ട്രല്‍ കപ്പുകളും പറയുന്ന പോലെ സുരക്ഷിതമല്ല എന്നാണു വിലയിരുത്തല്‍. ഓരോ തവണ ഉപയോഗത്തിനു ശേഷവും ഇവ ചൂടു വെള്ളത്തില്‍ കഴുകി വൃത്തിയാക്കി വയ്ക്കുന്നത് വളരെ ആവശ്യമാണ് എന്നാണു വിദഗ്ധര്‍ പറയുന്നത്. ഫ്രാന്‍സിലെ ക്ലോഡ് ബെര്‍നാഡ് സര്‍വകലാശാലയിലെ ഡോ. ജെറാല്‍ഡ് ലിനയുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. 

ടാമ്പണുകളെ അപേക്ഷിച്ചു മെൻസ്ട്രല്‍ കപ്പുകള്‍ ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇവ ഏറെ മുന്‍കരുതലോടെ ആകണം ഉപയോഗിക്കേണ്ടത് എന്നാണു വിദഗ്ധര്‍ പറയുന്നത്. ഉപയോഗ ശേഷം ഇവ അണുവിമുക്തമാക്കുക, കൈകള്‍ വൃത്തിയാക്കിയ ശേഷം മാത്രം ഉപയോഗിക്കുക, ആറുമണിക്കൂര്‍ നേരത്തിലധികം ഉപയോഗിക്കാതിരിക്കുക, രാത്രിനേരത്തെ ഉപയോഗം ഒഴിവാക്കുക എന്നിവയെല്ലാം കപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. 

Staphylococcus aureus (staph) ബാക്ടീരിയയില്‍ നിന്നാണ് ടോക്സിക് ഷോക്ക്‌ സിൻഡ്രോമിനുള്ള സാധ്യത ഉണ്ടാകുന്നത്. Group A streptococcus (strep)  ബാക്ടീരിയയും ഇതിനു കാരണമാകുന്നുണ്ട്. 11 തരം ടാമ്പനുകള്‍, നാലു തരം കപ്പുകള്‍ എന്നിവയില്‍ നടത്തിയ പഠനത്തിലാണ് ഇവയുടെ ദൂഷ്യഫലങ്ങള്‍ കണ്ടെത്തിയത്. ഇവ ഓര്‍ഗാനിക്, റെഗുലര്‍, റയോന്‍ അങ്ങനെ എന്ത് മെറ്റീരിയല്‍ കൊണ്ട് നിര്‍മിച്ചത് ആയാലും ശരി ഇവയുടെ അപകടസാധ്യത കുറയുന്നില്ല എന്നാണു വിലയിരുത്തല്‍. 

10,0000–ൽ ഒരാള്‍ക്ക് എന്ന നിലയ്ക്കാണ് ടോക്സിക് ഷോക്ക്‌ സിൻഡ്രോം ബാധിക്കുന്നത്. അടുത്തിടെ സൂപ്പര്‍ മോഡലായിരുന്ന ലോറെന്‍ വാസ്‍ലര്‍ക്ക് ടാമ്പൺ ഉപയോഗം നിമിത്തം കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്നത് ഈ സിൻഡ്രോം പിടിപെട്ടതിനാലായിരുന്നു.  

ടോക്സിക് ഷോക്ക്‌ സിൻഡ്രോം ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ എത്രയും പെട്ടന്ന് ചികിത്സ തേടുക എന്നതാണ് രോഗിയെ രക്ഷിക്കാനുള്ള മാര്‍ഗം. എത്രവേഗം ആന്റിബയോടിക്കുക്കുകള്‍ നല്‍കിതുടങ്ങുന്നുവോ അത്രയും സുഖപ്പെടാനുള്ള സാധ്യത രോഗിക്ക് വര്‍ധിക്കുന്നു. 

Read More : Health Magazine