മോഡൽ നടന്നൂ റാംപിലൂടെ; കുഞ്ഞിനെ മുലയൂട്ടിക്കൊണ്ട്

പൊതുസ്ഥലങ്ങളിൽ മുലയൂട്ടുന്നതിനെ ചൊല്ലി ലോകമെമ്പാടും ചർച്ചകൾ നടക്കുകയാണ്. ഇതിനിടെ കുഞ്ഞിനെ മൂലയൂട്ടിക്കൊണ്ട് റാമ്പിൽ നടന്ന് ചരിത്രം കുറിച്ചിരിക്കുകയാണ് മോഡലായ മാരാ മാർട്ടിൻ

സ്പോർട്സ് ഇല്ലസ്ട്രേറ്റഡ് മാഗസിൻ നടത്തിയ ഫാഷൻ ഷോ ആയ മിയാമി സ്വിം വീക്ക് 2018 – ലെ 16 ഫൈനലിസ്റ്റുകളിൽ ഒരാളാണ് മാരാ. തന്റെ അഞ്ചുമാസം പ്രായമായ ആരിയ എന്ന കുഞ്ഞിനെ മുലയൂട്ടിക്കൊണ്ടാണ് മാരാ റാംപിൽ എത്തിയത്. മാരയുടെ പ്രവൃത്തി  സമൂഹമാധ്യമങ്ങളിൽ ഒരു ചർച്ചയ്ക്ക് തുടക്കമിട്ടു കഴിഞ്ഞു. 

സ്വർണ നിറമുള്ള ബിക്കിനി അണി‍ഞ്ഞാണ് മാര റാംപിൽ എത്തിയത്. ചുറ്റുമുള്ള ശബ്ദമൊന്നും കുഞ്ഞിനെ ശല്യപ്പെടുത്താതിരിക്കാൻ ഒരു നീല നിറ ഹെഡ്ഫോണും കുഞ്ഞിന് വച്ചു കൊടുത്തിരുന്നു. 

മാഗസിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജ് മാരാ മാർട്ടിന്റെ നടത്തത്തിന്റെ ചിത്രവും വിഡിയോയും പോസ്റ്റ് ചെയ്തു. കൂടുതല്‍ പ്രതികരണങ്ങളും പോസിറ്റീവ് ആയിരുന്നു. എന്നാൽ മാരയുടെ പ്രവൃത്തി അംഗീകരിക്കാത്തവരുമുണ്ട്. 

കുഞ്ഞിനെ മുലയൂട്ടിക്കൊണ്ട് റാംപിലൂടെ നടക്കാൻ താൻ നേരത്തെ തീരുമാനിച്ചുറപ്പിച്ചതല്ലെന്നും പെട്ടെന്നെടുത്ത തീരുമാനമാണിതെന്നും മാര പറഞ്ഞു. 

‘‘അവൾക്ക് വിശക്കുന്നുണ്ടായിരുന്നു. മാത്രമല്ല അത് അവളുടെ അത്താഴ സമയവുമായിരുന്നു. എന്റെ ഊഴം വന്നപ്പോൾ കുഞ്ഞിനെ മുലയൂട്ടിക്കൊണ്ടിരുന്ന ഞാൻ നേരെ എഴുന്നേറ്റ് റാംപിലേക്ക് വന്നു’’ മാര പറയുന്നു. 

‘‘തന്നെ പിന്തുണച്ച എല്ലാവര്‍ക്കും മാര നന്ദി പറഞ്ഞു. കുഞ്ഞിനോടൊപ്പം താനും വാര്‍ത്തകളിൽ നിറയുകയാണെന്ന് വിശ്വസിക്കാനാകുന്നില്ല. താൻ  ദിവസവും ചെയ്യുന്ന കാര്യം തന്നെയാണ് ചെയ്തത്. മുലയൂട്ടൽ ഒരു സാധാരണ പ്രവൃത്തിയാണെന്നുള്ള സന്ദേശം എല്ലാവരിലേക്കും എത്തിക്കാൻ സാധിച്ചാൽ താൻ കൃതാർത്ഥയാണ്. മാര ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു. 

2017 –ൽ ഓസ്ട്രേലിയൻ എംപി ആയ ലാരിസ്സ വാട്ടേഴ്സ് കുഞ്ഞിനെ മൂലയൂട്ടിക്കൊണ്ട് പാർലമെന്റിൽ പ്രമേയം അവതരിപ്പിച്ചത് വാർത്തയായിരുന്നു.

Read More : Health Magazine