ഗര്‍ഭിണി രണ്ടു പേര്‍ക്കുള്ള ആഹാരം കഴിക്കണോ?

ഗര്‍ഭകാലത്ത് ഏറ്റവുമധികം കേള്‍ക്കുന്ന ഉപദേശമാണ് ഇനി രണ്ടു പേര്‍ക്കുള്ള ആഹാരം കഴിക്കണമെന്നത്. ഗര്‍ഭകാലത്ത് പല ആഹാരത്തോടും കൊതി തോന്നുമെന്നതു ശരി തന്നെ. സാധാരണയില്‍ കൂടുതല്‍ വിശപ്പും ഈ കാലത്ത് ഉണ്ടാകാറുണ്ട്. എന്നാല്‍ പണ്ടുള്ളവര്‍ പറയുന്ന പോലെ, ഗര്‍ഭിണി രണ്ടു പേര്‍ക്കുള്ള ആഹാരം കഴിക്കേണ്ടതുണ്ടോ ?

ഗര്‍ഭകാലത്ത് ശരാശരി 15 കിലോയാണ് ഒരു സ്ത്രീക്കു ഭാരം വര്‍ധിക്കുന്നത്. ചിലര്‍ക്ക് ഇതിലധികവും വര്‍ധിക്കും. 17 ശതമാനം സ്ത്രീകള്‍ക്ക് ഇതിനുതാഴെ  ഭാരം എത്തി നില്‍ക്കുമ്പോള്‍ 42 ശതമാനം സ്ത്രീകള്‍ക്ക് അമിതമായി ഭാരം കൂടുകയും ചെയ്യുന്നു. 

ഗര്‍ഭകാലത്തെ ആഹാരശീലത്തെക്കുറിച്ചും ഭാരവര്‍ധനവിനെക്കുറിച്ചും ഗവേഷകനായ പ്രഫ. വിംഗ് ഹുന്ഗ് റ്റാ൦ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം പറയുന്നത്, ഗര്‍ഭിണി രണ്ടു പേര്‍ക്കുള്ള ആഹാരം കഴിക്കേണ്ടതില്ല എന്നാണ്.  ദിവസവും 300 കാലറി മാത്രമാണ് ഒരു ഗര്‍ഭിണിക്ക് ആവശ്യം. എന്നാല്‍ സമീകൃതാഹാരം കഴിക്കുക എന്നത് പ്രധാനവുമാണ്. അതുപോലെ ചെറിയ തോതിലുള്ള വ്യായാമം ചെയ്യുന്നത് ഭാരം വര്‍ധിക്കാതെ സഹായിക്കും. 

ഗര്‍ഭിണികളില്‍ കാണപ്പെടുന്ന അമിതവണ്ണം ഗര്‍ഭസ്ഥശിശുവിനെ ബാധിക്കാം എന്നാണു ഗവേഷകര്‍ പറയുന്നത്. അമ്മയില്‍ ഗ്ലൂക്കോസ് നില കൂടിയ തോതില്‍ ഉണ്ടാക്കുന്ന ജെസ്റ്റേഷണൽ ഡയബറ്റിസ് പോലെയുള്ള രോഗങ്ങള്‍ ഇതുമൂലം സംഭവിക്കാം. ഇത് കുഞ്ഞുങ്ങളിൽ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാം. അതുകൊണ്ട് ഗര്‍ഭകാലം ആരോഗ്യകരമായ ആഹാരം കഴിക്കേണ്ട കാലം കൂടിയാണ് എന്നോര്‍ക്കുക.