മാസമുറയിലെ ശാസ്ത്രീയതയും അശാസ്ത്രീയതയും

വിവിധ മത വിശ്വാസങ്ങളുമായി ബന്ധപ്പെടുത്തി ഏറ്റവുമധികം തെറ്റിദ്ധരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് ആർത്തവം. അതേപ്പറ്റി ഡോക്ടർ എന്ന ടൈറ്റിൽ ഉപയോഗിച്ച് ചില വ്യക്തികൾ പ്രചരിപ്പിക്കുന്നത് തികച്ചും വസ്തുതാവിരുദ്ധവും അശാസ്ത്രീയവുമായ കാര്യങ്ങളാണെന്ന് ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ. സുൽഫി നൂഹു. 

ഈശ്വരവിശ്വാസവും ദേവാലയദര്‍ശനവുമെല്ലാം ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളാണ്. ഒരു വ്യക്തിക്ക് ഏതു രീതിയില്‍ എങ്ങനെ എന്തു തരത്തില്‍ ആരാധന നടത്തണമെന്നത് അവരവരുടെ അവകാശവും താല്‍പര്യവുമാണ്. അതുകൊണ്ടുതന്നെ ആരാധനലയങ്ങളിലെ സ്ത്രീസ്വാതന്ത്ര്യം ,ഐഎംഎയെ ബാധിക്കുന്ന ഒന്നല്ല.

എന്നാല്‍ ആര്‍ത്തവം അഥവാ മാസമുറയെപറ്റി പ്രചരിപ്പിക്കുന്ന അശാസ്ത്രീയതയെ തുറന്നുകാട്ടേണ്ടതുണ്ട്. സ്ത്രീ ശരീരത്തിലെ ഹോര്‍മോണ്‍ പ്രവര്‍‌ത്തനങ്ങള്‍ മൂലം ഗര്‍ഭപാത്രത്തിന്റെ ഉള്ളിലെ ചില കോശങ്ങള്‍ ഇളകിപ്പോകുകയും അത് ശരീരത്തിനു പുറത്തേക്കു വരികയും ചെയ്യുന്ന അവസ്ഥ മാത്രമാണ് ആര്‍ത്തവം.

ഹോര്‍മോണ്‍ വ്യതിയാനങ്ങളില്ലാത്തതും ആരോഗ്യകരവുമായ ശരീരത്തില്‍ കൃത്യമായ ഇടവേളകളിലാണ് അത് സംഭവിക്കുന്നത്. തികച്ചും ശാരീരികമായതും മനുഷ്യരുടെ മറ്റ് ഏതു ദൈനംദിനകാര്യങ്ങള്‍ പോലെയുമുള്ള ഒന്ന്. രക്ത ചംക്രമണവും ശ്വാസോച്ഛ്വാസവും ഹൃദയമിടിപ്പുമൊക്കെ പോലെതന്നെയാണ് ആര്‍ത്തവവും.

ശരീരത്തില്‍ എല്ലാ ദിവസവും പലതരത്തില്‍ വിസര്‍ജ്ജ്യവസ്തുക്കളുണ്ടാകുകയും അത് വിവിധ മാര്‍ഗങ്ങളിലൂടെ പുറത്തേക്കു പോകുകയും ചെയ്യും. ശരീരത്തിന് ആവശ്യമില്ലാത്തവ തൊലിയിലൂടെ വിയര്‍പ്പായും ശ്വാസകോശത്തിലൂടെ കാര്‍ബണ്‍ ഡയോക്സൈഡായും മലദ്വാരത്തിലൂടെ മലമായും മൂത്രനാളിയിലൂടെ മൂത്രമായും പുറത്തു പോകാറുണ്ട്. മാസമുറയെ മാത്രം അവജ്ഞയോടെ കാണുന്നത്‌ ശരിയല്ല.

ആര്‍ത്തവമുള്ള സ്ത്രീകള്‍ പട്ടുനൂല്‍പ്പുഴുവിന്റെ അടുത്തുകൂടി പോയാല്‍ അത് ചാകുമെന്നും തുളസിച്ചെടിയില്‍ തൊട്ടാല്‍ ചെടി വാടിപ്പോകുമെന്നുമൊക്കെയുള്ള പ്രചാരണങ്ങളില്‍ യാതൊരു അടിസ്ഥാനവുമില്ല. ആര്‍ത്തവം ഏതെങ്കിലും തരത്തില്‍ ബാഹ്യമായ സ്വാധീനമോ മാറ്റമോ ഉണ്ടാക്കുന്നില്ല. ശരീരത്തിനു പുറത്തുള്ള ഒന്നിനേയും അത് ബാധിക്കില്ല.

ശാസ്ത്രം പഠനനിരീക്ഷണങ്ങളിലൂടെ തെളിയിക്കുന്നവ മാത്രം അംഗീകരിക്കുകയാണ് ആധുനിക വൈദ്യശാസ്ത്രം ചെയ്യുന്നത്. പല കാര്യങ്ങളും തെളിയിക്കാന്‍ കഴിയാതിരിക്കുന്നിടത്തോളം കാലം ആധുനിക വൈദ്യശാസ്ത്രത്തിന്റെ കാഴ്ചപ്പാടില്‍ അശാസ്ത്രീയത തന്നെയാണ്. ആരാധനലയങ്ങളിൽ പോകുന്നത് വ്യക്തിസ്വാതന്ത്ര്യം തന്നെയാണെന്നിരിക്കിലും അതിന്റെ മറവില്‍ അശാസ്ത്രീയത പ്രചരിപ്പിക്കുന്നത് ശരിയായ രീതിയല്ല.

ഡോ.സുൽഫി നൂഹു

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ