ഓരോ അഞ്ചു മിനിറ്റിലും ഒരു ഗർഭിണി വീതം മരണപ്പെടുന്നു

ഇന്ത്യയിൽ പ്രസവത്തോടനുബന്ധിച്ചുള്ള മരണനിരക്കു കൂടിവരുന്നതായി ലോകാരോഗ്യ സംഘടന. ഗർഭാവസ്ഥയിലും കുഞ്ഞിനു ജൻമം നൽകിക്കഴിഞ്ഞും ഓരോ അഞ്ചു മിനിറ്റിലുമായി ഒരു സ്ത്രീ വീതം മരണപ്പെടുന്നുണ്ട്.

പ്രസവത്തോടനുബന്ധിച്ച് ഒരു വർഷം 529000 മരണം നടക്കുന്നുണ്ട്. ഇതിൽ 136000 നടക്കുന്നതും ഇന്ത്യയിലാണെന്നും ലോകാരോഗ്യ സംഘടന വെളിപ്പെടുത്തുന്നു. മൂന്നിൽ രണ്ടു മരണങ്ങളും പ്രസവത്തിനു ശേഷമാണു നടക്കുന്നത്. പ്രസവത്തോടനുബന്ധിച്ചുള്ള രക്തസ്രാവമാണ് കൂടുതലും മരണങ്ങൾക്കും കാരണമാകുന്നത്. പ്രസവത്തിനു ശേഷം ആദ്യ 24 മണിക്കൂറിനുള്ളിൽ 500 മില്ലി മുതൽ 1000 മില്ലിയിലധികം രക്തം പോകുന്നത് പോസ്റ്റ്പാർട്ടം ഹെമറേജ് ആയി കണക്കാക്കപ്പെടുന്നു.

പോസ്റ്റ്പാർട്ടം ഹെമറേജ് മൂലമുള്ള മരണനിരക്കു കൂടുന്നതിനാൽത്തന്നെ പ്രസവാനുബന്ധമായുള്ള മരണനിരക്ക് അഞ്ചായി കുറയ്ക്കുക എന്നതിന് ഇതു തടസം സൃഷ്ടിക്കുന്നുണ്ട്.

ഏറ്റവും പുതിയ കണക്കനുസരിച്ച് 100,000 ജനനങ്ങൾ ഉണ്ടാകുമ്പോൾ 167 മരണങ്ങളും സംഭവിക്കുന്നുണ്ട്. പ്രസവാനുബന്ധ മരണനിരക്ക് ഏറ്റവും കൂടുതൽ ആസാമിലും ഏറ്റവും കുറവ് കേരളത്തിലുമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.