Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീകള്‍ ഒന്നു ശ്രദ്ധിച്ചോളൂ, ഈ വൈറ്റമിനുകൾ ആവശ്യം

eating

വീടിന്റെ വിളക്കാണ് സ്ത്രീയെന്ന് പറയുന്നതു സത്യമാണ്. ഭർത്താവിന്റെയും മക്കളുടെയുമൊക്കെ ആരോഗ്യത്തിൽ ശ്രദ്ധ കൊടുക്കുകയും അവർക്കു വേണ്ട ആഹാരങ്ങൾ വച്ചുവിളമ്പിക്കൊടുക്കുകയും ചെയ്യുമ്പോൾ പലപ്പോഴും സ്വന്തം ആരോഗ്യം ശ്രദ്ധിക്കാൻ കഴിയാറില്ല. നിങ്ങളുടെ ശരീരത്തിന് ഏറ്റവും അത്യാവസ്യം വേണ്ട വൈറ്റമിനുകൾ ഏതൊക്കെയാണെന്നു നോക്കൂ. എത്ര തിരക്കിനിടയിലായാലും ഇവ ശരീരത്തിനു ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

വൈറ്റമിന്‍ എ

ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും അത്യാവശ്യമുള്ള വൈറ്റമിന്‍ ആണിത്. എല്ലുകളുടെയും പല്ലുകളുടെയും ഉറപ്പിനും ചര്‍മത്തിന്റെ ആരോഗ്യത്തിനും മാത്രമല്ല പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനും കാഴ്ച ശക്തി കൂട്ടാനും വൈറ്റമിന്‍ എ സഹായിക്കുന്നു .ഇത് കാരറ്റ്, മത്തങ്ങ, തക്കാളി, പപ്പായ, ചീര, മുട്ട, കരള്‍, പാല്‍ എന്നിവയില്‍ ഉണ്ട്

വൈറ്റമിന്‍ B2

റൈബോഫ്ലാവിന്‍ എന്നും അറിയപ്പെടുന്ന ഈ വൈറ്റമിന്‍ ശരീരത്തിന്റെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും അത്യാവശ്യമാണ്. ക്ഷീണം, ആശങ്ക, തളര്‍ച്ച എന്നിവ കുറച്ച് ഊര്‍ജം കൂട്ടാനും ഈ വിറ്റാമിന്‍ സഹായിക്കുന്നു. ഇതിന്റെ കുറവ് പ്രതിരോധശക്തിയെയും നാഡികളുടെ പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിക്കുന്നു. വായ്പുണ്ണ്, ചുണ്ട് പൊട്ടല്‍, വരണ്ട മുടി, അമിതമായ ചുളിവുകള്‍ ഒക്കെ വൈറ്റമിന്‍ ബി12വിന്റെ കുറവിന്റെ ലക്ഷണങ്ങളാണ്. പാല്‍, തൈര്, ഇലക്കറികള്‍, മുട്ട, ധാന്യങ്ങള്‍, സോയ, ബദാം എന്നിവയില്‍ ഇവ ധാരാളമായി അടങ്ങിയിരിക്കുന്നു.

വൈറ്റമിന്‍ ബി 6

പ്രതിരോധശക്തിയ്ക്ക് അത്യന്താപേക്ഷിതമായ വൈറ്റമിന്‍ ആണിത്. വിഷാദരോഗം, മറവി, ഹൃദ്രോഗം എന്നിവയുടെ സാധ്യത കുറയ്ക്കുന്ന ഈ വൈറ്റമിന്‍ ഹോര്‍മോണുകളുടെ ഉത്പാദനത്തിനും ശരീരത്തെ സഹായിക്കുന്നു. ഇതിന്റെ കുറവ് വിളര്‍ച്ച ഉണ്ടാക്കും. വാഴപ്പഴം, മീന്‍, മാംസം, ഓട്സ് എന്നിവയില്‍ ഇവ ധാരാളമുണ്ട്.

വൈറ്റമിന്‍ ബി 7

മേനിയഴകിലും മുടിയഴകിലും ശ്രദ്ധിക്കുന്നവര്‍ കഴിക്കേണ്ടത്‌ ഈ വൈറ്റമിന്‍ ആണ്. കൊളസ്ട്രോള്‍ നിയന്ത്രിക്കാനും എല്ലിന്റെ ആരോഗ്യം സംരക്ഷിക്കാനും ഒക്കെ ഈ വൈറ്റമിന്‍ സഹായിക്കും. മധുരക്കിഴങ്ങ്, മീന്‍, ബദാം, കാരറ്റ്, വാഴപ്പഴം ,ഇലക്കറികള്‍, മുട്ട, സോയ, പാൽ, തൈര് എന്നിവയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഇവയുടെ കുറവ് വിളര്‍ച്ച, ക്ഷീണം, വിഷാദം എന്നിവയ്ക്ക് കാരണമാകാം .

വൈറ്റമിന്‍ ഇ

മുടിയ്ക്കും ചര്‍മത്തിനും അത്യാവശ്യമായ വേറൊരു വൈറ്റമിന്‍ ആണിത്. പ്രായം കൊണ്ട് ചര്‍മത്തിനുണ്ടാകുന്ന കേടുപാടുകള്‍ കുറയ്ക്കാന്‍ ഇതിനു കഴിയുന്നു. അതുകൊണ്ട് തന്നെയാണ് ഒട്ടു മിക്ക സൗന്ദര്യവര്‍ധകവസ്തുക്കളിലും ഇത് ഉള്‍പ്പെടുത്തി കാണുന്നത്. ചര്‍മത്തിനും മുടിയ്ക്കും ഒരു പോലെ പ്രധാനപ്പെട്ട ഈ വൈറ്റമിന്‍ ഹൃദ്രോഗം, തിമിരം, മറവി, കാന്‍സര്‍ എന്നിവയെ പ്രതിരോധിക്കുകയും ചെയ്യുന്നു. ചീര, ബദാം, നിലക്കടല, മീനെണ്ണ എന്നിവയില്‍ ഈ വൈറ്റമിന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട് .

വൈറ്റമിന്‍ ബി 9

ഫോളിക് ആസിഡ് എന്നറിയപ്പെടുന്ന ഈ വൈറ്റമിന്‍ എല്ലാ സ്ത്രീകളും ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടതാണ്. ഹൃദ്രോഗം, രക്താതിസമ്മര്‍ദം, കാന്‍സര്‍, മറവിരോഗം, വിഷാദരോഗം എന്നിവയെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ ഇവയ്ക്ക് ആവും. തലച്ചോറിന്‍റെ ആരോഗ്യത്തിനും ഗര്‍ഭധാരണ സാധ്യത വർധിപ്പിക്കാനും ഇത് സഹായിക്കും. ഗര്‍ഭിണികളില്‍ ഫോളിക് ആസിഡിന്റെ കുറവ് ഭ്രൂണത്തിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. ഇലക്കറികള്‍, മത്തന്‍, പയർ–പരിപ്പ് വര്‍ഗങ്ങള്‍, മുട്ട എന്നിവയില്‍ ഇവ അടങ്ങിയിട്ടുണ്ട്.

വൈറ്റമിന്‍ ബി12

ശരീരത്തിന്റെ ചയാപചയങ്ങള്‍ക്കും കോശവിഭജനത്തിനും ഒക്കെ പ്രധാനപ്പെട്ട ഈ വൈറ്റമിന്‍ ഹൃദ്രോഗം, മറവിരോഗം, വിളര്‍ച്ച എന്നിവയെ പ്രതിരോധിക്കുന്നു. ഇവയുടെ കുറവ് വിഷാദം, ഈര്‍ഷ്യ എന്നിവയ്ക്ക് കാരണമാകാം. ഇവ ധാരാളമായി മുട്ടയിലും മീനിലും മാംസത്തിലും പാലിലും തൈരിലും കാണപ്പെടുന്നു.

വൈറ്റമിന്‍ സി

പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതില്‍ കേമനായ ഈ വൈറ്റമിന്‍ ഇമ്മ്യുണിറ്റി ബൂസ്റ്റര്‍ എന്നാണ് അറിയപ്പെടുന്നത്. കാന്‍സര്‍, ഹൃദ്രോഗം എന്നിവ പ്രതിരോധിക്കുന്നതിനൊപ്പം ചുവന്ന രക്താണുക്കളുടെ അളവ് കൂട്ടാനും ഇവ സഹായിക്കുന്നു. ചെറുനാരങ്ങ, ഓറഞ്ച്, ബ്രോക്കോളി, ഉരുളകിഴങ്ങ്, തക്കാളി, മുളപ്പിച്ച പയര്‍ എന്നിവയില്‍ വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്.

വൈറ്റമിന്‍ ഡി

കാല്‍സ്യത്തിന്റെ ആഗിരണത്തിന് സഹായിക്കുന്നു എന്നതാണ് ഈ വൈറ്റമിന്റെ ഏറ്റവും വലിയ പ്രത്യേകത. എല്ലിന്റെയും കാഴ്ചയുടെയും ശക്തിയ്ക്ക് ഇവ സഹായിക്കുന്നു. ആര്‍ത്തവ അനുബന്ധ പ്രശ്നങ്ങള്‍ കുറയ്ക്കാനും ഇവ സഹായിക്കും. സൂര്യവെളിച്ചത്തില്‍ വൈറ്റമിന്‍ ഡി ധാരാളമായി ഉള്ളത് കൊണ്ട് പത്തു പതിനഞ്ചു മിനിറ്റ് ഇളം വെയില്‍ കൊള്ളുന്നത്‌ ശരീരത്തിന് ആവശ്യമുള്ള വൈറ്റമിന്‍ ഡി ലഭിക്കാന്‍ സഹായിക്കുന്നു. നെയ്യുള്ള മീന്‍, കരള്‍, മുട്ട എന്നിവയിലും ഇവ അടങ്ങിയിട്ടുണ്ട്

വൈറ്റമിന്‍ കെ

പ്രതിരോധശക്തികൂട്ടാന്‍ സഹായിക്കുന്ന ഈ വൈറ്റമിന്‍ ശരീരത്തിന്റെ ഊര്‍ജസ്വലത നിലനിര്‍ത്താനും വലിയ പങ്കു വഹിക്കുന്നു. ധാന്യങ്ങളിലും ഇലക്കറികളിലും മീനെണ്ണയിലും സോയഎണ്ണയിലും ഇവ അടങ്ങിയിട്ടുണ്ട്

ഒരു ദിവസത്തെ ഭക്ഷണത്തില്‍ അഞ്ച് തരം പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തിയാല്‍ തന്നെ ലഭിക്കുന്നവയാണ് മിക്ക വൈറ്റമിനുകളും എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.