സ്തനാർബുദ സാധ്യത എളുപ്പത്തിൽ കണ്ടെത്താം

സ്തനാര്‍ബുദം ബാധിക്കുന്നവരുടെ എണ്ണം ഇപ്പോൾ വളരെ കൂടുതലാണ്. സ്തനാർബുദ സാധ്യത നേരത്തേ തിരിച്ചറിയുന്നത് രോഗത്തെ തടയാൻ കഴിയുമോ? നേരത്തെ തന്നെ കണ്ടെത്തിയാൽ സ്തനാർബുദം ചികിത്സിച്ച് പൂർണ്ണമായും ഭേദമാക്കാനാകും. ജീവിതശൈലി മെച്ചപ്പെടുത്തുന്നതോടൊപ്പം രോഗപ്രതിരോധത്തിനു സഹായകമാകുന്ന വിധത്തിലുള്ള ചികിത്സകളും നൽകാൻ ചിലപ്പോൾ കഴിഞ്ഞേക്കും.

അമ്മ, സഹോദരി തുടങ്ങിയ രക്തബന്ധമുള്ളവരില്‍ സ്തനാര്‍ബുദം വന്നിട്ടുള്ളവര്‍ ഏറെ ശ്രദ്ധിക്കണം. നേരത്തെ ഒരു സ്തനത്തില്‍ അര്‍ബുദം വന്നവരില്‍ മറ്റേ സ്തനത്തിലോ, മറ്റൊരു ഭാഗത്തോ അര്‍ബുദം വരാനുള്ള സാധ്യതയും ഉണ്ടെന്നൊക്കെ പറയാറുണ്ടെങ്കിലും കൃത്യമായി പ്രവചിക്കാൻ ആർക്കെങ്കിലും കഴിയുമോ?.

സ്തനാര്‍ബുദം വരുന്നതിനു പിന്നിലെ ജനതിക ഘടകങ്ങള്‍ തിരിച്ചറിയപ്പെട്ടിട്ടുണ്ട്. പാരമ്പര്യമായുണ്ടാകുന്ന സ്തനാര്‍ബുദങ്ങള്‍ക്കു പിന്നിലുള്ള ജീനുകളെ തിരിച്ചറിയാനും അവയുള്ളവരില്‍ രോഗസാധ്യത മുന്‍കൂട്ടി കണ്ടെത്താനും കഴിയും. ഇന്ത്യൻ സ്വദേശിയായ ഗവേഷകൻ ഇപ്പോഴിതാ കൃത്രിമ ബുദ്ധിയുപയോഗിക്കുന്ന സോഫ്റ്റ്​വെയർ സഹായത്തോടെ സ്തനാര്‍ബുദ സാധ്യത പ്രവചിക്കുന്ന മാർഗം കണ്ടെത്തിയിരിക്കുന്നു. മനുഷ്യനേക്കാള്‍ 30 മടങ്ങ് വേഗത്തിലും 99 ശതമാനം കൃത്യമായും പ്രവചിക്കുന്ന സോഫ്റ്റ്​വെയറാണിത്.

ലക്ഷക്കണക്കിന് ഡാറ്റകൾ സെക്കന്റുകൾകൊണ്ട് പ്രവചിക്കുന്ന സോഫ്റ്റ്​വെയർ സഹായത്തോടെ ആവശ്യമില്ലാത്ത ബയോപ്സി ഒഴിവാക്കാനാകുമെന്ന് ഹൂസ്റ്റൺ മെതോഡിസ്റ്റ് റിസേര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരായ സ്റ്റീഫൻ ടി വോങ്ങ് പറയുന്നു. മാമോഗ്രാം പരിശോധനാ റിപ്പോർട്ടും അഞ്ഞൂറോളം സ്തനാർബുദ രോഗികളുടെ വിവരങ്ങളും അപഗ്രഥിച്ചാണ് സോഫ്റ്റ്​വെയർ സ്തനാർബുദ സാധ്യത പ്രവചിക്കുന്നത്.

ജേണൽ ക്യാൻസറിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നതിനു മുമ്പുതന്നെ ആരംഭദശയിലുള്ള സ്തനാര്‍ബുദം കണ്ടുപിടിക്കാനുള്ള ഏറ്റവും മികച്ച രീതിയാണ് മാമോഗ്രഫി. ആരംഭത്തിലേ തിരിച്ചറിയുക, ശരിയായ ചികിത്സ തേടുക എന്നതുപോലെതന്നെ പ്രധാനമാണ് കൃത്യമായ തുടര്‍ ചികിത്സകളും.