ഉള്ളിയും അണ്ഡാശയ അർബുദവും

ഉള്ളിയിൽ നിന്നു വേർതിരിച്ചെടുക്കുന്ന ഒരു സംയുക്തം അണ്ഡാശയ കാൻസർ തടയാൻ സഹായിക്കുമെന്നു പഠനം. ജപ്പാനിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിലാണ് ഉള്ളിയിൽ അടങ്ങിയ ഒണ്യൻ എ (ONA) എന്ന സംയുക്തം അർബുദ ചികിത്സയിൽ ഉപയോഗിക്കാമെന്നു തെളിഞ്ഞ‍ത്.

അണ്ഡാശയ അർബുദത്തിൽ വളരെ സാധാരണയായി കാണുന്നത് എപ്പിത്തീലിയൽ ഓവേറിയൻ കാൻസർ ആണ്. ഇതിന് 40 ശതമാനം മാത്രമാണ് അതിജീവന സാധ്യത എന്ന് ലോകാരോഗ്യസംഘടനയുടെ അർബുദ മരുന്നുകളെക്കുറിച്ചുള്ള 2014 ലെ റിവ്യൂവിൽ പറയുന്നു.

കുടുംബത്തിൽ ആർക്കെങ്കിലും ഈ രോഗം വന്നിട്ടുണ്ടെങ്കിൽ 40 ശതമാനമാണ് രോഗസാധ്യത. കീമോതെറാപ്പിയുൾപ്പെട്ട ആദ്യഘട്ട ചികിത്സയ്ക്കു ശേഷം 80 ശതമാനം പേർക്കും ഈ രോഗം രണ്ടാമതും വരാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ കൂടുതല്‍ ഫലവത്തായ ചികിത്സയും ആവശ്യമാണ്.

ഉള്ളിയിൽ നിന്നു വേർതിരിച്ചെടുക്കുന്ന സംയുക്തമായ ഒ.എൻ.എ ഉപയോഗിച്ച ശേഷം അർബുദകോശങ്ങളുടെ വളർച്ച തടസ്സപ്പെട്ടതായി പഠനത്തിൽ കണ്ടു. രോഗ പ്രതിരോധ സംവിധാനം ദുർബലപ്പെടുത്താനുള്ള മൈലോയ്ഡ് (myeloid) കോശങ്ങളുടെ ശ്രമങ്ങളെ ഇല്ലായ്മ ചെയ്ത് ട്യൂമറിനെ പ്രതിരോധിക്കാൻ ഒഎൻഎ യ്ക്ക് കഴിയുന്നു. നിലവിലുള്ള അർബുദ മരുന്നുകളുടെ കഴിവ് കൂട്ടുന്നതോടൊപ്പം സാധാരണ കോശങ്ങൾക്ക് ഒരു തകരാറും ഇത് വരുത്തുന്നുമില്ല.

മൃഗങ്ങളിൽ നടത്തിയ പരീക്ഷണത്തിൽ പാർശ്വഫലങ്ങൾ ഒന്നും കണ്ടില്ല. അർബുദ രോഗികള്‍ക്ക് ഓറൽ ഒഎൻഎ സപ്ലിമെന്റ് ഏറെ ഗുണം ചെയ്യും എന്ന് കുമാമോട്ടോ സർവകലാശാല ഗവേഷകർ പറയുന്നു. അണ്ഡാശയ അർബുദ മുഴകളുടെ വളർച്ച തടഞ്ഞ് ആയുർദൈർഘ്യം കൂട്ടാൻ ഇത് ഉപകരിക്കും.

അർബുദ കോശങ്ങൾ പെരുകുന്നതിനെ തടഞ്ഞ് അർബുദ മരുന്നുകളെ ശക്തിപ്പെടുത്താനുള്ള കഴിവ് ഉള്ളിയില്‍ അടങ്ങിയ സംയുക്തമായ ഒ.എൻ.എ. യ്ക്ക് ഉണ്ടെന്ന് ഈ പഠനം തെളിയിച്ചു.