അമ്മയ്ക്ക് അമിതവണ്ണമുണ്ടെങ്കിൽ കുഞ്ഞിനും അമിതവണ്ണമോ?

അമ്മയ്ക്ക് അമിതവണ്ണമുണ്ടെങ്കിൽ കുഞ്ഞിനു തൂക്കക്കൂടുതൽ ഉണ്ടാകുമെന്നു പറയുന്നതു വെറുതെയാണോ? എങ്കിൽ ഇതാ ലണ്ടനിലെ ഗവേഷകർ പറയുന്നത് അതിൽ അൽപം കാര്യമുണ്ടെന്നാണ്. ഗർഭധാരണസമയത്ത് അമിതവണ്ണമുള്ള സ്ത്രീകൾക്ക് തൂക്കുകൂടുതലുള്ള കുഞ്ഞുങ്ങൾ പിറക്കുന്നതിന് സാധ്യത കൂടുതലാണത്രേ. യുകെയിലെ ബ്രിസ്റ്റൾ സർവകലാശാലയിൽ നടന്ന പഠനങ്ങളിൽ നിന്നാണ് ഈ നിഗമനം.

ഗർഭധാരണസമയത്ത് ഉയർന്ന തോതിൽ പ്രമേഹം ഉള്ള അമ്മമാർക്കാണത്രേ ഭാരക്കൂടുതലുള്ള കുഞ്ഞുങ്ങൾ പിറക്കുന്നത്. ഗർഭധാരണസമയത്ത് ഉയർന്ന രക്തസമ്മർദമുള്ള സ്ത്രീകൾക്ക് തൂക്കക്കുറവുള്ള കുഞ്ഞുങ്ങളാണ് ജനിക്കുക. കുഞ്ഞുങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകണമെന്നു നിർബന്ധമില്ല. ബ്രിട്ടനിലെ ആരോഗ്യവതികളായ മുപ്പതിനായിരം സ്ത്രീകളിലും അവരുടെ കുഞ്ഞുങ്ങളിലും നടത്തിയ പഠനത്തിൽ നിന്നാണ് ഈ നിമഗമനം.

സ്ത്രീകളുടെ ശരീരഭാരം, പ്രമേഹം, രക്തസമ്മർദം, തുടങ്ങിയ വിവിധ ഘടകങ്ങൾ പഠിച്ചുകൊണ്ടായിരുന്നു കണ്ടെത്തൽ. അമ്മമാരുടെ ഉയർന്ന രക്തസമ്മർദം കുഞ്ഞുങ്ങളെ ഭ്രൂണാവസ്ഥയിൽ ആയിരിക്കുമ്പോൾ തന്നെ ബാധിച്ചുതുടങ്ങുമെന്നും ഡോക്ടർമാർ മുന്നറിയിപ്പു നൽകി. നിശ്ചിത തൂക്കത്തിൽ കുറഞ്ഞ കു‍ഞ്ഞുങ്ങൾക്ക് ജനിച്ചശേഷം ആരോഗ്യപ്രശ്നങ്ങൾ വരാൻ സാധ്യത കൂടുതലാണ്. അതുകൊണ്ടാണ് ഗർഭിണികളായിരിക്കുന്ന സമയത്ത് കഴിയുന്നതും മനസ് ശാന്തവും പ്രസന്നവുമാക്കി സൂക്ഷിക്കണമെന്ന് വൈദ്യശാസ്ത്രം നിർദേശിക്കുന്നത്. ഗർഭിണിയുടെ കുടുംബത്തിലെ മറ്റുള്ള അംഗങ്ങളാണ് ഇക്കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടത്.