അബദ്ധം പറ്റിയെന്ന് ഇനി പറയല്ലേ...

കല്യാണം കഴിഞ്ഞതേയുള്ളു, ഒരു കുഞ്ഞിനെ കുറിച്ച് ചിന്തിച്ചു തുടങ്ങിയിട്ടു പോലുമില്ലായിരുന്നു. കുറച്ചു നാൾ ഞങ്ങൾ രണ്ടു പേരും മാത്രമായുള്ള ഒരു ജീവിതം. അതു പൂർണമായും ആസ്വദിച്ചതിനു ശേഷം കുഞ്ഞതിഥിയെക്കുറിച്ച് ചിന്തിക്കാമെന്നു കരുതിയിരിക്കുകയായിരുന്നു. പക്ഷേ... തീയതി കഴിഞ്ഞിട്ടും ഒന്നും സംഭവിക്കാത്തതു കൊണ്ട് വെറുതേ ഒരു പ്രഗ്നൻസി കിറ്റ് വാങ്ങി ടെസ്റ്റ് ചെയ്തതാ.... റിസൽട്ട് കണ്ടപ്പോൾ ഞെട്ടിപ്പോയി. ഇനി എന്തു ചെയ്യാൻ? ഗർഭധാരണം നടക്കാതിരിക്കാൻ വേണ്ട മുൻകരുതലുകൾ എല്ലാം എടുക്കുകയും ചെയ്തതാണ്. എവിടെയാണ് തെറ്റു സംഭവിച്ചതെന്നു മനസിലാകുന്നില്ല ഡോക്ടർ.... ഇത്തരം പ്രശ്നങ്ങളുമായി സമീപിക്കുന്ന നവദമ്പതികളുടെ എണ്ണം കൂടി വരുന്നതായി പല ഗൈനക്കോളജിസ്റ്റുകളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്തായാലും സംഭവിച്ചു പോയി, ഇനി അങ്ങ് അനുഭവിക്കുക തന്നെ എന്ന ധാരണയണ് ഇതിൽ ഭൂരിഭാഗം പേർക്കും.. എന്നാൽ ഇതു പോലുള്ള അബദ്ധങ്ങളും പ്രശ്നങ്ങളും ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ന്യൂഡൽഹി മാക്സ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. ഉമ വൈദ്യനാഥൻ വിശദീകരിക്കുന്നു.

മോണിങ് പിൽ– കണ്ണുമടച്ച് വിശ്വസിക്കേണ്ട

സംശയം തോന്നിയപ്പോൾ തന്നെ രാവിലെ പ്രിക്കോഷൻ ഗുളിക കഴിക്കുന്നുണ്ടായിരുന്നു. എന്നിട്ടും ഇതെങ്ങനെ സംഭവിച്ചു? ഭൂരിഭാഗം പേരും ചിന്തിച്ചിട്ടുണ്ടാകാം ഇതെങ്ങനെയെന്ന്. എന്നാൽ അറിഞ്ഞോളൂ, ഈ ഗുളികയുടെ പരാജയനിരക്കാണ് കൂടുതലും. വേണമെങ്കിൽ 100 ശതമാനവും എന്നു തന്നെ പറയാം. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങൾ കൂടിയാകുമ്പോൾ യാതൊരു വിദഗ്ധോപദേശവും സ്വീകരിക്കാതെ പലരും ഇതങ്ങു വാങ്ങി കഴിക്കുകയും ചെയ്യും.

വലിച്ചെടുക്കൽ രീതി

ശുക്ലം പുറത്തേക്കു വരുന്ന അവസ്ഥയിലേക്കെത്തുമ്പോൾ പുരുഷൻമാർ പെട്ടെന്നു ലൈംഗികാവയവം പുറത്തേക്കു വലിച്ചെടുക്കും. ഇതൊരിക്കലും 100 ശതമാനം സുരക്ഷിതമാണെന്നു പറയാൻ സാധിക്കില്ല. നമ്മുടെ ടൈമിങ് എപ്പോഴും ശരിയാകണമെന്നില്ല. ശുക്ലവിസർജനം നടക്കുന്നതിനു മുൻപു പുറത്തേക്കു വരുന്ന ഫ്ളൂയിഡും ഗർഭധാരണത്തിനു കാരണമാകുന്നുണ്ട്.

കാലാവധി കഴിഞ്ഞ ഗർഭനിരോധന ഉറകൾ

ഗർഭനിരോധന ഉറകൾ ഉപയോഗിക്കുന്നവരാണെങ്കിൽ കാലാവധി കഴിഞ്ഞതല്ല എന്ന് ഉറപ്പുവരുത്തണം. അതുപോലെ കോണ്ടത്തിന്റെ കവർ പെട്ടിക്കാനായി പല്ലോ നഖമോ ഉപയോഗിക്കരുത്. ഇവ കൊണ്ടുള്ള ക്ഷതങ്ങൾ ചിലപ്പോൾ നാം അറിയാതെ അകത്തുള്ള ഉറയിലും ഏൽക്കാനുള്ള സാഹചര്യമുണ്ട്.

ലൂബ്രിക്കന്റുകൾ ഉപയോഗിക്കുമ്പോൾ

ഓയിൽ ബെയ്സ്ഡ് ലൂബ്രിക്കന്റുകൾ ഒഴിവാക്കുക. കാരണം കോണ്ടത്തിന്റെ ലാറ്റക്സിനെ ഇവ ദുര്‍ബലപ്പെടുത്തുകയും ലൈംഗികബന്ധത്തിനിടയിൽ കോണ്ടം പൊട്ടിപ്പോകാനുള്ള സാഹചര്യം ഉണ്ടാകുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ സുരക്ഷിതത്വത്തിനു വേണ്ടി വാട്ടർ ബെയ്സ്ഡ് ലൂബ്രിക്കന്റുകൾ ഉപയോഗിക്കുകയാകും നല്ലത്.

ശരിയായ വഴി തിരഞ്ഞെടുക്കുക

കോണ്ടം ഉപയോഗിക്കുമ്പോൾ അത് ശരിയായ രീതിയിലാണെന്ന് ഉറപ്പു വരുത്തണം. വായു കുമിളകൾ ഉള്ളിൽ തങ്ങി നിൽക്കാൻ പാടില്ല. അതുപോലെ തന്നെ ലൈംഗികബന്ധത്തിനു ശേഷം ഉറ വേർപെടുത്തുമ്പോഴും അതീവ ശ്രദ്ധ വേണം.

സുരക്ഷിതകാലം സുരക്ഷിതമല്ലാതാകുമ്പോൾ

സുരക്ഷിതകാലമല്ലേ എന്നോർത്ത് ഗർഭനിരോധന ഉപാധികളൊന്നും സ്വീകരിക്കാതെ ബൈംഗികബന്ധത്തിൽ ഏർപ്പെട്ടാലും ചിലപ്പോൾ പണി കിട്ടിയെന്നു വരാം. സത്രീയുടെ ശരീരത്തിൽ പ്രവേശിച്ചാൽ ബീജത്തിന് 72 മണിക്കൂർ വരെ ആയുസുണ്ട്. കൃത്യ സമയത്ത് ഓവുലേഷൻ നടക്കാതെ തെറ്റായി സംഭവിക്കുകയാണെങ്കിൽ ഇതും ഗർഭധാരണത്തിലേക്കു നയിക്കാം.

ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ അബദ്ധം പറ്റിപ്പോയി എന്നു പറയാതെ ധൈര്യമായി കുഞ്ഞുവാവയെ സ്വീകരിക്കാം