ആര്‍ത്തവകാല ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ

ശാരീരികമായും മാനസികമായും ഏറെ വ്യത്യാസങ്ങള്‍ ഉണ്ടാകുന്ന ദിവസങ്ങളാണ് ആര്‍ത്തവ സമയം. ശരീര വേദനയും പെട്ടെന്ന് ദേഷ്യം വരുന്ന രീതിയും എല്ലാം ആര്‍ത്തവ സമയത്ത് സ്ത്രീകളില്‍ കാണാറുണ്ട്. ചിലര്‍ക്ക് വേദന കുറഞ്ഞ് ഏറെക്കുറെ സാധാരണ രീതിയിലും ഈ ദിവസങ്ങള്‍ കടന്നുപോകാറുണ്ട്. മറ്റു ചിലര്‍ക്ക് അതികഠിനമായ നടുവേദനയും മേല്‍വേദനയും അനുഭവപ്പെട്ടെന്നും വരാം. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആര്‍ത്തവ കാലത്തെ ഈ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാകും ഒപ്പം ആരോഗ്യ പ്രശ്നങ്ങളും.

1. സുരക്ഷിതമല്ലാത്ത സെക്സ്

ആര്‍ത്തവ കാലത്ത് സെക്സ് താല്പ്പര്യപ്പെടുന്നവര്‍ വളരെ കുറവായിരിക്കും. അഥവാ ആര്‍ത്തവ സമയത്ത് സെക്സില്‍ ഏര്‍പ്പടേണ്ടി വന്നാല്‍ തന്നെ സുരക്ഷിത മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക. ഇല്ലെങ്കില്‍ അലര്‍ജിയും മറ്റു പ്രശ്നങ്ങളും രണ്ടു പേര്‍ക്കും ഉണ്ടാകും.

2. ഭക്ഷണ ക്രമം

രക്തം ഏറെ നഷ്ടപ്പെടുന്ന സമയമാണ് ആര്‍ത്തവ കാലം. കൃത്യമായ രീതിയില്‍ ഭക്ഷണം ശ്രദ്ധിച്ചില്ലങ്കില്‍ ആരോഗ്യപ്രശ്നങ്ങള്‍ എന്നന്നേക്കുമായി നിങ്ങളുടെ കൂടെ കൂടും. പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണം ആര്‍ത്തവത്തിന് ഒരാഴ്ച മുന്‍പെങ്കിലും കൃത്യമായ അളവില്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. മത്സ്യം കഴിക്കുന്നത് ആരോഗ്യം ഏറ്റവും മികച്ച രീതിയില്‍ ഈ സമയത്ത് നിലനിര്‍ത്താന്‍ സഹായിക്കും.

3. ശാരീരിക അധ്വാനം

നടുവേദന, വയറുവേദന തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ ശാരീരിക അധ്വാനമുള്ള ജോലികള്‍ പരമാവധി ഒഴിവാക്കുക. ആര്‍ത്തവ സമയം ശരീരം ഏറെ ദുര്‍ബലമായിരിക്കുന്ന അവസ്ഥയാണ്. ഈ സമയത്ത് അധികം അധ്വാനം ചെയ്യുന്നത് ശരീരത്തിലെ ഈ ഭാഗങ്ങളിലെ വേദന സ്ഥിരമാകാന്‍ ഒരു പക്ഷേ കാരണമാകാം.

4. ഉറങ്ങാതിരിക്കുക

ഈ സമയത്ത് ഉറക്കം ഏറെ പ്രധാനമാണ്. ഉറക്കം കളഞ്ഞ് രാത്രിയില്‍ ഉണര്‍ന്നിരിക്കുന്നത് ശാരീരികമായ വലിയ ക്ഷീണത്തിന് കാരണമാകും. മാത്രമല്ല ആര്‍ത്തവ സമയത്ത് ശരീരത്തിലെ ഹോര്‍മോണുകളുടെ അളവില്‍ പലതരത്തിലുള്ള വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ട്, ഇത് കൃത്യമായ രീതിയില്‍ നടക്കണമെങ്കില്‍ രാത്രി ഉറക്കം അനിവാര്യമാണ്.

5. അധികം തണുപ്പുള്ള വെള്ളം ,സോഡ

ഐസ് വാട്ടര്‍ ആര്‍ത്തവ സമയത്ത് ഒഴിവാക്കാം. തണുത്ത വെള്ളം കുടിക്കുന്നത് ശരീരത്തില്‍ നിന്ന് രക്തം പുറത്തേക്ക് പോകുന്ന വേഗത കുറയ്ക്കും. അതായത് ആര്‍ത്തവ സമയത്ത് രക്തസ്രാവം കൂടുതല്‍ ദിവസം നീണ്ടു നില്‍ക്കാന്‍ ഇത് ഇടയാക്കും. സോഡ ഒഴിവാക്കുന്നതാണ് ഈ സമയത്ത് ആരോഗ്യത്തിന് നല്ലത്.

6. ഫാസ്റ്റ് ഫുഡ്

ആര്‍ത്തവ സമയത്ത് ഫാസ്റ്റ് ഫുഡ് അമിത അളവില്‍ കഴിക്കാതിരിക്കുക. പ്രത്യേകിച്ചും രാത്രി ഏറെ വൈകിയും മറ്റും കഴിക്കുന്നത് ഒഴിവാക്കുക. ഇല്ലെങ്കില്‍ ഈ ഭക്ഷണം വയറു കേടു വരുത്തിയേക്കാം.