ശുക്ലവിസർജനത്തിലൂടെ പ്രോസ്റ്റേറ്റ് കാൻസർ തടയാം

Image Courtesy : The Week Magazine

ദിവസവും ശുക്ലവിസർജനം നടത്തുന്ന പുരുഷൻമാരിൽ പ്രോസ്റ്റേറ്റ് കാൻസർ പിടികൂടാനുള്ള സാധ്യത കുറവാണെന്നു പഠനം. പുരുഷപ്രത്യുൽപാദന വ്യവസ്ഥയിലെ പ്രധാനപ്പെട്ട ഗ്രന്ഥിയായ പ്രോസ്റ്റേറ്റിനെ ബാധിക്കുന്ന കാൻസറാണ് പ്രോസ്റ്റേറ്റ് കാൻസർ. മൂത്രമൊഴിക്കണമെന്നു തോന്നിയാൽ പിടിച്ചു നിർത്താൻ കഴിയാതെ വരികയാണ് പ്രധാന ലക്ഷണം. ചിലരിൽ ഇതിന്റെ ഭാഗമായി മൂത്രാശയ അണുബാധ, മൂത്രസഞ്ചിയിലെ കല്ല് തുടങ്ങിയ പ്രശ്നങ്ങളും കാണപ്പെടാറുണ്ട്. എന്നാൽ ശുക്ല വിസർജനം നടത്തുന്നതിലൂടെ ഈ രോഗത്തെ ഫലപ്രദമായി തടയാമെന്നാണ് ഗവേഷകർ വാദിക്കുന്നത്.

ഗവേഷണത്തിൽ പങ്കെടുത്തവരെ ഗവേഷകർ വർഷങ്ങളോളം നിരീക്ഷിക്കുകയും ഇവരിൽ ഒരു മാസം 21 ഓ അതിൽ കൂടുതലോ പ്രവശ്യം ശുക്ലവിസർജനം നടത്തുന്നവരിൽ പ്രോസ്റ്റേറ്റ് കാൻസർ സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കുറവാണെന്നു കണ്ടെത്തുകയുമായിരുന്നു. രതിമൂർച്ഛയും പ്രോസ്റ്റേറ്റ് കാൻസറും തമ്മിൽ പരസ്പരം ബന്ധപ്പെട്ടു കിടക്കുകയാണെന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നതിനെക്കുറിച്ചുള്ള കാരണങ്ങളോ ലൈംഗികബന്ധത്തിലൂടെ നടക്കുന്ന രതിമൂർച്ഛയിലാണോ ഇങ്ങനെ സംഭവിക്കുന്നതെന്നതിനെക്കുറിച്ചോ ഗവേഷകർ വ്യക്തമാക്കിയിട്ടില്ല.

ഈ പഠനത്തിന്റെ ഫലങ്ങൾ ആയിരക്കണക്കിനു പേർക്ക് ഗുണപ്രദമാകുമെന്നാണ് പഠന്തതിനു നേതൃത്വം നൽകിയ ഹർവാർഡ് മെഡിക്കൽ സ്കൂളിലെ ജെനിഫർ റൈഡറും സംഘവും കരുതുന്നത്.

ശുക്ലവിസർ‌ജനത്തിലൂടെയും രതിമൂർച്ഛയിലൂടെയുമൊക്കെ സെമൻ പുറത്തേക്കു പോകുന്നതോടൊപ്പം തന്നെ ഓക്സിടോസിൻ, സെറോടോണിൻ, പ്രോലാക്ടിൻ തുടങ്ങിയ ഹോർമോണുകളും ശരീരത്തിൽ നിന്ന് മുക്തമാകുന്നു. ഈ ഹോർമോണുകൾ സുഖം പ്രദാനം ചെയ്യുന്നതോടൊപ്പം തന്നെ അവരെ ശാന്തരാക്കുകയും സുഖകരമായ ഉറക്കത്തിനു കാരണമാകുകയും ചെയ്യുന്നു.