Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീകളുടെ വേദനയും രതിമൂർച്ഛയും

sex-women

സ്ത്രീകൾ ഉന്നയിക്കുന്ന ലൈംഗികപ്രശ്നങ്ങളിൽ മുമ്പിൽ നിൽക്കുന്നത് രതിമൂർച്ഛാരാഹിത്യവും (അനോർഗാസ്മിയ) യോനീസങ്കോചവും വേദനയും (വജൈനിസ്മസ്) താൽപര്യക്കുറവുമാണ്. ലൈംഗികജീവിതത്തിൽ വേണ്ടനിലയിലുള്ള രതിമൂർച്ഛ ലഭിക്കാതെ പോകുന്ന സ്ത്രീകളുടെ എണ്ണം ഏതാണ്ട് 30 ശതമാനത്തോളം വരുമെന്ന് സർവേഫലം വ്യക്തമാക്കുന്നു. പങ്കാളികൾക്ക് ഫോർപ്ലേയുടെ പ്രാധാന്യമുൾപ്പെടെയുള്ള കാര്യങ്ങളിലെ അറിവില്ലായ്മ രതിമൂർച്ഛയ്ക്ക് തടസമാകുന്നു. 40 കഴിഞ്ഞ സ്ത്രീകളാണ് ഈ പരാതി ഉന്നയിക്കുന്നവരിൽ 60 ശതമാനവും.

ഏതാണ്ട് 25 ശതമാനം സ്ത്രീകളും ഉന്നയിക്കുന്ന ലൈംഗികപ്രശ്നം ലൈംഗികവേളയിലെ യോനീവേദനയാണ്. യോനീസങ്കോചം (വജൈനിസ്മിസ്) ആണ് വേദനയുടെ പ്രധാന കാരണം. 20—30 പ്രായത്തിലുള്ളവരാണ് ഈ പ്രശ്നവുമായി ഡോക്ടറെ കാണുന്നവരിൽ കൂടുതൽ. ഗൈനക്കോളജിസ്റ്റിന്റെ അടുക്കലേക്കാണ് മിക്ക സ്ത്രീകളും പോകുന്നത്. സെക്സിനെക്കുറിച്ചുള്ള ഭയവും ഉൽകണ്ഠയും ആണ് വിവാഹം കഴിഞ്ഞ ഉടനെ കൂടുതൽ പെൺകുട്ടികളിലും വേദനയ്ക്കു കാരണമാകുന്നത്. പ്രായമേറിയ സ്ത്രീകളിലും പ്രമേഹരോഗികളിലും യോനിയിൽ വേണ്ടത്ര വഴുവഴുപ്പില്ലാത്തത് വേദനയിലേക്കു നയിക്കാം. മാർക്കറ്റിൽ കിട്ടുന്ന ലൂബ്രിക്കന്റുകൾ ഉപയോഗിച്ച് അവരിൽ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ.

അതുപോലെ ഏതാണ്ട് 25 ശതമാനം സ്ത്രീകളിൽ ലൈംഗികതയോടുള്ള താൽപര്യക്കുറവും കാണുന്നു. ഓർഗാസമില്ലായ്മ, വേദന എന്നിവ മുതൽ പങ്കാളിയുടെ ലൈംഗിക പെരുമാറ്റത്തിലെ പൊരുത്തക്കേടുകൾ, മാനസിക സമ്മർദം തുടങ്ങി ഒരുപാടു കാരണങ്ങൾ ഇതിനു പറയാനാകും.

ലൈംഗിക പ്രശ്നങ്ങൾ ഉന്നയിക്കുന്ന സ്ത്രീകളുടെ എണ്ണത്തിലും കാര്യങ്ങൾ തുറന്നു പറയുന്നതിന്റെ രീതിയിലും കേരളീയരായ സ്ത്രീകൾ നല്ല പുരോഗതി നേടിയിട്ടുണ്ടെന്നാണു വിലയിരുത്തൽ. പക്ഷേ തന്റെ ലൈംഗികപ്രശ്നവുമായി നേരിട്ട് ഒരു സെക്സോളജിസ്റ്റിനെയോ മനശാസ്ത്രജ്ഞനെയോ സമീപിക്കുന്നവരുടെ എണ്ണത്തിൽ വർധനവില്ല. തിരുവനന്തപുരത്തും കൊച്ചിയിലും മാത്രമാണ് ഇക്കാര്യത്തിൽ അൽപമെങ്കിലും പുരോഗതി കാണുന്നത്. മിക്കപ്പോഴും ഭർത്താവിന്റെ ലൈംഗികപ്രശ്നം പറയുന്ന കൂട്ടത്തിലായിരിക്കും സ്ത്രീകൾ തങ്ങളുടെ പ്രശ്നവും വിശദീകരിക്കുന്നത്. പക്ഷേ ഭർത്താവിന്റെ ലൈംഗികപ്രശ്നങ്ങളെ ഡോക്ടറുടെ അടുത്ത് എത്തിക്കുന്നതിൽ സ്ത്രീകളുടെ ഇടപെടൽ കാര്യമായി വർധിച്ചിട്ടുണ്ടെന്നും സർവേ പാനലിലെ വിദഗ്ധർ പറയുന്നു.

സെക്സിലെ പരീക്ഷണങ്ങളിൽ

സെക്സിലെ പരീക്ഷണങ്ങളിൽ പുരുഷനു താൽപര്യം കൂടുന്നതായാണ് മറ്റൊരു സർവേഫലം. പുരുഷൻ പരീക്ഷണ കുതുകിയാകുമ്പോൾ സ്ത്രീയുടെ പരാതി കൂടുന്നുവെന്നതും ശ്രദ്ധേയം. ഭർത്താവിന്റെ ഭാഗത്തുനിന്നും ലൈംഗികതയിൽ നടത്തുന്ന പരീക്ഷണാത്മകമായ നീക്കങ്ങൾ ബുദ്ധുമുട്ടുണ്ടാക്കുന്നതായി അതിനു വിധേയരാകുന്ന ഭാര്യമാരിൽ 40 ശതമാനത്തോളം പേരും പരാതിപ്പെടുന്നു. ഇന്റർനെറ്റിലും ബ്ലൂഫിലിമുകളിലും കാണുന്ന ഇഷ്ടമല്ലാത്ത കാര്യങ്ങൾ അനുകരിക്കാൻ പ്രേരിപ്പിക്കുന്നു എന്നതാണ് അവരിൽ 75 ശതമാനത്തിന്റെയും പരാതി. എന്നാൽ ഓറൽ സെക്സ്, പുതിയ പൊസിഷനുകൾ, കിടപ്പറയിലെ വസ്ത്രധാരണത്തിലെ പുതുമകൾ, സെക്സ് മസാജുകൾ, ബാത്റൂംസെക്സ് എന്നിവയിൽ സ്ത്രീകൾക്കും താൽപര്യമുണ്ട്. ശരീരവടിവു പ്രകടമാക്കുന്ന വസ്ത്രധാരണത്തിലെ പരീക്ഷണങ്ങളിൽ സ്ത്രീക്കു താൽപര്യമുണ്ട്. പ്രത്യേകിച്ചും മുപ്പതു കഴിഞ്ഞ സ്ത്രീകളാണ് ഇക്കാര്യങ്ങളിൽ പങ്കാളിയോടു കൂടുതൽ സഹകരിക്കുന്നത്. സെക്സ് ഫാൻറസിക്കു മുൻതൂക്കം നൽകുന്ന റോൾപ്ലേ സങ്കൽപം പോലും മലയാളിയുടെ ദാമ്പത്യത്തിലേക്കു കുടിയേറിയിട്ടുണ്ട്.

സെകസിലെ പരീക്ഷണങ്ങളിൽ ഭാര്യയുടെ താൽപര്യം മനസിലാക്കാതെ പുരുഷൻ നീക്കം നടത്തുന്നതാണ് പലപ്പോഴും വിപരീതഫലമുണ്ടാക്കുന്നതെന്നാണ് സെക്സോളജിസ്റ്റുകൾ പറയുന്നത്. പങ്കാളികൾക്ക് ശരിയായ ലൈംഗികവിദ്യാഭ്യാസത്തിന്റെ അഭാവത്തിലേക്കാണ് ഇവ വിരൽചൂണ്ടുന്നതെന്നും അവർ പറയുന്നു.