Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വപ്നരതിയിലെ പനിനീർപ്പൂവുകൾ

dreaming

ഉറക്കത്തിന്റെ അഗാധതകളിലായിരുന്നു അവൾ. ചുറ്റും ഇരുട്ടാണ്. എങ്കിലും എവിടെ നിന്നോ ഒരു തുള്ളി പ്രകാശം കടന്നുവരുന്നു. ആ പ്രകാശവലയത്തിനുള്ളിൽ അവൾ വ്യക്തമായി കണ്ടു ഇഴഞ്ഞടുക്കുന്ന പാമ്പിനെ. അത് അവൾക്കടുത്തേക്കു വന്നു. തൊട്ടടുത്തു നിന്ന് പത്തി വിടർത്തി. താളാത്മകമായി ഉയർന്ന പാമ്പിന്റെ പത്തി എത്ര പെട്ടെന്നാണ് മനോഹരമായൊരു ശിൽപമായത്. അവൾക്ക് പേടി തോന്നിയില്ല. എന്നു മാത്രമല്ല ഒന്നുകൂടി ആ ദൃശ്യം കാണാനും താലോലിക്കാനും അവൾ ആഗ്രഹിക്കുകയും ചെയ്തു. പാമ്പെന്നു കേള്‍ക്കുമ്പോഴേ നിലവിളിച്ച് ഓടുന്ന പെൺകുട്ടിയാണു താൻ. എങ്കിലും എന്തുകൊണ്ട് ഇതുപോലൊരു സ്വപ്നം. അതും പാമ്പിനെ ഒട്ടും പേടിയില്ലാതെ, പിറ്റെന്ന് ഉണർന്നപ്പോൾ അവളുടെ നിശാവസ്ത്രങ്ങളിൽ പനിനീർ ദളങ്ങൾ അടർന്നു വീണിരുന്നു.

ഓരോ സ്വപ്നവും ഓരോ വ്യാഖ്യാനമാണെന്നു പറഞ്ഞത് മനഃശാസ്ത്രത്തിന്റെ പിതാവായ സിഗ്മണ്ട് ഫ്രോയ്സ്. ബോധ അബോധമനസ്സുകൾക്കിടയിലെ രാജവീഥിയായി അദ്ദേഹം ഓരോ സ്വപ്നത്തെയും വ്യാഖ്യാനിച്ചു. (The Interpretation of Dreams എന്ന പുസ്തകം) ആ വ്യാഖ്യാനങ്ങളില്‍ സ്വപ്നങ്ങൾക്കു കൂടുതലായും കൈവന്നത് ലൈംഗിക മാനങ്ങളായിരുന്നു. കാരണം ഓരോ സ്വപ്നത്തിനും വ്യാഖ്യാനം സാധ്യമാണെന്നും ആ വ്യാഖ്യാനങ്ങളിൽ ലൈംഗികതയ്ക്ക് പ്രമുഖമായ സ്ഥാനമുണ്ടെന്നും അദ്ദേഹം കണ്ടെത്തി.

ഒ‌രു മനുഷ്യന് സാക്ഷാത്കരിക്കാൻ കഴിയാത്ത ആഗ്രഹങ്ങളുടെ പുറത്തുവരലാണ് സ്വപ്നങ്ങൾ. ആഗ്രഹങ്ങൾ തലച്ചോറിലുണ്ടാക്കുന്ന  രാസപരിണാമങ്ങളുടെ അനന്തരഫലമാണ് സ്വപ്നങ്ങളെന്ന് സൈക്കോളജി– ടുഡേ പറയുന്നു (ഹാര്‍വാഡ് യൂണിവേഴ്സിറ്റി).

അബോധമനസ്സിലേക്കുള്ള ആറുവരിപ്പാതകളാണ് സ്വപ്നങ്ങൾ എന്നാണ് ഫ്രോയ്ഡ് വ്യാഖ്യാനിച്ചത്. ഓരോ സ്വപ്നവും  ഒന്നിലധികം സംഭവങ്ങളുടെ പ്രതീകാത്മകമായ ‍ചിത്രീകരണമാണെന്നും ആ ദൃശ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ചിഹ്നങ്ങൾ മറ്റു ചിലതിന്റെ രൂപകങ്ങളാണെന്നും വരുന്നു. അങ്ങനെ ഓരോ സ്വപ്നവും മറ്റൊരു ജീവിതത്തിന്റെ വ്യാഖ്യാനമാണ്. ആ ജീവിതമാകട്ടെ മനുഷ്യൻ അവബോധമനസിലും ഉപബോധമനസിലും കൊണ്ടുനടന്ന ആഗ്രഹങ്ങളുടെ പ്രതിഫലനമാകുന്നു. 

ഒരു സ്വപ്നത്തിന് എത്ര വ്യാഖ്യാനങ്ങളാവാം?

ഒന്നോ രണ്ടോ അല്ല അതിലധികം വ്യാഖ്യാനങ്ങൾ ആകാം എന്നു ഫ്രോയ്ഡ് പറഞ്ഞിട്ടുണ്ട്. അതിനുള്ള കാരണവും അദ്ദേഹം തന്നെ പറഞ്ഞു; കടലിൽ പൊങ്ങിക്കിടക്കുന്ന മഞ്ഞുമല പോലെയാണ് മനുഷ്യമനസ്സ്. ചെറിയൊരു ഭാഗം മാത്രമേ പുറത്തു കാണാൻ കഴിയു. ബാക്കിയെല്ലാം അബോധത്തിന്റെ കടലാഴങ്ങളിലാണ്. സ്വപ്നവ്യാഖ്യാനങ്ങളിൽ ഫ്രോയ്ഡ് പ്രാധാന്യം കൊടുത്തത് രതിചിന്തനങ്ങൾക്കു തന്നെയാണ്. കാരണം മനുഷ്യമനസ്സിൽ മറ്റേതൊരു ചിന്തയെക്കാളും യൗവന യുക്തമായത് രതിചിന്തകളാണെന്ന് ഫ്രോയ്ഡ് വിശ്വസിച്ചിരുന്നു. വിളഞ്ഞുപഴുത്ത ഒരു ഫലം പോലെ മൃദുവും ആർദ്രവും സാന്ദ്രവുമാണ് രതിയെക്കുറിച്ചുള്ള ചിന്തകളും എന്ന് അദ്ദേഹം വിശ്വസിക്കുകയും ആ ചിന്തയുടെ അടിസ്ഥാനത്തിൽ എല്ലാ സ്വപ്നങ്ങളെയും വ്യാഖ്യാനിക്കുകയും ചെയ്തു. ആഹാരം സ്വപ്നം കാണുന്ന ദരിദ്രയായ സ്ത്രീയിൽ പോലും രതിയുടെ വസന്തം അദ്ദേഹം കാണുന്നത് ആഹാരം കഴിച്ചതിനു ശേഷം അവളുടെ ശരീരത്തിൽ ഉന്മേഷം നിറയുമെന്നും ആ സമയത്ത് അവളിൽ രതി നിറയുമെന്നുമാണ്.

പിരിയൻ ഗോവണി അല്ലെങ്കിൽ കോണി (ഏണി) കയറിപ്പോകുന്നതായി സ്വപ്നം കാണുന്ന പെൺകുട്ടി ഫ്രോയ്ഡിയൻ വിശകലനത്തിൽ രതിയുടെ അന്ത്യയാമങ്ങളെയാണു ഓർമിപ്പിക്കുന്നത്. സർപ്പക്രീഡയുടെ ദൃശ്യങ്ങൾ സങ്കൽപിക്കുക, സർപ്പശരീരം ഉരുക്കുപോലെ ബലമുള്ളതാകും. കയറു പിരിയുന്നതുപോലെ പാമ്പുകൾ പിണയും. ശീൽക്കാരങ്ങൾ പുറപ്പെടുവിക്കും. രതി ഒരു രാത്രിയാണെന്നു സങ്കൽപിച്ചാൽ അവസാനത്തെ ആലിംഗനം ദുർബലമാകുന്നതുപോലെ രതിയും അണയും. ഇത് ഗോവണിയുടെ മാത്രം വ്യാഖ്യനാനമല്ല ഇരുട്ടിൽ ഭ്രമപ്പെടുത്തുന്ന ഒരു തുണ്ടു കയറോ പൊന്തക്കാട്ടിലേക്ക് ഇഴഞ്ഞുപോകുന്ന പാമ്പോ, മേഘങ്ങൾക്കിടയിലേക്ക് ഉയർന്നു പോകുന്നതോ, പടിയിറക്കമോ, കുന്നുകളുടെ വിദൂരമായ ദർശനമോ എന്തും ആകാം.

പുതിയ സ്വപ്നങ്ങൾ

ഫ്രോയ്ഡിയൻ സ്വപ്നവ്യാഖ്യാനങ്ങളെ ഇന്നത്തെ മനോലോകം അതേപടി സ്വീകരിക്കുന്നില്ല. ഇന്ന് സ്വപ്നങ്ങൾ ലൈംഗികതയുടെ മാത്രം ഉപോല്പന്നമായി കാണുന്നുമില്ല. പുതിയ ലോകത്ത് ലൈംഗികതയും അതുമായി ബന്ധപ്പെട്ടു വരുന്ന ദൃശ്യശ്രവ്യ ധാരാളിത്തവും ഒരു പരിധി വരെ മാനുഷികമായ വികാരതൃഷ്ണകളെ തണുപ്പിക്കാൻ പര്യാപ്തമാണ്. എന്നാൽ വ്യക്തിനിഷ്ഠമായ ആഗ്രഹങ്ങളുടെ തള്ളൽ  ഒട്ടും കുറയുന്നുമില്ല.

ജീവിതസാഹചര്യങ്ങൾ പക്ഷേ ഒരാളെ ലൈംഗികസ്വപ്നങ്ങള്‍, ആഗ്രഹങ്ങൾ, ആത്മസംതൃപ്തി കണ്ടെത്തൽ തുടങ്ങിയ സുഖശുശ്രൂഷകളെ മാത്രം ആശ്രയിച്ചു നിൽക്കാന്‍ അനുവദിക്കുന്നില്ല. ലൈംഗികതയോടൊപ്പം തന്നെ ആഹാരം, വസ്ത്രം, പാർപ്പിടം, യാത്രകൾ, ജോലി, വരുമാനം, ബിസിനസ്, വാഹനം, രോഗം ബന്ധങ്ങൾ, ബാധ്യതകൾ തുടങ്ങി ഒരു ശരാശരി വ്യക്തിയെ നിരന്തരമായി സ്വാധീനിക്കുന്ന ഒന്നിലധികം ഘടകങ്ങൾ സ്വപ്നത്തിലേക്കു കടന്നുവരും.

ആധുനിക പഠനങ്ങള്‍ പറയുന്നത് സ്വപ്നസമയത്ത് ശരീരം ശാന്തമായ അവസ്ഥയിൽ ആയിരിക്കില്ലെന്നും വാഹനമോടിക്കുമ്പോഴോ, പഠിക്കുമ്പോഴോ ശരീരം പ്രവർത്തിക്കുന്നതിനു തുല്യമായയ അവസ്ഥയിൽ ശരീരം പ്രവർത്തിക്കുകയാണെന്നുമാണ്. ഹൃദയമിടിപ്പ്, രക്തസമ്മർദം, തലച്ചോറിലേക്കുള്ള രക്തപ്രവാഹം തുടങ്ങിയവ വർധിക്കുന്നു. ലൈംഗിക സ്വപ്നങ്ങളുടെ സമയത്ത് ലൈംഗികാവയവങ്ങൾ ഉത്തേജിക്കപ്പെടുന്നു. ഇതിൽ നിന്നു വ്യക്തമാകുന്നത് സ്വപ്നം തലച്ചോറിനുള്ളിൽ മാത്രം നടക്കുന്ന അനുഭൂതിയല്ല ശരീരമാകെ പങ്കെടുക്കുന്ന ഒരു ആഘോഷമാണെന്നാണ്.

ഫ്രോയ്ഡിനു ശേഷം സ്വപ്നങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ ധാരാളമായി നടന്നിട്ടുണ്ട്. എന്നാൽ സ്വപ്നങ്ങളിൽ അബോധമനസ്സിനുള്ള സ്ഥാനം നിഷേധിക്കപ്പെട്ടിട്ടില്ല.  ഏറ്റവും ആധുനികമായ സ്വപ്ന നിരീക്ഷണങ്ങൾ ഡോ. സി. ജി. യുങ് (Dr. C. G. Jung) നടത്തിയിട്ടുണ്ട്. അദ്ദേഹം സ്വപ്നത്തിന്റെ അബോധാത്മകത ചൂണ്ടിക്കാട്ടിയ ആളാണ്. തലച്ചോറിനുള്ളിൽ സംഭരിക്കപ്പെടുന്ന ഇലക്ട്രിക് എനർജിയുടെ ഉത്തേജനമാണ് സ്വപ്നങ്ങളായി പുറത്തുവരുന്നത് എന്ന നിരീക്ഷണം ‌സി. ജി. യുങ് മുന്നോട്ടു വച്ചിട്ടുണ്ട്.

രതി രൂപകങ്ങള്‍

ശരാശരി മനുഷ്യബോധത്തിലേക്ക് ഒരു ദിവസം കടന്നുവരുന്ന രതിരൂപങ്ങൾ ആയിരത്തിേറെയാണ്. അത് ദൃശ്യമാകാം, ശബ്ദമാകാം, സങ്കൽപമാകാം, ഗന്ധമാകാം, സ്പർശമാകാം, പഞ്ചേന്ദ്രിയങ്ങളുടെ ഏത് അവസ്ഥയും രതിയുടെ രൂപമാകാം. അതുകൊണ്ടു തന്നെ ബോധമനസ്സിന്റെ ആഴങ്ങളിലേക്ക് ഈ ചിന്തകൾ കടന്നുപോവുകയും മണ്ണിനടിയിൽ വെള്ളം കെട്ടിനിൽക്കുന്നതുപോലെ ഈ രതിരൂപകങ്ങൾ കെട്ടിനിൽക്കുകയും ചെയ്യും. ആധുനിക മനഃശാസ്ത്രവും അംഗീകരിക്കുന്നുണ്ട്  യാഥാർഥ്യം.

ഈ രതിരൂപങ്ങൾ രണ്ടു രീതിയിൽ പുറത്തുവരാം. ഒന്ന് അസംതൃപ്ത ലൈംഗികതയയും രണ്ട് ലൈംഗികാനുഭൂതിയായും.. അസംതൃപ്ത ലൈംഗികതയുടെ ബാക്കിഭാഗം ഉപബോധമനസ്സിലേക്ക് കഠിനമായി സംഭരിക്കപ്പെടുന്നു. ഈ നിറകുടങ്ങളാണ് പിന്നീട് എപ്പോഴൊക്കെയോ തുളുമ്പിപ്പോകുന്നത്. അനുവാദമില്ലാതെയുള്ള ഈ ഒഴുകിയിറങ്ങൽ ആണിലും പെണ്ണിലും സംഭവിക്കാം ആണുങ്ങളിൽ ഇതിനെ സ്വപ്നസ്ഖലനം എന്നു വിളിക്കുന്നു.

സ്വപ്നസ്ഖലനത്തിൽ സ്വപ്നം രതിയുമായി ബന്ധപ്പെട്ടതാകണം എന്നില്ല. നേരത്തെ പറഞ്ഞതുപോലെ മേഘങ്ങൾക്കിടയിലൂടെയുള്ളതാകാം., പിരിയൻ ഗോവണികയറ്റമോ ആകാം. അതല്ലെങ്കിൽ ഉള്ളിൽ ആഗ്രഹിക്കപ്പെടുന്ന സൗന്ദര്യധാമങ്ങളാകാം. അത് നടികളോ പാട്ടുകാരോ സുഹൃത്തോ ആരുമാവാം. ഒരു സ്പർശം മതി ചില നീരുറവകൾ പൊട്ടിയൊഴുകാൻ.

സ്വപ്നമൂർച്ഛകൾ

സ്വപ്നസ്ഖലനങ്ങളെക്കാൾ ആയിരം മടങ്ങ് അനുഭൂതിയാണ് സ്വപ്നമൂർച്ഛയിൽ സ്ത്രീ അനുഭവിക്കുന്നത്. യഥാർഥത്തിൽ അനുഭൂതിയുടെ മഞ്ഞുമല സ്ത്രീക്കു മാത്രം അവകാശപ്പെട്ടതാണ്. ഉൾവികാരങ്ങളുടെ കടലില്‍ അവൾ അനുഭൂതികൾ ഒളിപ്പിച്ചു വയ്ക്കുന്നു. പുരുഷൻ പ്രാകൃതമായ സ്വപ്നങ്ങളിലൂടെ സായൂജ്യമടയുമ്പോള്‍ സ്ത്രീയുടെ അനുഭൂതികൾ നിറവും മണവും നിറഞ്ഞതാണ്. ഇഷ്ടപുരുഷനിൽ നിന്ന് ഒരു പൂവ് സ്വീകരിക്കുന്ന സ്വപ്നത്തിനിടയിലാവും അവൾ നിഗൂഢമായ രതിയുടെ ആഴക്കടലിൽ മുങ്ങിത്താഴുന്നത്. പഴയകാലം മുതൽ ഇന്നോളം മനോലോകം ഒരു കാര്യം സമ്മതിക്കുന്നു, സ്ത്രീവികാരങ്ങളുടെ ആഴക്കടലുകൾ അത്ഭുതങ്ങൾ നിറഞ്ഞതാണ്.

പെൺസ്വപ്നങ്ങള്‍ പലപ്പോഴും ലളിതമായ ചുറ്റുപാടുകളിൽ നിന്നാകാം. അവ നേർരേഖ പോലെ ലാളിത്യം നിറഞ്ഞതും നിറഭേദങ്ങൾ കൊണ്ട് ആകർഷകവുമാവാം. സ്വപ്നത്തിൽ കൈത്തണ്ടയിൽ ഒരു കുപ്പിവളയുടയുമ്പോൾ, കൈവെള്ളയിൽ ഒരു റോസാമുള്ളു കൊള്ളുമ്പോൾ, കൺമഷി കലങ്ങുമ്പോൾ, കവിളിൽ ചായം പടരുമ്പോൾ സ്ത്രീയിൽ മൂർച്ഛ സംഭവിക്കാം. അതിനു മുമ്പൊരു ഒരുക്കമുണ്ട്. ഇഷ്ടപുരുഷസംഗമത്തിനുള്ള വേദിയൊരുക്കൽ. ചിലപ്പോഴത് ദീർഘമായൊരു യാത്രയാകാം. മറ്റുചിലപ്പോൾ പൊതു സ്ഥലത്തെ കണ്ടുമുട്ടലാകാം. ഏതുതരം സ്വപ്നമായാലും അതിൽ ഒരു അടക്കവും ഒതുക്കവും ഉണ്ടാകും. സ്ത്രീകളിൽ അതും ഒരത്ഭുതമാണ്.

ബലാത്സംഗം ചെയ്യപ്പെട്ടെങ്കിൽ?

ഉള്ളിൽ ആഗ്രഹിക്കപ്പെടുന്ന ലൈംഗികതയും യഥാർഥജീവിതത്തിൽ ഉണ്ടാകുന്ന ലൈംഗികതയും തമ്മിലുള്ള അന്തരമാണ് പലപ്പോഴും ലൈംഗിക സ്വപ്നങ്ങളായി പുറത്തുവരുന്നത്. വിവാഹിതർക്കിടിയിൽ പോലും ഉണ്ടാകുന്ന ലൈംഗിക അസംതൃപ്തിയും അതുമായി ബന്ധപ്പെട്ടുവരുന്ന പ്രശ്നങ്ങളും കുടുംബകോടതി പോലും  പരാമർശിക്കപ്പെട്ട വിഷയമാണ്.

ലൈംഗികതയും വികാരങ്ങളും അടിച്ചമർത്തുന്നതിന് അനുസൃതമായി സ്വപ്നങ്ങളിലൂടെ അവ പൊട്ടിത്തെറിക്കുകയും ചെയ്യും. അതുകൊണ്ടാണ് ജീവിതത്തിൽ ഒരിക്കലെങ്കിലും താൻ ബലാത്സംഗം ചെയ്യപ്പെടുന്നതായി സ്വപ്നം കാണുന്ന സ്ത്രീകൾ വളരെ കൂടുതൽ ആണെന്ന് മനശാസ്ത്രജ്ഞർ പറയുന്നത്. ഈ ബലാത്സംഗ സ്വപ്നങ്ങൾ പലരെയും കുറ്റബോധത്തിലേക്കും ചിലരെയെങ്കിലും അത് പ്രായച്ഛിത്ത മനോഭാവത്തിലേക്കു നയിക്കുകയും ചെയ്യുന്നു.

മലയാളിയുടെ സ്വപ്നരതികള്‍

അടിച്ചമർത്തപ്പെടുന്ന മനോവികാരങ്ങൾ ശാരീരികരോഗങ്ങളായി പുറത്തു വരുന്നു എന്ന ആദ്യകാല സിദ്ധാന്തം ഇക്കാലത്തും പ്രസക്തമാണ്. ആധുനിക മനഃശാസ്ത്രം പറയുന്നു, ഒരു വ്യക്തിയിൽ കണ്ടുവരുന്ന ചെറിയ ചെറിയ ശാരീരിക അസ്വാസ്ഥ്യങ്ങളുടെ അടിസ്ഥാനകാരണം  കൊച്ചു കൊച്ചു മാനസികാസ്വാസ്ഥ്യങ്ങളാണെന്ന് കേരളത്തിൽ നടന്ന പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന ആരോഗ്യ വകുപ്പിനു കീഴിലുള്ള  മെന്റൽ ഹെൽത് ക്ലിനിക്കുകൾ നടത്തിയ പഠനത്തിൽ കേരളത്തിൽ ഇത്തരം അസ്വാസ്ഥ്യങ്ങൾ കൂടിവരുന്നതായി കണ്ടെത്തി. ഇതിനർഥം സ്വപ്നങ്ങൾ വെറും സ്വപ്നങ്ങൾ അല്ലെന്നും മനസ്സ് എന്ന മാന്ത്രിക കൂടാരത്തിനകത്തു നടക്കുന്ന അതിസങ്കീർണമായ കലാപരിപാടികളുടെ പുനഃസംപ്രേക്ഷണം ആണെന്നുമാണ്.

വർത്തമാന മലയാള ജീവിതത്തിൽ സ്വപ്നരതിയുടെ സ്ഥാനം എവിടെയാണ്? ഓരോ വ്യക്തിയും അവനവന്റെ തന്നെ സ്വപ്നങ്ങളെ വ്യാഖ്യാനം ചെയ്യുകയാണെങ്കിൽ ഫ്രോയ്ഡ് പറഞ്ഞത് എന്തുമാത്രം യാഥാർഥ്യമാണെന്ന് മനസ്സിലാക്കാം. ഇരുപതാം നൂറ്റാണ്ടിലെ ഓസ്ട്രേലിയയിലെ സാമൂഹിക സദാചാര ജീവിതമായിരുന്നു ഫ്രോയ്ഡ് പഠനവസ്തുവായി കൂടുതൽ ആശ്രയിച്ചിരുന്നതെങ്കിൽ ഇന്നത്തെ മലയാളിയുടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടു ജീവിതവും ആ പഠനകാലത്തിനു സമാനമാണ്. അതായത് സമൂഹത്തിൽ ഭൂരിപക്ഷത്തിനിടയിൽ നിന്ന് പട്ടിണി മാറുകയും സാമാന്യം ഭേദപ്പെട്ട പാർപ്പിടം. സാമൂഹ്യസുരക്ഷ, ജീവിതസാഹചര്യം, തൊഴിൽ സുരക്ഷ തുടങ്ങിയവ ഉണ്ടാവുകയും ചെയ്തു. ഈ അർഥത്തിൽ സുരക്ഷിതനായ മലയാളിയുടെ സുഖതൃഷ്ണയാണ് ഇന്ന് വരുന്ന വാർത്തകൾക്കു പിന്നിലുള്ളത്. അങ്ങനെ നോക്കുമ്പോൾ ലജ്ജിപ്പിക്കുന്ന ലൈംഗിക സ്വപ്നങ്ങളുടെ നാടാണ് കേരളം എന്നു പറയേണ്ടി വരും.

സാക്ഷാത്കരിക്കാൻ കഴിയാത്ത ആഗ്രഹങ്ങളുടെ ബഹിർസ്ഫുരമാണ് സ്വപ്നങ്ങൾ. നമ്മുടെ അബോധമനസ്സിലെ അഭിലാക്ഷങ്ങളുടെ പ്രതിനിധികളാണ് സ്വപ്നങ്ങൾ. ഓരോ സ്വപ്നവും ഓരോ ആഗ്രഹത്തെ പരോക്ഷമായി പ്രതിനിധാനം ചെയ്തുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് സ്ത്രീകൾ പോലും അവരവരുടെ ജീവിതത്തിൽ ഒരു രഹസ്യപൂന്തോട്ടത്തെ നട്ടു നനയ്ക്കുന്നത്.

എന്റെ രഹസ്യ പൂന്തോട്ടങ്ങൾ‌

സ്ത്രീ സ്വപ്നങ്ങളുടെയും അനുഭൂതിയുടെയും തുറന്നെഴുത്തായിരുന്നു നാൻസി ഫ്രെയ്ഡയുടെ ‘മൈ സീക്രട്ട് ഗാർഡൻ’ എന്ന പുസ്തകം സ്ത്രീകൾ അവരുടെ രഹസ്യ ജീവിതത്തെ തുറന്നെഴുതിയ ആ പുസ്തകത്തിൽ ഏറ്റവും കൂടുതൽ പേരും ജീവിതത്തിൽ രതിസ്വപ്നങ്ങൾ കണ്ടതായും ആ സ്വപ്നങ്ങളിലൂടെ പലരും അനുഭൂതി അനുഭവിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്. സ്വപ്നരതി പലരെയും രതിമൂർച്ഛയിലേക്കു കൊണ്ടുപോയതായി ആ രഹസ്യപൂന്തോട്ടങ്ങൾ വ്യാഖ്യാനിക്കുന്നു. ഇവിടെ ബിംബവത്കൃതമായ രതി ചിഹ്നങ്ങളിലൂടെയല്ല സ്ത്രീകൾ യാത്ര ചെയ്യുന്നത്. ഇഷ്ടപ്പെട്ട പുരുഷന്റെ നഗ്നശരീരത്തിലൂടെയാണ്.

സ്വപ്നരതിയിലെ കുറ്റബോധം

സ്വപ്നരതി പലപ്പോഴും കടുത്ത കുറ്റബോധത്തിലേക്കു തള്ളിവിടാം. മിക്കപ്പോഴും നിയതമായ സദാചാര ചട്ടക്കൂടുകൾക്ക് അകത്ത് ജീവിച്ചു വരുന്നവരുടെ ഉള്ളിലുണ്ടാകുന്ന ലൈംഗിക സംഘർഷങ്ങൾ പലപ്പോഴും സ്വപ്നമായി കടന്നുവരാം. അതും രതിമൂർച്ഛയോളം പോരുന്ന സ്വപ്നങ്ങൾ. ആ സ്വപ്നങ്ങളാണ് പിന്നീട് കുറ്റബോധത്തിലേക്കു നയിക്കുന്നത്.

വിവരങ്ങൾക്കു കടപ്പാട്

ഡോ. കെ. ഗിരീഷ്

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

തിരുവനന്തപുരം