വിവാഹമോചനവും കുട്ടികളും: പിരിയും മുൻപ് രക്ഷിതാക്കൾ അറിയേണ്ടത്

ലോകത്ത് വിവാഹമോചനം നേടുന്നവരുടെ എണ്ണം കൂടുകയാണ്. വിവാഹ ജീവിതത്തിലെ ദുഃസ്വപ്നമാണ് ‘ഡിവോഴ്സ്’ എന്ന വാക്ക്. എന്നാൽ ആധുനിക ജീവിത ശൈലിയിൽ മിക്ക വിവാഹങ്ങൾക്കും ആയുസ്സ് കുറവാണ്. വിവാഹമോചിതരുടെ എണ്ണം വർധിക്കുന്നുവെന്നതു സങ്കടകരംതന്നെ.

കുട്ടികളുടെ ശാരീരികവും മാനസികവുമായ സൗഖ്യത്തെ ദോഷകരമായി ബാധിക്കും എന്നതു കൊണ്ടു തന്നെ കുട്ടികളുള്ള ദമ്പതിമാരിൽ വിവാഹമോചനത്തിന്റെ പരിണിത ഫലങ്ങൾ കൂടുതൽ കഠനിമാകും. വിവാഹമോചനത്തിന് ഒരുങ്ങും മുൻപ് രക്ഷിതാക്കളായ ദമ്പതികൾ അറിയേണ്ടതും ആലോചിക്കേണ്ടതുമായ ചില പ്രധാന ഘടകങ്ങൾ ഇതാ.

വിവാഹമോചിതരായ ദമ്പതിമാരുടെയും കുട്ടികളുടെയും, സന്തോഷകരമായി വിവാഹ ജീവിതം നയിക്കുന്ന രക്ഷിതാക്കളുടെ കുട്ടികളെയും താരതമ്യപ്പെടുത്തി നടന്ന ഗവേഷണങ്ങളിൽ കണ്ടത്.

∙ വിവാഹമോചിതരുടെ കുട്ടികൾ വിദ്യാഭ്യാസ രംഗത്ത് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നു. ഗണിതത്തിലും സാമൂഹ്യ നൈപുണിയിലും അവർ വളരെ പുറകിലാണ്.

∙ വിവാഹമോചിതരുടെ കുട്ടികൾക്ക് ഉയർന്ന തോതിൽ പെരുമാറ്റ പ്രശ്നങ്ങൾ ഉണ്ട്.

∙ വിവാഹജീവിതം നയിക്കുന്ന രക്ഷി‌താക്കളുടെ കുട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ വിവാഹമോചിതരുടെ കുട്ടികൾ ഉത്കണ്ഠാകുലരും ഒറ്റപ്പെട്ടവരും ദുഃഖിതരും സ്വാഭിമാനം  വളരെ കുറഞ്ഞവരും ആണെന്നു കണ്ടു.

∙ വിവാഹമോചിതരുടെ കൗമാരക്കാരായ കുട്ടികൾ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരാണ്. ഇവരുടെ പ്രയത്തിലെ മറ്റു കുട്ടികളെ അപേക്ഷിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള സാധ്യതയും വളരെ കൂടുതൽ ആണെന്നു കണ്ടു.

∙ വിവാഹമോചിതരുടെ കുട്ടികൾക്ക് ഇടയ്ക്കിടെ അസുഖങ്ങൾ ബാധിക്കുന്നതായും വളരെ സാവധാനം മാത്രം രോഗവിമുക്തി നേടുന്നതായും കണ്ടു.

കുട്ടികളുെട ആരോഗ്യത്തെ വിവാഹമോചനം എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് അടുത്തിടെ ഒരു പഠനം നടന്നു. അതിൽ കണ്ടത് വേർപിരിഞ്ഞു താമസിക്കുന്ന രക്ഷിതാക്കളുടെ കുട്ടികൾക്ക് അണുകുടുംബങ്ങളിൽ ജീവിക്കുന്ന കുട്ടികളെ അപേക്ഷിച്ച് ഉദരരോഗങ്ങൾ, മൂത്രസംബന്ധായ രോഗങ്ങൾ, ചർമരോഗം, നാഡീസംബന്ധമായ പ്രശ്നങ്ങൾ ഇവയ്ക്കുള്ള സാധ്യത ഇരട്ടി ആണെന്നാണ്.

രക്ഷിതാക്കൾ പിരിഞ്ഞതു മാത്രമല്ല, സാഹചര്യങ്ങളെ വേണ്ട രീതിയിൽ കൈകാര്യം ചെയ്യാൻ രക്ഷിതാക്കള്‍ക്കുള്ള കഴിവില്ലായ്മ കൂടിയാണ് കുട്ടികളുടെ ആരോഗ്യത്തിന് ദോഷം ചെയ്യുന്നതെന്ന് യൂറോപ്യൻ ജേണൽ ഓഫ് എഡ്യുക്കേഷൻ ആൻഡ് സൈക്കോളജിയിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.