പ്ലാസ്റ്റിക് കുപ്പികള്‍ നിങ്ങളെ രോഗിയാക്കും

വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതു തന്നെ എന്നാൽ പ്ലാസ്റ്റിക് കുപ്പികളിലാണു കുടിക്കുന്നത് എങ്കിലോ? ഡിസ്പോസിബിൾ ബോട്ടിലുകൾ വീണ്ടും വീണ്ടും ഉപയോഗിക്കുന്നവർ ധാരാളം ഉണ്ട്. എന്നാൽ ഈ ശീലം നിങ്ങളെ രോഗിയാക്കും എന്നറിയാമോ?

ട്രെഡ്മിൽ റിവ്യൂസ് നടത്തിയ പഠനഫലം നമ്മളെ ഞെട്ടിക്കും. ഒരാഴ്ച തുടർച്ചയായി ഒരു അത്‌ലറ്റ് ഉപയോഗിച്ച വെള്ളക്കുപ്പി ലാബിൽ പരിശോധിച്ചു.  ഒരു സെ. മീറ്റർ സ്ക്വയറിൽ ഒൻപതുലക്ഷം ബാക്ടീരിയ കോളനി ഉള്ളതായി പരിശോധനയിൽ കണ്ടു. ശരാശരി ഒരു ടോയ്‌ലറ്റ് സീറ്റിൽ ഉള്ളതിനെക്കാൾ അധികമാണിത് എന്നോർക്കണം? ഈ വെള്ളകുപ്പികളിൽ കണ്ട 60 ശതമാനം ബാക്ടീരിയകളും മനുഷ്യനെ രോഗിയാക്കും.

പ്ലാസ്റ്റിക് കുപ്പികൾ ഉണ്ടാക്കാൻ ഉപയോഗിച്ചിരിക്കുന്നതു ബിസ്ഫെനോൾ എന്ന രാസവസ്തു ആണ്. ഇതു ലൈംഗിക ഹോർമോണുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. പ്ലാസ്റ്റിക് കുപ്പികളിൽ അടങ്ങിയ രാസവസ്തുക്കൾ മനുഷ്യ ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും ബാധിക്കും.

അണ്ഡോൽപ്പാദനത്തെ ബാധിക്കുകയും ഹോർമോൺ തകരാറു മൂലം പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം, എൻഡോമെട്രിയോസിസ്, സ്തനാർബുദം ഇവയ്ക്കു കാരണമാകുകയും ചെയ്യും.

ബിസ്ഫെനോൾ എ (BPA) അന്തഃസ്രാവി ഗ്രന്ഥികളെ ബാധിക്കുന്നു. സ്തനാർബുദം, ഹൃദ്രോഗം, ജനിതക വൈകല്യങ്ങൾ ഇവയ്ക്കെല്ലാം ബി. പി. എ. കാരണമാകാം എന്നതിനാൽ ഇത് നിരോധിക്കേണ്ടതാണെന്നു റിവ്യൂ പറയുന്നു.

രോഗം വരാതിരിക്കാൻ എന്തു ചെയ്യണം? ഉത്തരം ലളിതമാണ്. ഡിസ്പോസിബിൾ ബോട്ടിലുകൾ വീണ്ടും വീണ്ടും ഉപയോഗിക്കാതിരിക്കുക. ഒരു തവണ മാത്രം അവയിൽ നിന്ന് വെള്ളം കുടിച്ച ശേഷം റീസൈക്കിൾ ചെയ്യുക. ബി പി എ രഹിത പ്ലാസ്റ്റിക് കുപ്പികൾ വാങ്ങാൻ ശ്രമിക്കുക. പ്ലാസ്റ്റിക്കിനു പകരം സ്റ്റെയിൻലെസ്സ് സ്റ്റീലോ ഗ്ലാസ് കുപ്പികളോ ഉപയോഗിക്കുക.

Read more : Health and Wellbeing